ഇനിയങ്ങോട്ട് നമ്മുടെ റോഡിന്റെ നിറം താര്‍ കളറില്‍ നിന്നും ചുവപ്പും മഞ്ഞയിലേക്കും മാറുമോ?

ഇനിയങ്ങോട്ട് നമ്മുടെ റോഡിന്റെ നിറം താര്‍ കളറില്‍ നിന്നും ചുവപ്പും മഞ്ഞയിലേക്കും മാറുമോ?

കഴിഞ്ഞ വര്‍ഷം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണര്‍ കാളിരാജ് മഹേഷ് കുമാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇന്ന് കോഴിക്കോട് റോഡുകളില്‍ കാണുന്ന മഞ്ഞ പ്രതലത്തിലെ രക്തതുള്ളികള്‍ പോലുള്ള ചുവന്ന പൊട്ടുകള്‍. ഡെഡ് സ്‌പോട്ടുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ദേശീയ പാതയില്‍ അപകടം ഉണ്ടായി മരണം സംഭവിച്ച ഇടങ്ങളിലാണ് ഈ മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അപകട മരണങ്ങളില്‍ ജീവന്‍ നഷ്ടമായ മരണ കേന്ദ്രങ്ങളാണവ. 2017 ല്‍ മാത്രമായി 184 മരണങ്ങള്‍ റോഡുകളില്‍ മാര്‍ക്കു ചെയ്തിട്ടുള്ളത്. അതില്‍ 70 ശതമാനവും ഇരുചക്ര വാഹന അപകടങ്ങളാണ്. കാരണങ്ങളോ, ഹെല്‍മറ്റ് ഇല്ലാതെ അപകടത്തില്‍ തലയ്ക്ക് കനത്ത ആഘാതം സംഭവിച്ച് മരണപ്പെട്ടവര്‍. ഇത്തരം മരണങ്ങളെ അപകട മരണങ്ങള്‍ എന്നു പറയാന്‍ കഴിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ശ്രദ്ധയില്ലായ്മയും നിയമം തെറ്റിച്ചുള്ള യാത്രകളുമാണ് മരണത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നത്. അശ്രദ്ധ മൂലമാണ് 90 ശതമാനവും അപകടങ്ങള്‍ നടക്കുന്നതെന്ന് അവര്‍ പറയുന്നു. 2018 തുടങ്ങി 4 മാസങ്ങള്‍ കൊണ്ട് ഇതുവരെ 54 മരണങ്ങളാണ് കോഴിക്കോട് നഗരത്തില്‍ മാത്രമായി നടന്നത്. ഇത് റോഡുകളില്‍ മാര്‍ക്ക് ചെയ്ത് വരുന്നതേ ഉള്ളൂ. ഏറ്റവും കൂടുതല്‍ ഡെഡ് സ്‌പോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത് തൊണ്ടയാട് ബൈപാസ്, രാമനാട്ടുകര നിസരി ജംഗ്ഷന്‍, പാവങ്ങാട്, മലാപ്പറമ്പ് എന്നിവിടങ്ങളിലാണ്.

തുടക്കത്തില്‍ ഈ ഒരു പദ്ധതിയെ ഫെസ്ബുക്ക് വാട്‌സ് ആപ്പ് തുടങ്ങിയ എല്ലാ നവമാധ്യമങ്ങളും പത്ര മാധ്യമങ്ങളും ഏറ്റെടുത്തുവെങ്കിലും ഇന്ന് ആളുകള്‍ക്ക് റോഡിലൂടെ പോകുമ്പോള്‍ ഒരു വെറും ചിത്രമാണ് ആ മാര്‍ക്കുകള്‍. അവിടെ വീണ് പിടഞ്ഞു തീര്‍ന്ന ജിവനെ ആരും ഓര്‍ക്കുന്നില്ല. അവരുടെ ബന്ധുക്കളൊഴികെ. നഷ്ടപ്പെട്ട ആ ജീവനുകളുടെ ബന്ധുക്കള്‍ക്കു മാത്രം അതിലൂടെ കടന്നു പോകുന്ന ഓരോ യാത്രയും ഒരു നൊമ്പരമായി മാറുകയാണ് ഈ മാര്‍ക്കുകള്‍. ഒരു മരണത്തിന്റെ ഓര്‍മ്മപ്പെടുത്തലില്‍ എങ്കിലും ശ്രദ്ധയോടെ വാഹനങ്ങള്‍ ഓടിക്കാന്‍ ഓരോ ആളെയും പ്രേരിപ്പിക്കും എന്ന ആശയത്തോടെ കൊണ്ടു വന്ന ഈ പദ്ധതി ഇന്ന് ആരും ഓര്‍ക്കുന്നു പോലും ഇല്ലെന്നു തന്നെ പറയാം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറയുന്നു. ഇതിനു പുറമെ നിരവധി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകളും ട്രാഫിക് സുരക്ഷാ വാരാചരണം തുടങ്ങിയ നിരവധി പദ്ധതികള്‍ സിറ്റി പോലീസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശപ്രകാരം നടന്നു വരുന്നുണ്ട്. എന്നിട്ടും ദിനംപ്രതി റോഡില്‍ മരിച്ച് വീഴുന്നവര്‍ എത്രയാണ്?

Comments

comments

Categories: More