അത്ഭുതക്കാഴ്ചകളുമായി ബിജുവിന്റെ മിറാക്കിള്‍ ഫാം

അത്ഭുതക്കാഴ്ചകളുമായി ബിജുവിന്റെ മിറാക്കിള്‍ ഫാം

വര്‍ഷങ്ങളോളം വിദേശത്തും സ്വദേശത്തും ഫോട്ടോഗ്രാഫറായി ജോലി ചെയ്തശേഷം ആ തൊഴില്‍ ഉപേക്ഷിച്ചുകൊണ്ടാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ ബിജു ഫാമിംഗിലേക്ക് കടന്നു വരുന്നത്. 2013 ല്‍ കേവലം 5 ആടുകളുമായി പ്രവര്‍ത്തനം ആരംഭിച്ച ബിജുവിന്റെ മിറാക്കിള്‍ ഫാമില്‍ ഇന്ന് ആടുകള്‍, പശുക്കള്‍, കോഴികള്‍, താറാവുകള്‍ , അലങ്കാര പക്ഷികള്‍, പ്രാവുകള്‍ തുടങ്ങിയവയെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നു. ഇതിന് പുറമെയാണ് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മല്‍സ്യം എന്നിവയുടെ കൃഷി. വളരെ ചെറിയ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച മിറാക്കിള്‍ ഫാമില്‍ നിന്നും സമ്മിശ്രകൃഷിയിലൂടെ ബിജു പ്രതിവര്‍ഷം 20 ലക്ഷം രൂപയുടെ വരുമാനം നേടുന്നു

ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വലിയ തോവാള അഞ്ചുമുക്ക് കളപ്പുരയ്ക്കല്‍ വീട്ടില്‍ ബിജു അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടും കല്‍പ്പിച്ചാണ് കര്‍ഷകനാകാന്‍ ഇറങ്ങി പുറപ്പെട്ടത്. കൃഷിയില്‍ പ്രത്യേകിച്ച് മുന്‍പരിചയം ഒന്നും തന്നെയില്ല. അല്‍പസ്വല്‍പം കാര്‍ഷിക പാരമ്പര്യമുള്ള വീട്ടില്‍ നിന്നും ആയതിനാല്‍ കൃഷിയില്‍ താല്‍പര്യമുണ്ട്, മണ്ണില്‍ ഇറങ്ങി വിയര്‍ക്കാനുള്ള മനസ്സുണ്ട്, അതായിരുന്നു പ്രധാന മൂലധനം. വര്‍ഷങ്ങളോളം വിദേശത്തും സ്വദേശത്തുമായി ഫോട്ടോഗ്രാഫറായി ജോലി ചെയ്തിട്ടുള്ള ബിജു പെട്ടെന്നൊരു ദിവസം താന്‍ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ എതിര്‍പ്പുമായി മുന്നോട്ട് വന്നവര്‍ ധാരാളം. എടുത്ത തീരുമാനം തിരിച്ചടിയാവരുത് എന്ന നല്ല ഉദ്ദേശം മാത്രമായിരുന്നു എതിര്‍ത്തവര്‍ക്കെല്ലാം. എന്നാല്‍ തന്റെ തീരുമാനം നൂറു ശതമാനം ശരിയായ ഒന്നായിരുന്നു എന്ന് ബിജു ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അവര്‍ക്ക് കാണിച്ചു കൊടുത്തു.

കാര്‍ഷികവൃത്തിയിലേക്ക് തിരിയാം എന്ന് തീരുമാനിച്ചപ്പോള്‍, എന്ത് കൃഷി ചെയ്യും ? മൃഗപരിപാലനം ആണെങ്കില്‍ എന്തിനെ വളര്‍ത്തും? തുടങ്ങിയ ചോദ്യങ്ങള്‍ ബിജുവിനെ ആശങ്കയിലാക്കിയിരുന്നു.ഇടുക്കി ജില്ലയിലെ നിരവധി കര്‍ഷകരെ നേരില്‍ പോയിക്കണ്ട് ബിജു ഈ സംശയത്തിനുള്ള പരിഹാരം കണ്ടെത്തി. നാട്ടില്‍ അധികം ലഭ്യമല്ലാത്ത, മികച്ച അളവില്‍ പാല്‍ തരുന്ന ആടുകളെ വളര്‍ത്താനായിരുന്നു ബിജുവിന്റെ തീരുമാനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ കര്‍ഷകരില്‍ നിന്നും വാങ്ങിച്ച അത്യുത്പാദനശേഷിയുള്ള അഞ്ച് ആടുകളെ വച്ചായിരുന്നു ബിജുവിന്റെ തുടക്കം. ആട് പരിപാലനം, ക്രോസ്സിംഗ് എന്നിവയെക്കുറിച്ച് ജില്ലയിലെ മറ്റു കര്‍ഷകരില്‍ നിന്നും വേണ്ടത്ര അറിവ് ബിജു നേടിയിരുന്നു.

ആടും സ്വര്‍ണവും ഒരുപോലെ

നമ്മുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന് തുല്യമാണ് ആട് എന്നാണ് ബിജുവിന്റെ പക്ഷം. വീട്ടില്‍ പണത്തിന് ആവശ്യം വരുമ്പോള്‍ സ്വര്‍ണം വിറ്റ് പണം നേടുന്നത് പോലെ തന്നെയാണ് ആട്ടിന്‍കുട്ടിയെ വിറ്റ് പണം നേടുന്നത് എന്ന് ബിജു പറയുന്നു. ജംനാപ്യാരി, മലബാറി, ബോയര്‍, ഹൈദരാബാദി തുടങ്ങി ഇപ്പോള്‍ വിവിധയിനം ആടുകള്‍ ബിജുവിന്റെ പക്കലുണ്ട്. വളര്‍ത്താന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ആട്ടിന്‍കുട്ടികളെ വില്‍ക്കുന്നതാണ് പ്രധാന വരുമാന മാര്‍ഗം. ഇറച്ചിക്ക് വേണ്ടിയും ആടുകളെ വില്‍ക്കാറുണ്ട്. എന്നാല്‍ മുഖ്യ വരുമാന മാര്‍ഗം ഇതല്ല. വളര്‍ത്താനായി മുന്തിയ ഇനം കുഞ്ഞുങ്ങളെ തേടിയെത്തുന്നവരാണ് കൂടുതല്‍. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള സങ്കരയിനം കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതിലാണ് ബിജുവിന്റെ ശ്രദ്ധയത്രയും.

ശരാശരി 25 കിലോ തൂക്കം വരുമ്പോഴാണ് ആട്ടിന്കുട്ടികളെ വില്‍ക്കുന്നത്. ബീറ്റില്‍ ഇനത്തില്‍പെട്ട ആട്ടിന്‍കുട്ടിക്ക് കിലോക്ക് 700 രൂപ ലഭിക്കുമ്പോള്‍ ബോയറിന് കിലോ 400 രൂപയും ജംനാപ്യാരിക്ക് 350 രൂപയും മലബാറിക്ക് 300 രൂപയുമാണ് വില. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു തള്ളയാടിന് 42 കിലോ വരെ തൂക്കം വരും. ഏത് ഇനത്തില്‍ പെട്ട ആട്ടിന്‍കുട്ടി ആണെങ്കിലും വിറ്റാല്‍ ശരാശരി 10000 രൂപ കിട്ടുമെന്ന് ചുരുക്കം

ജംനാപ്യാരി – മലബാറി, ബീറ്റല്‍ – മലബാറി, ഹൈദരാബാദി – ജംനാപ്യാരി, ബോയര്‍ – മലബാറി, ബോയര്‍ – ജംനാപ്യാരി എന്നീ ഇനം കുഞ്ഞുങ്ങള്‍ അഞ്ചു മാസമെത്തുമ്പോഴേക്കും ശരാശരി 25 കിലോ തൂക്കമെത്തും. ഇവയ്ക്ക് യഥാര്‍ത്ഥ ബ്രീഡുകളെ അപേക്ഷിച്ച് പാല്‍ ഉല്‍പാദനവും കൂടുതലാണ്. ശരാശരി 25 കിലോ തൂക്കം വരുമ്പോഴാണ് ആട്ടിന്‍കുട്ടികളെ വില്‍ക്കുന്നത്. ബീറ്റില്‍ ഇനത്തില്‍പെട്ട ആട്ടിന്‍കുട്ടിക്ക് കിലോക്ക് 700 രൂപ ലഭിക്കുമ്പോള്‍ ബോയറിന് കിലോ 400 രൂപയും ജംനാപ്യാരിക്ക് 350 രൂപയും മലബാറിക്ക് 300 രൂപയുമാണ് വില. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു തള്ളയാടിന് 42 കിലോ വരെ തൂക്കം വരും. ഏത് ഇനത്തില്‍ പെട്ട ആട്ടിന്‍കുട്ടി ആണെങ്കിലും വിറ്റാല്‍ ശരാശരി 10000 രൂപ കിട്ടുമെന്ന് ചുരുക്കം.

ശരാശരി മൂന്നു ലിറ്റര്‍ പാല്‍ നല്‍കുന്നവയാണ് ബിജുവിന്റെ മിറാക്കിള്‍ ഫാമിലെ ആടുകള്‍. ബീറ്റില്‍ പ്രതിദിനം മൂന്നര ലിറ്റര്‍ പാല്‍ തരുന്നു. മലബാറി രണ്ടര ലിറ്റര്‍ പാലും ജംനാപ്യാരി മൂന്ന് ലിറ്റര്‍ പാലും തരുന്നു. ഇതിനെല്ലാം പുറമേ, ബിജു ബ്രീഡിംഗിനുള്ള സൗകര്യവും തന്റെ ഫാമില്‍ ഒരുക്കിയിരിക്കുന്നു. ഒരു വയസ്സു പിന്നിട്ട മുട്ടന്മാരെയാണ് ഇണചേര്‍ക്കാനായി പരിപാലിക്കുന്നത്. 500 രൂപയാണ് സര്‍വീസ് ചാര്‍ജ്. പ്രതിമാസം നല്ലൊരു തുക ഈ വഴിയും വരുമാനമായി ലഭിക്കുന്നു. രക്തബന്ധമുള്ളവ തമ്മില്‍ ഇണചേര്‍ന്നാല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ചക്കുറവ്, രോഗപ്രതിരോധശേഷിയില്ലായ്മ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാവും. അതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് ബിജുവിനുഉള്ളത്.

രണ്ടര വയസ്സാകുന്നതോടെ മുട്ടനാടുകളെ വില്‍ക്കും.നാല് പ്രസവം കഴിയുന്നതോടെ തള്ളയാടുകളെയും വില്‍ക്കും. ആട്ടിന്‍കാഷ്ഠം പാട്ടയൊന്നിന് 45 രൂപയ്ക്കാണ് വില്‍പന. പാല്‍ ലിറ്ററിന് നൂറു രൂപ വരെ വിലയുണ്ടെങ്കിലും വലിയതോതില്‍ വില്‍ക്കാറില്ല. ആട്ടിന്‍കുട്ടികളെ കൊണ്ട് കുടിപ്പിക്കുകയും ബാക്കിയുള്ളത് വീട്ടില്‍ ഉപയോഗിക്കുകയുമാണ് പതിവ്. ഇപ്പോള്‍ പാല്‍ നല്‍കുന്ന ആടുകള്‍ക്ക് പുറമേ, ഫാന്‍സി ആടുകളേയും ബിജു വളര്‍ത്തുന്നുണ്ട്. കനേഡിയന്‍ ഡ്വാര്‍ഫ്, പിഗ്മി തുടങ്ങിയ ഇനങ്ങള്‍ക്ക് മൂന്നു മാസം പ്രായമെത്തുന്നതോടെ 15,000 രൂപവരെ വില ലഭിക്കുമെന്ന് ബിജു പറയുന്നു.

മികച്ച രീതിയിലാണ് ബിജു ഓരോ ആടിനേയും പരിപാലിക്കുന്നത്. ആടുകള്‍ക്ക് സദാ സമീകൃതാഹാരം ലഭ്യമാക്കുന്നു. ചോളപ്പൊടിയും പയറുപൊടിയും ഗോതമ്പുതവിടുമെല്ലാം ചേര്‍ന്ന സാന്ദ്രിത തീറ്റ പ്രധാന ഭക്ഷണമാണ്. ദൈവം ഓരോ വ്യക്തിക്കും ഓരോ പദ്ധതികള്‍ മുന്‍കൂട്ടി തയ്യറാക്കി വച്ചിട്ടുണ്ട്, സമയമാകുമ്പോള്‍ അത് കൃത്യമായി നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കും, വര്‍ഷങ്ങളായി തുടര്‍ന്ന് വന്നിരുന്ന ഫോട്ടോഗ്രാഫി എന്ന പ്രൊഫഷന്‍ വിട്ട് കര്‍ഷകനാകാനുള്ള തീരുമാനത്തെ പറ്റി ചോദിച്ചാല്‍ ബിജുവിന് പറയാനുള്ള മറുപടി ഇതാണ്.

കരിങ്കോഴിയും താറാവും സ്ഥിരവരുമാനത്തിന്റെ വഴി

ആട് കഴിഞ്ഞാല്‍ പിന്നെ ബിജുവിന്റെ കൃഷിയിടത്തില്‍ ഏറ്റവും മികച്ച വരുമാനം നല്‍കുന്നത് കോഴിഫാമില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ്. കരിങ്കോഴി, കൈരളിക്കോഴി എന്ന അപൂര്‍വ ബ്രീഡ്, നാടന്‍ കോഴികള്‍ എന്നിവ ഇവിടെയുണ്ട്.്. മുട്ടയ്‌ക്കൊപ്പം കോഴിക്കുഞ്ഞുങ്ങളെയും ബിജു വില്‍ക്കുന്നു. ലോക്കല്‍ മാര്‍ക്കറ്റിലേക്കാണ് മുട്ട അധികവും വിറ്റു പോകുന്നത്. ഏറെ ഔഷധഗുണമുള്ള കോഴി എന്ന് വിശേഷിപ്പിക്കുന്ന കരിങ്കോഴിക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആവശ്യക്കാര്‍ എത്തുന്നു.

3000 കിലോ മീന്‍ വില്‍ക്കുന്ന മല്‍സ്യക്കുളം

മിറാക്കിള്‍ ഫാമിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ് വിശാലമായി പരന്നു കിടക്കുന്ന മല്‍സ്യക്കുളം. സീസണില്‍ പ്രതിദിനം 3000 കിലോ മല്‍സ്യം വരെ ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിറ്റു പോകുന്നു. രോഹു, കട്‌ല, കാര്‍പ്പ് തുടങ്ങിയ ഇനം മത്സ്യങ്ങളെയാണ് കൂടുതലായും ഇവിടെ കൃഷി ചെയ്യുന്നത്. മല്‍സ്യക്കുളത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ബിജുവിന് തന്നെയാണ്. സമയാസമയങ്ങളില്‍ തീറ്റ നല്‍കല്‍, മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍, പ്രായമെത്തുമ്പോള്‍ മത്സ്യങ്ങളെ വില്‍പനയ്ക്കായി പിടിച്ചെടുക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ബിജുവിന്റെ കൈകള്‍ എത്തുന്നു.

ലുലു ഷോപ്പിംഗ് മാളില്‍ എത്തുന്ന നല്ലയിനം പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ഒരു ഭാഗം ബിജുവിന്റെ മിറാക്കിള്‍ ഫാം ഹൗസില്‍നിന്നുമാണ്. കാരറ്റ്, പാവക്ക, വെണ്ട, തക്കാളി, കാബേജ്, ബീറ്റ്‌റൂട്ട് തുടങ്ങി പോഷകസമ്പുഷ്ടമായതും രാസവളങ്ങള്‍ ചേര്‍ക്കാത്തതുമായ നിരവധി പച്ചക്കറികള്‍ ബിജു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കായി വിതരണം ചെയ്യുന്നു

നാടന്‍ പശുവും താറാവും

നാടന്‍ പശുക്കളെ ഒരാഗ്രഹത്തിന്റെ പുറത്താണ് ബിജു തന്റെ ഫാമില്‍ വളര്‍ത്താന്‍ ആരംഭിച്ചത്. പാല്‍ വളരെ കുറവാണ് എങ്കിലും ഔഷധഗുണം ഏറെയുള്ള പാലാണ് ഇവക്കുള്ളത് എന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. ഇന്ന് തരക്കേടില്ലാത്ത ഒരു വരുമാനം സകല ചെലവും കഴിച്ചു ലഭിക്കുന്ന രീതിയിലേക്ക് ബിജുവിന്റെ പശുഫാം വളര്‍ന്നു കഴിഞ്ഞു. നാടന്‍ പശുക്കള്‍ക്ക് പുറമേ, മികച്ച അളവില്‍ പാല്‍ തരുന്ന വിദേശ ഇനങ്ങളെയും കൂടുതലായി പരിപാലിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജു.

”ആട്ടിന്‍കൃഷി വിജയിച്ചപ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചു. അങ്ങനെയാണ് സമ്മിശ്രകൃഷിയിലേക്ക് തിരിയുന്നത്. ആദ്യം കോഴികളെ വളര്‍ത്തി, പിന്നാലെ മത്സ്യകൃഷി, താറാവ് കൃഷി, പച്ചക്കറികൃഷി എന്നിവ ആരംഭിച്ചു. സമ്മിശ്രകൃഷി ചെയ്യുന്നതിനാല്‍ ഏതെങ്കിലും ഒരു കൃഷിയില്‍ നിന്നും നഷ്ടം നേരിട്ടാല്‍ മറ്റൊന്നിലെ ലാഭം അതിനെ നികത്തും. ഈ വിശ്വാസമാണ് സമ്മിശ്രകൃഷിയെ ആശ്രയിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ അഞ്ചുവര്‍ഷമായി മിറാക്കിള്‍ ഫാം വളരെ മികച്ച രീതിയില്‍ നടന്നു പോകുന്നുണ്ട്. പ്രതിവര്‍ഷം 15 – 20 ലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്നുമുണ്ട്” ബിജു പറയുന്നു.

ലുലുവിലേക്ക് പച്ചക്കറികളും പഴവര്‍ഗങ്ങളും

കൊച്ചിയിലെ പ്രശസ്തമായ ലുലു ഷോപ്പിംഗ് മാളില്‍ എത്തുന്ന നല്ലയിനം പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ഒരു ഭാഗം ബിജുവിന്റെ മിറാക്കിള്‍ ഫാം ഹൗസില്‍നിന്നുമാണ്. കാരറ്റ്, പാവക്ക, വെണ്ട, തക്കാളി, കാബേജ്, ബീറ്റ്‌റൂട്ട് തുടങ്ങി പോഷകസമ്പുഷ്ടമായതും രാസവളങ്ങള്‍ ചേര്‍ക്കാത്തതുമായ നിരവധി പച്ചക്കറികള്‍ ബിജു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കായി വിതരണം ചെയ്യുന്നു. ലിച്ചി, നോനി,മാംഗോസ്റ്റിന്‍, തുടങ്ങിയ വ്യത്യസ്തങ്ങളായ പഴവര്‍ഗങ്ങളും മിറാക്കിള്‍ ഫാം ഹൗസില്‍ ബിജു കൃഷി ചെയ്യുന്നുണ്ട്. ഞായര്‍, ബുധന്‍ , വെള്ളി തുടങ്ങിയ ദിവസങ്ങളിലാണ് ലുലുവിലേക്ക് പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത്.

അറിവ് പകരാനും തയ്യാര്‍

തന്റെ കാര്‍ഷിക ജീവിതത്തില്‍ നിന്നും താന്‍ പഠിച്ച പാഠങ്ങള്‍ കൃഷിയില്‍ തല്‍പരരായ ആളുകളിലേക്ക് പകര്‍ന്നു നല്‍കാനും ബിജു തയ്യാറാണ്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിലും മറ്റും കര്‍ഷകര്‍ക്കായി വിവിധ കഌസുകള്‍ ബിജു എടുക്കുന്നുണ്ട്. ആട് വളര്‍ത്തല്‍ , മുട്ടക്കോഴി വളര്‍ത്തല്‍ എന്നിവ സംബന്ധിച്ചതാണ് കഌസുകള്‍ അധികവും. താല്‍പര്യമുള്ളവര്‍ക്ക് കോഴിമുട്ട വിരിയിക്കുന്നതിനുള്ള ഇന്‍കുബേറ്ററിന്റെ നിര്‍മാണവും ബിജു പഠിപ്പിക്കുന്നുണ്ട്. വരുമാനം ലഭിക്കുന്ന ബിസിനസ് എന്ന നിലയ്ക്ക്, നടത്താന്‍ ഏറെ എളുപ്പമാണ് എന്ന് കരുതി ആരും ആട് ഫാമും കോഴി ഫാമും തുടങ്ങേണ്ട എന്ന് ബിജു പറയുന്നു. കാരണം പൂര്‍ണമായ ശ്രദ്ധ വേണ്ട തൊഴിലാണ് കൃഷി, അല്ലാതെ സൈഡ് ബിസിനസ് അല്ല. മികച്ച വരുമാനം ലഭിക്കണം എങ്കില്‍ നല്ല രീതിയില്‍ കഷ്ട്ടപ്പെടുക തന്നെ വേണം, ബിജു വിന്റെ അഭിപ്രായം അതാണ്.

ബിജു തന്റെ ഫാമിനോട് അനുബന്ധിച്ച് ഫാം ടൂറിസവും നടത്തുന്നുണ്ട് ഫാം കാണാന്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കൃഷിയെപ്പറ്റി ക്ലാസ് എടുത്ത് നല്‍കുന്നതിനായി ഒരു നിശ്ചിത തുക ഫീസ് ആയി ഈടാക്കുന്നുമുണ്ട്.
കൃഷിയില്‍ ഭാര്യയും രണ്ട് ആണ്മക്കളും തനിക്ക് പൂര്‍ണ പിന്തുണയാണെന്ന് ബിജു പറയുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന ഭാര്യയും ജോലി രാജി വച്ച് മുഴുവന്‍ സമയ കര്‍ഷകയായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. 2018 ഇടുക്കിജില്ലയിലെ മികച്ച സമ്മിശ്ര കര്‍ഷകനായി ബിജുവിനെ തെരഞ്ഞെടുത്തിരുന്നു. കൃഷിയില്‍ താന്‍ കാണിക്കുന്ന അര്‍പ്പണ മനോഭാവത്തിനുള്ള പുരസ്‌കാരമായാണ് ബിജു ഈ അവാര്‍ഡിനെ കാണുന്നത്.

Comments

comments

Categories: FK Special, Slider