റീട്ടെയ്ല്‍ പണപ്പെരുപ്പം 4.58 ശതമാനമായി ഉയര്‍ന്നു

റീട്ടെയ്ല്‍ പണപ്പെരുപ്പം 4.58 ശതമാനമായി ഉയര്‍ന്നു

പച്ചക്കറികളുടെ വിലയില്‍ 7.29 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്

ന്യൂഡെല്‍ഹി: രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധന ഏപ്രിലില്‍ ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 4.58 ശതമാനത്തിലേക്ക് ഉയര്‍ത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 4.28 ശതമാനവും 2017 ഏപ്രിലില്‍ 2.99 ശതമാനവുമായിരുന്നു രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) മാര്‍ച്ചിലെ 2.81 ശതമാനത്തില്‍ നിന്നും ഏപ്രിലില്‍ 2.80 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. എന്നാല്‍, 2017 ഏപ്രിലിലെ സിഎഫ്പിഐ നിരക്കുമായി (0.61 ശതമാനം) താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞമാസത്തെ ഉപഭോക്തൃ ഭക്ഷ്യ വില സൂചിക ഉയര്‍ന്ന തലത്തിലാണ്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്തൃ വില സൂചിക് ( സിപിഐ) 4.67 ശതമാനത്തിലും നഗരപ്രദേശങ്ങളിലെ സിപിഐ 4.42 ശതമാനത്തിലുമാണുള്ളത്.

പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, മാംസം, മത്സ്യം തുടങ്ങിയ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ഏപ്രിലില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയരാന്‍ കാരണമെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പറയുന്നത്. പച്ചക്കറികളുടെ വിലയില്‍ 7.29 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാലയളവിലുണ്ടായത്. പലുല്‍പ്പന്നങ്ങളുടെ വില 3.21 ശതമാനവും ഭക്ഷ്യധാന്യങ്ങളുടെ വില 2.56 ശതമാനവും ഉയര്‍ന്നു. മാംസം, മത്സ്യം എന്നിവയ്ക്ക് 3.59 ശതമാനത്തിന്റെ റെക്കോഡ് വില വര്‍ധനയും അനുഭവപ്പെട്ടു. ഫൂഡ്-ബിവ്‌റെജസ് വിഭാഗത്തില്‍ മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യേതര വിഭാഗത്തില്‍ പണപ്പെരുപ്പ നിരക്ക് 5.24 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുള്ളതായും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. ഏപ്രിലില്‍ മൊത്ത വില്‍പ്പന അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.18 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

Comments

comments

Categories: Business & Economy