സോജി ലാ തുരങ്ക പാതയുടെ നിര്‍മാണത്തിന് ശനിയാഴ്ച തുടക്കമാകും

സോജി ലാ തുരങ്ക പാതയുടെ നിര്‍മാണത്തിന് ശനിയാഴ്ച തുടക്കമാകും

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ (ബൈ ഡയറക്ഷണല്‍) തുരങ്ക പാതയായിരിക്കും ഇത്

ന്യുഡെല്‍ഹി: കശ്മീര്‍-ലഡാക്ക് പാതയിലെ സോജി ലാ പാസ് തുരങ്ക പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും. കശ്മീര്‍-ലഡാക്ക് റൂട്ടില്‍ ഏത് കാലാവസ്ഥയിലും സഞ്ചാരയോഗ്യമായിട്ടുള്ള തുരങ്കപാതയായിരിക്കും സോജി ലാ പാസില്‍ തുറക്കുന്നത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ (ബൈ ഡയറക്ഷണല്‍) തുരങ്ക പാതയായിരിക്കും ഇതെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്.

14.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മിക്കുന്ന പാതയ്ക്ക് 6,809 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. 2026ഓടെ തുരങ്ക പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ, ശ്രീനഗറില്‍ നിന്നും ലേ ടൗണ്‍ വരെയുള്ള ഹൈവേയില്‍ മറ്റൊരു തുരങ്ക പാതയുടെ നിര്‍മാണവും നടക്കുന്നുണ്ട്. 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മിക്കുന്ന ഈ പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ സോജില പാസ് വഴിയുള്ള 14.2 കിലോമീറ്റര്‍ ദൂരം താണ്ടുന്നതിന് മൂന്ന് മണിക്കൂര്‍ സമയമാണ് എടുക്കുന്നത്. തുരങ്ക പാത തുറക്കുന്നതോടെ 15 മിനുറ്റിനുള്ളില്‍ ഈ ദൂരം കീഴടക്കാന്‍ യാത്രക്കാര്‍ക്ക് കഴിയും. ഹൈടെക് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉള്‍പ്പെടെ ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങളെല്ലാം തുരങ്ക പാതയ്ക്കുള്ളിലുണ്ടാകും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ക്ക് ഈ റൂട്ടില്‍ സഞ്ചരിക്കാനാകും. സോജില പാത വഴി തുരങ്ക പാത തുറക്കുന്നതിനുള്ള സാധ്യത തേടികൊണ്ട് 1997ലാണ് ഇന്ത്യന്‍ ആര്‍മി ആദ്യം സര്‍വേ നടത്തിയത്. 1999ല്‍ കാര്‍ഗില്‍ യുദ്ധത്തിനുശേഷമാണ് പദ്ധതി യഥാര്‍ത്ഥത്തില്‍ ആസൂത്രണം ചെയ്തുതുടങ്ങിയത്.

Comments

comments

Categories: Slider, Top Stories