2030-ാടെ ലോകാരോഗ്യ സംഘടന കൃത്രിമ കൊഴുപ്പ് ഒഴിവാക്കും

2030-ാടെ ലോകാരോഗ്യ സംഘടന കൃത്രിമ കൊഴുപ്പ് ഒഴിവാക്കും

ജനീവ: വ്യാവസായികമായി നിര്‍മിച്ച കൃത്രിമ കൊഴുപ്പ് (transfat) അടങ്ങിയ ഭക്ഷണം ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നതു ദീര്‍ഘകാലമായി കേള്‍ക്കുന്ന കാര്യമാണ്. കൃത്രിമ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കൂടുതല്‍ ഉപഭോഗം ചെയ്യുന്തോറും LDL കൊളസ്‌ട്രോള്‍ നില ഉയരും. ഇതാകട്ടെ ഹൃദയസംബന്ധിയായ അസുഖങ്ങളിലേക്കും നയിക്കും. ട്രാന്‍സ് ഫാറ്റ് അടങ്ങിയ ആഹാരക്രമത്തിലൂടെ ഹൃദയസംബന്ധമായ അസുഖം വരാനുള്ള സാധ്യത 21 ശതമാനമാണ്. മരണം 28 ശതമാനവും. ലോകാരോഗ്യ സംഘടനയുടെ കണക്ക്പ്രകാരം ട്രാന്‍സ് ഫാറ്റ്, ഹൃദയസംബന്ധമായ അസുഖത്തിനു കാരണമാകുന്നുണ്ടെന്നും അത് അഞ്ച് ലക്ഷത്തിലധികം പേരുടെ മരണത്തിനു ഇടയാക്കുന്നുണ്ടെന്നുമാണ്.

ട്രാന്‍സ് ഫാറ്റിന്റെ ദോഷം മനസിലാക്കിയ നിരവധി വികസിത രാജ്യങ്ങള്‍ അവ ഭക്ഷണത്തില്‍നിന്നും ഒഴിവാക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. ഡെന്‍മാര്‍ക്കില്‍ ട്രാന്‍സ് ഫാറ്റ് ഭക്ഷണം നിരോധിച്ചിട്ടുണ്ട്. അവിടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറവാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയും ഡെന്മാര്‍ക്കിന്റെ പാതയിലൂടെ സഞ്ചരിക്കാനൊരുങ്ങുകയാണ്. പ്രാഥമിക ഘട്ടത്തില്‍, 2022-ാടെ ട്രാന്‍സ് ഫാറ്റ് ഒഴിവാക്കാനുള്ള നടപടികളുമായി മുന്നേറുകയാണ് ഇന്ത്യ. ഇതുസംബന്ധിച്ച തീരുമാനം ഈ വര്‍ഷം ജനുവരിയില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) എടുക്കുകയുണ്ടായി.

സാധാരണയായി ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് പ്രകൃതിദത്തമായ കൊഴുപ്പ് പാലിലൂടെയും മറ്റ് ആഹാരക്രമത്തിലൂടെയും പ്രവേശിക്കുന്നുണ്ടെങ്കിലും വറുത്ത ഭക്ഷണങ്ങള്‍, സ്‌നാക്‌സ് എന്നിവയിലൂടെ കൂടുതലും കൃത്രിമ കൊഴുപ്പാണു ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ട്രാന്‍സ് ഫാറ്റ് അഥവാ കൃത്രിമ കൊഴുപ്പ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്, രുചി വര്‍ധിപ്പിക്കുവാനും, ഭക്ഷണം ദീര്‍ഘകാലത്തേയ്ക്കു കേടുകൂടാതെ നിലനിര്‍ത്തുവാനമൊക്കെയാണ്. എന്നാല്‍ ഇവ ശരീരത്തിനു ചെയ്യുന്ന ദോഷം നിസാരമല്ല. ഹൃദയസംബന്ധമായ അസുഖങ്ങള്‍, സ്‌ട്രോക്ക്, ഹൈപ്പര്‍ ടെന്‍ഷന്‍, അമിത വണ്ണം തുടങ്ങിയവ ട്രാന്‍സ് ഫാറ്റ് സമ്മാനിക്കുന്ന ചില അസുഖങ്ങളാണ്. ആരോഗ്യപരമായ ഈ പ്രശ്‌നത്തെ നേരിടാന്‍ തീരുമാനിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

2030-ാടെ കൃത്രിമ കൊഴുപ്പിനെ പൂര്‍ണമായും ആഗോളതലത്തില്‍ നടക്കുന്ന ഭക്ഷണങ്ങളുടെ വിതരണത്തില്‍നിന്നും ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനായി സംഘടന ശ്രമങ്ങളാരംഭിക്കുകയും ചെയ്തു കഴിഞ്ഞു. ഇതിന്റെ ഭാഗമായി REPLACE (review, promote, legislate, assess,create, enforce) എന്നൊരു മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ്. ഇത് ജൂണ്‍ ഒന്നാം തീയതി മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഈ മാസം 21 മുതല്‍ 26 വരെ ജനീവയില്‍ നടക്കുന്ന ലോകാരോഗ്യ സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡയും ഈ വിഷയമാണ്.

Comments

comments

Categories: FK Special, Slider