അലഹബാദ് ബാങ്കിന് നിക്ഷേപ, വായ്പാ നിയന്ത്രമേര്‍പ്പെടുത്തി ആര്‍ബിഐ

അലഹബാദ് ബാങ്കിന് നിക്ഷേപ, വായ്പാ നിയന്ത്രമേര്‍പ്പെടുത്തി ആര്‍ബിഐ

11 പൊതുമേഖലാ ബാങ്കുകളാണ് നിലവില്‍ കേന്ദ്ര ബാങ്കിന്റെ തിരുത്തല്‍ നടപടികള്‍ക്കു കീഴിലുള്ളത്

ന്യൂഡെല്‍ഹി: തിരുത്തല്‍ നടപടി ക്രമങ്ങളുടെ ഭാഗമായി (പിസിഎ) പൊതുമേഖലാ ധനകാര്യ സ്ഥാപനമായ അലഹബാദ് ബാങ്കിന് കേന്ദ്ര ബാങ്ക് നിക്ഷേപ, വായ്പാ നിയന്ത്രണമേര്‍പ്പെടുത്തി. ബാങ്കിന്റെ സാമ്പത്തിക ആരോഗ്യം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ബാങ്ക് തിരുത്തല്‍ നടപടികളിലേക്ക് കടന്നിരിക്കുന്നത്.

സമാനമായ നിയന്ത്രണങ്ങള്‍ പൊതുമേഖലയിലുള്ള ദേന ബാങ്കിനും കേന്ദ്ര ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോശം സാമ്പത്തികാരോഗ്യം കാരണം രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളാണ് നിലവില്‍ കേന്ദ്ര ബാങ്കിന്റെ തിരുത്തല്‍ നടപടികള്‍ക്കു കീഴിലുള്ളത്. ബാങ്കിന്റെ സിആര്‍എആറും (കാപിറ്റല്‍ റിസ്‌ക് അസറ്റ് റേഷ്യോ) സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുള്ള ശേഷിയും സംബന്ധിച്ച ചില അധിക നടപടികളിലേക്ക് കേന്ദ്ര ബാങ്ക് കടന്നതായി അലഹബാദ് ബാങ്ക് ഓഹരി വിപണികളില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതേസമയം, അലഹബാദ് ബാങ്ക് സിഇഒ ഉഷ ആനന്ദസുബ്രഹ്മണ്യനെ ആ സ്ഥാനത്തുനിന്നും നീക്കുന്നതിനുള്ള നടപടികള്‍ ആരഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന 2 ബില്യണ്‍ ഡോളര്‍ തട്ടിപ്പില്‍ ഉഷ ആനന്ദസുബ്രഹ്മണ്യനുള്ള പങ്ക് വ്യക്തമാക്കുന്ന സിബിഐയുടെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉഷ ആനന്ദസുബ്രഹ്മണ്യനെതിരെ ബാങ്ക് ബോര്‍ഡും നടപടിയെടുത്തേക്കും. കഴിഞ്ഞ വര്‍ഷം മേയ് അഞ്ച് വരെ പിഎന്‍ബി മാനേജിംഗ് ഡയറക്റ്ററായിരുന്നു ഉഷ.

കഴിഞ്ഞ പാദത്തില്‍ 3,509.63 കോടി രൂപയുടെ അറ്റ നഷ്ടം (സ്റ്റാന്‍ഡ് എലോണ്‍) രേഖപ്പെടുത്തിയതായി അലഹബാദ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016-2017 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 111.16 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം.

Comments

comments

Categories: Banking