മുമ്പത്തേക്കാള്‍ ചെറുപ്പം ; 2018 ഹോണ്ട ഡിയോ അവതരിപ്പിച്ചു

മുമ്പത്തേക്കാള്‍ ചെറുപ്പം ; 2018 ഹോണ്ട ഡിയോ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 51,292 രൂപ മുതല്‍ ; ഡീലക്‌സ് എന്ന വേരിയന്റിലും ലഭിക്കും

ന്യൂഡെല്‍ഹി : ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ 2018 എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 51,292 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 2018 മോഡല്‍ ഡിയോ ഇപ്പോള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) അറിയിച്ചു. ഡീലക്‌സ് എന്ന വേരിയന്റില്‍ കൂടി 2018 ഹോണ്ട ഡിയോ ലഭിക്കും. 53,292 രൂപയാണ് ഡീലക്‌സ് വേരിയന്റിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്രീമിയം എല്‍ഇഡി ഹെഡ്‌ലാംപ് ആന്‍ഡ് പൊസിഷന്‍ ലാംപ്, സീറ്റ് ഓപ്പണിംഗ് സ്വിച്ച് സഹിതം 4-ഇന്‍-1 ലോക്ക്, സ്റ്റാന്‍ഡേഡ്-ഡീലക്‌സ് വേരിയന്റുകളിലായി ആകെ ഒമ്പത് കളര്‍ ഓപ്ഷനുകള്‍ എന്നിവ 2018 ഹോണ്ട ഡിയോയുടെ സവിശേഷതകളാണ്.

2018 ഡിയോ സ്‌കൂട്ടറില്‍ മെറ്റല്‍ മഫ്‌ളര്‍ പ്രൊട്ടക്റ്റര്‍ കാണാം. 3 സ്‌റ്റെപ്പ് ‘ഇക്കോ സ്പീഡ് ഇന്‍ഡിക്കേറ്റര്‍’, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവ സഹിതം ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, സ്വര്‍ണ നിറത്തിലുള്ള റിമ്മുകള്‍ എന്നിവ ഡീലക്‌സ് വേരിയന്റിന് നല്‍കിയിരിക്കുന്നു. വൈബ്രന്റ് ഓറഞ്ച്, പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ, സ്‌പോര്‍ട്‌സ് റെഡ്, കാന്‍ഡി ജാസ് ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ അഞ്ച് ഷേഡുകളില്‍ 2018 ഹോണ്ട ഡിയോയുടെ സ്റ്റാന്‍ഡേഡ് വേരിയന്റ് ലഭിക്കും. നാല് ഷേഡുകളിലാണ് ഡീലക്‌സ് വേരിയന്റ് വരുന്നത്. ഡാസില്‍ യെല്ലോ മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നിവയാണ് അവ.

പുതിയ സ്റ്റൈലിഷ് ലുക്കുകളോടെ ഹോണ്ട ഡിയോ ഇപ്പോള്‍ മുമ്പത്തേക്കാള്‍ ചെറുപ്പമാണെന്ന് എച്ച്എംഎസ്‌ഐ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന സ്‌കൂട്ടറാണ് ഹോണ്ട ഡിയോ. ഇതുവരെ അഞ്ച് ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍ കയറ്റുമതി ചെയ്തു.

ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന സ്‌കൂട്ടറാണ് ഹോണ്ട ഡിയോ

നിലവിലെ അതേ 110 സിസി എന്‍ജിനാണ് 2018 ഹോണ്ട ഡിയോയുടെയും ഹൃദയം. 7,000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പരമാവധി പവറും 5,500 ആര്‍പിഎമ്മില്‍ 8.9 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ എന്‍ജിന് കഴിയും. കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സിവിടി) ലഭിച്ചിരിക്കുന്നു. മണിക്കൂറില്‍ 83 കിലോമീറ്ററാണ് ടോപ് സ്പീഡ്. 10 ഇഞ്ച് വീലുകള്‍, 130 എംഎം ഡ്രം ബ്രേക്കുകള്‍, കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് 2018 ഹോണ്ട ഡിയോയുടെ മറ്റ് വിശേഷങ്ങള്‍.

Comments

comments

Categories: Auto