ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഓരോ മൂന്ന് കിലോമീറ്ററിലും സ്ഥാപിക്കാന്‍ നിര്‍ദേശം

ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഓരോ മൂന്ന് കിലോമീറ്ററിലും സ്ഥാപിക്കാന്‍ നിര്‍ദേശം

ചാര്‍ജിംഗ് സംവിധാനം ഒരുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ആവശ്യമായ ഭൂമി പാട്ടത്തിന് നല്‍കും

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌സിറ്റികളിലും 10 ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള വന്‍ നഗരങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഓരോ മൂന്നു കിലോമീറ്റര്‍ പരിധിയിലും ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേഷം. തിരക്കേറിയ ദേശിയ പാതകളില്‍ ഓരോ 50 കിലോമീറ്ററിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സുപ്രധാന ആവശ്യമായ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളും മുനിസിപ്പല്‍ അതോറിറ്റികളില്‍ നിന്നും ആവശ്യമായ ഭൂമിയും ലഭ്യമാക്കാനാണ് നീക്കം.

‘ 30,000 സ്ലോ ചാര്‍ജിംഗ് സ്‌റ്റേഷനുകളും 15,000 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും ഘട്ടം ഘട്ടമായി അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ സജ്ജീകരിക്കേണ്ടതുണ്ട്. നഗരങ്ങളിലെ ഓരോ മൂന്ന് കിലോമീറ്ററിനുള്ളിലും രണ്ട് ഹൈ ചാര്‍ജ് പോയ്ന്റുകളും ഒരു ഫാസ്റ്റ് ചാര്‍ജിംഗ് പോയ്ന്റും ഉണ്ടായിരിക്കണം. അതുപോലെ െൈഹവേകളിലെ ഓരോ 50 കിലോമീറ്ററിനുള്ളിലും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഉണ്ടായിരിക്കണം’, സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഭൂമി പ്രാദേശിക അതോറിറ്റികളുമായും വൈദ്യുതി വിതരണ സംവിധാനങ്ങളുമായും കൂടിയാലോചിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാട്ടത്തില്‍ നല്‍കാനാണ് തീരുമാനം. എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ് തുടങ്ങിയ പൊതു മേഖലാ ഊര്‍ജ കമ്പനികള്‍ നിര്‍ദ്ദിഷ്ട നഗരങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കും. ഈ പദ്ധതിയുടെ നടത്തിപ്പിന് പൊതുമേഖലാ കമ്പനികള്‍ക്ക് സബ്‌സിഡികള്‍ നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ എന്‍ടിപിസി ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ഹൈദരാബാദിലെ മൂച്ചക്ര വാഹനങ്ങള്‍ക്കും ഇ കാറുകള്‍ക്കും വേണ്ടി മെട്രോ സ്‌റ്റേഷനുകളില്‍ ചാര്‍ജിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് എല്‍ ആന്‍ഡ് ടി മെട്രോ റെയ്‌ലു (ഹൈദരാബാദ്)മായി പവര്‍ ഗ്രിഡ് കോര്‍പ് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. എല്ലാ മെട്രോ റെയ്ല്‍ ഇടനാഴികളിലും ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജമാക്കാന്‍ പദ്ധതിയുണ്ടെന്നാണ് പവര്‍ ഗ്രിഡ് വ്യക്തമാക്കുന്നത്.

വാഹന നിര്‍മാതാക്കളായ മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒല, യുബര്‍, സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy