വേദാന്തവാദിയായ ഭൗതികശാസ്ത്രജ്ഞന്‍

വേദാന്തവാദിയായ ഭൗതികശാസ്ത്രജ്ഞന്‍

മലയാളിയായ അസാമാന്യ ശാസ്ത്ര പ്രതിഭ. ശാസ്ത്രവും വേദാന്തവും സംയോജിപ്പിച്ച ധൈഷണികന്‍. അര്‍ഹിച്ച നൊബേല്‍ നിഷേധിക്കപ്പെട്ടെങ്കിലും ഡോ. ഇ സി ജി സുദര്‍ശന്‍ ലോകത്തിന് നല്‍കിയ സംഭാവനകളുടെ മൂല്യം വളരെ വലുതാണ്

ഒമ്പത് തവണ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടും അത് ലഭിക്കാതെ പോയ അപൂര്‍വത കല്‍പ്പിക്കപ്പെടുന്നു ഡോ. ഇ സി ജി സുദര്‍ശന്‍ എന്ന അനന്യസാധാരണനായ ഭൗതിക ശാസ്ത്രജ്ഞന്.

നൊബേല്‍ ലഭിക്കാതെ പോയത് ഒരിക്കലും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളിലെ പോരായ്മകൊണ്ടായിരുന്നില്ല. മറിച്ച് അതിന്റേതായ രാഷ്ട്രീയ, സാങ്കേതിക കാരണങ്ങള്‍ കൊണ്ടായിരുന്നു. സുദര്‍ശന്റെ കണ്ടെത്തലുകള്‍ സ്വന്തം പേരിലാക്കി സമ്മാനം വാങ്ങുകയും കേട്ടു പകര്‍ത്തി സ്വന്തമാക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ ഈഗോണ്‍ ക്രൗസ്, നൊബേല്‍ ജേതാവ് മറെ ഗെല്‍മാന്‍ എന്നിവരുമുണ്ടായിരുന്നു. ശാസ്ത്രമേഖലയിലെ നീതിബോധവും അത്ര പൂര്‍ണമൊന്നുമല്ല.

ഒരു ശാസ്ത്രജ്ഞന്റെ വലുപ്പമളക്കുന്നത് എന്തായാലും നൊബേല്‍ അല്ല. അതുകൊണ്ടുതന്നെ സുദര്‍ശന്‍ എന്ന അസാമാന്യ പ്രതിഭ നൊബേലിനും അതീതനായി തന്നെ നിലകൊള്ളുന്നു.

ഇന്നലെ അന്തരിച്ച സുദര്‍ശന്‍ ഭാരതം ലോകത്തിന് സംഭാവന ചെയ്ത അതിഗംഭീര ശാസ്ത്രജ്ഞന്‍മാരില്‍ ഒരാള്‍ തന്നെയായിരുന്നു. സുദര്‍ശന്റെ പ്രതിഭയെക്കുറിച്ചുള്ള ബോധ്യം ഇന്ത്യയിലുള്ളവര്‍ക്ക് വേണ്ടത്ര ഉണ്ടായില്ല എന്നത് ദൗര്‍ഭാഗ്യകരം. വിശിഷ്യാ സുദര്‍ശന്റെ ജന്മദേശ കേരളത്തില്‍ പോലും അദ്ദേഹം സമൂഹത്തിന് ഒരു പരിധി വരെ അന്യനായണ്. കോട്ടയത്ത് ജനിച്ച് അറിവിന്റെ അഗാധമായ തലങ്ങളിലേക്ക്, പ്രപഞ്ച രഹസ്യം തേടി സഞ്ചരിച്ച സുദര്‍ശന്‍ ഭൗതികശാസ്ത്രത്തില്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങളെപ്പോലും വിപുലപ്പെടുത്താന്‍ ശ്രമിച്ചു. അതുകണ്ട് ലോകം അമ്പരക്കുകയും ചെയ്തു.

പ്രകാശത്തെയും കവച്ചുവെക്കുന്ന വേഗതയെകുറിച്ച് ചിന്തിക്കാന്‍ സുദര്‍ശന്‍ ധൈര്യം കാണിച്ചുവെന്നതാണ് പ്രസക്തി. 1962ല്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ഫിസിക്‌സില്‍ സുദര്‍ശനും കൂട്ടരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച മെറ്റാ റിലേറ്റിവിറ്റിയെന്ന പ്രബന്ധത്തില്‍ ടാക്ക്യോണുകള്‍ എന്നറിയപ്പെടുന്ന മെറ്റാ കണങ്ങളെക്കുറിച്ചാണ് പറഞ്ഞത്. അതിവേഗം എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് പദമായ ടാക്ക്യോണ്‍ തുറന്നിട്ടത് പ്രകാശാതിവേഗത്തിന്റെ അപാരസാധ്യതകളായിരുന്നു. മൂലസിദ്ധാന്തത്തിന് പരിക്കേല്‍ക്കാതെ തന്നെ അത് അവതരിപ്പിക്കാനും വ്യാഖ്യാനിക്കാനും എത്രമാത്രം പ്രധാനമാണെന്ന് ബോധ്യപ്പെടുത്താനും അദ്ദേഹത്തിനായി.

പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളിലൊന്നായി കരുതപ്പെടുന്ന വീക്ക് ഫോഴ്‌സ് (Weak Force) അഥവാ ക്ഷീണ ബലം എന്നത് അവതരിപ്പിച്ചത് സുദര്‍ശന്‍ ആണെന്ന് പറയുമ്പോള്‍ അഭിമാനപുളകിതരാകണം അക്ഷരാര്‍ത്ഥത്തില്‍ മലയാളികള്‍. എന്നാല്‍ നേരത്തെ പറഞ്ഞ ബോധ്യമില്ലായ്മയുടെ പ്രശ്‌നം നമ്മെ ശരിക്കും ബാധിച്ചിട്ടുണ്ട്. ക്ഷീണ ബലത്തിന്റെ ആ രഹസ്യം കണ്ടെത്തിയ ശാസ്ത്രപ്രതിഭയ്ക്ക് അര്‍ഹിച്ച അംഗീകാരം ലോകം നല്‍കിയില്ല, നമ്മുടെ രാഷ്ട്രത്തിനും സംസ്ഥാനത്തിനുമെല്ലാം അത് സാധിച്ചോയെന്ന് ഭരണാധികാരികളും രാഷ്ട്രീയനേതാക്കളുമെല്ലാം സ്വയം ചോദിക്കണം.

പ്രാചീന ഭാരതീയ ദര്‍ശനങ്ങളിലൊന്നായ വൈശേഷികം ആധുനിക ക്വാണ്ടം മെക്കാനിക്‌സുമായി എത്രമാത്രം അടുത്ത് നില്‍ക്കുന്നുവെന്ന് അദ്ദേഹം നിരവധി തവണ സമര്‍ത്ഥിച്ചിട്ടുണ്ട്. എന്നും ഭാരതീയ തത്വശാസ്ത്രങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹത്തിന് വേദാന്തവും ഫിസിക്‌സും തമ്മിലുള്ള അഭേദ്യമായ ഇഴചേരലിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു താനും. പ്രാപഞ്ചിക സത്യം തേടാനായി ജീവിതം സമര്‍പ്പിച്ച ആ മഹാപ്രതിഭയ്ക്ക് പ്രണാമം അര്‍പ്പിക്കുന്നതിനൊപ്പം നാം ചെയ്യേണ്ടത് നിരവധി സുദര്‍ശനന്മാര്‍ക്ക് വളരാനുള്ള അവസരമൊരുക്കല്‍ കൂടിയാണ്.

Comments

comments

Categories: Editorial, Slider