പാവപ്പെട്ട രോഗികള്‍ക്ക് ആശുപത്രി നിര്‍മിച്ച ടാക്‌സി ഡ്രൈവര്‍

പാവപ്പെട്ട രോഗികള്‍ക്ക് ആശുപത്രി നിര്‍മിച്ച  ടാക്‌സി ഡ്രൈവര്‍

സൈദുല്‍ ലഷ്‌കര്‍ എന്ന ടാക്‌സി ഡ്രൈവര്‍ സമൂഹത്തിനു മുന്നില്‍ ഏറെ അഭിനന്ദിക്കപ്പെട്ടയാളാണ്. പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി സ്വന്തമായി ഒരു ആശുപത്രി തന്നെ നിര്‍മ്മിച്ച വ്യക്തിയാണ് അദ്ദേഹം. സൈദുല്‍ എന്ന കൊല്‍ക്കത്തയിലെ സാധാരണക്കാരന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത് 2004 ലാണ്. സൈദുലിന്റെ സഹോദരി മതിയായ ചികിത്സ ലഭിക്കാതെ മരിച്ചതാണ് ഒരു ആശുപത്രി നിര്‍മിക്കണമെന്ന ആശയത്തിന്റെ പിറവിക്ക് പിന്നിലുണ്ടായ സംഭവം. പതിനേഴ് വയസ്സുള്ളപ്പോഴാണ് അനുജത്തി മാരുഫക്ക് നെഞ്ചില്‍ അണുബാധ യുണ്ടായി നില ഗുരുതരമാകുന്നത്. അന്ന് മതിയായ ചികിത്സ ലഭിച്ചില്ല. ഡോക്ടറെ ഒന്ന് കാണാന്‍ പോലും സാധിച്ചില്ല. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാരുഫ മരണമടഞ്ഞു.

ചികിത്സ ലഭിക്കാതെ തന്റെ അനുജത്തി മരിച്ചത് കണ്ട സൈദുലിന് ദു:ഖം സഹിക്കാനായില്ല. അന്നു തന്നെ തീരുമാനം എടുത്തു, ചികിത്സ ലഭിക്കാതെ തെരുവിലും മറ്റും കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്കായി ഒരു ആശുപത്രി പണിയുക. തന്റെ സഹോദരിക്കു സംഭവിച്ചതുപോലെ മറ്റൊരാള്‍ക്കും ഈ ദുരനുഭവം വരാതിരിക്കാനായി അവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുക. എന്നാല്‍ സാധാരണ ടാക്‌സി ഡ്രൈവറായ സൈദുലിന് ആശുപത്രി പണിയുക എന്നത് വലിയൊരു കടമ്പ തന്നെയായിരുന്നു.

കയ്യില്‍ പണമില്ലാത്തതിനാല്‍ ഒരു ആശുപത്രി നിര്‍മിക്കുക എന്നത് സ്വപ്‌നം പോലും കാണാന്‍ കഴിയാത്തതായിരുന്നു സൈദുലിന്. അദ്ദേഹം തന്റെ ആഗ്രഹം മനസ്സില്‍ കൊണ്ടു നടന്നു. ഒരാള്‍ പോലും ചികിത്സ ലഭിക്കാതെ തന്റെ നാട്ടില്‍ മരിക്കരുതെന്ന് അദ്ദേഹം വാശിപിടിച്ചു. തുടര്‍ന്ന് സൈദില്‍ ടാക്‌സി ഓടിച്ച് ലഭിക്കുന്ന പണത്തില്‍ നിന്നും ആശുപത്രി നിര്‍മിക്കുന്നതിനായുള്ള പണം മാറ്റി വെച്ചു. തന്റെ ആഗ്രഹം ടാക്‌സിയില്‍ കയറുന്ന യാത്രക്കാരോട് പങ്കുവെച്ചു. ചിലര്‍ സൈദുലിന്റെ ആഗ്രഹത്തെ പ്രോത്സാഹിപ്പിച്ചു. ചിലര്‍ കേട്ടതായി പോലും ഭാവിച്ചില്ല. ചിലര്‍ ചെറിയ തുക നല്‍കി സഹായിച്ചു. സൃഷ്ടി ഘോഷ് എന്ന യാത്രക്കാരന്‍ സൈദുലിന്റെ കഥ കേട്ട് അയാളുടെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ സൈദുലിന് നല്‍കി.

അങ്ങനെ, കുറെ പേരുടെ കാരുണ്യവും സഹായവും കൊണ്ട് സൈദുല്‍ തന്റെ ആഗ്രഹം നിറവേറ്റി. കൊല്‍ക്കത്തയില്‍ നിന്നും 55 കിലോ മീറ്റര്‍ അകലെ ബാരുയിപൂരില്‍ മാറുഫ സ്മൃതി വെല്‍ഫെയര്‍ ഫൗണ്ടെഷന്‍ എന്ന ആശുപത്രി പണിതു. 12 വര്‍ഷത്തോളം തന്റെ ജീവിതം ആശുപത്രി പണിയാനായി അദ്ദേഹം മാറ്റിവെച്ചു. സൈദുലിന്റെ ഭാര്യ ഷാമിമ എല്ലാ പിന്തുണയും നല്‍കി.

ഈവര്‍ഷം ഫെബ്രുവരി 17 നാണ് സൈദുലിന്റെ സ്വപ്‌നം സഫലമായത്. നൂറോളം ഗ്രാമങ്ങളിലെ പാവപ്പെട്ട രോഗികള്‍ക്കായി ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. 50 കിടക്കകളുള്ള എക്‌സ്‌റേ, ഇസിജി സൗകര്യങ്ങളോടുകൂടിയ ആശുപത്രിയാണ് രോഗികള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്. എട്ട് ഡോക്ടര്‍മാര്‍ സൗജന്യ ചികിത്സയ്ക്കായി ആശുപുത്രിയില്‍ സേവനമനുഷ്ഠിക്കുന്നു.

സൈദുലിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ധാരാളം പേര്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. മന്‍ കി ബാത്ത് എന്ന റേഡിയോ പരിപാടിയില്‍ സൈദുലിന്റെ നന്മയുള്ള പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ചു കൊണ്ട് പ്രധാനമന്ത്രി സംസാരിച്ചു.

ആശുപത്രി പണിതതു കൊണ്ടൊന്നും സൈദുല്‍ തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്നാണ് പറയുന്നത്. ഒരുപാട് പേര്‍ ഇപ്പോള്‍  പിന്തുണയുമായി എത്തിയിട്ടുണ്ട്. അവരെല്ലാം പ്രോത്സാഹനവുമായുണ്ടെങ്കില്‍ ഇനിയും ജനങ്ങള്‍ക്കായി നല്ല കാര്യങ്ങള്‍ ചെയ്യാനാണ് സൈദുലിന്റെ ആഗ്രഹം.

 

 

 

 

 

 

Comments

comments

Categories: FK News, Health, Life, Motivation