കെവൈസി കര്‍ശനമാക്കുന്നത് ഡിജിറ്റല്‍ മുന്നേറ്റത്തെ തകര്‍ക്കുമോ?

കെവൈസി കര്‍ശനമാക്കുന്നത് ഡിജിറ്റല്‍ മുന്നേറ്റത്തെ തകര്‍ക്കുമോ?

സമീപ കാലത്ത് അരഡസനോളം സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട രൂക്ഷമായ കറന്‍സി ക്ഷാമം വീണ്ടുമൊരു പ്രതിസന്ധിയുടെ തുടക്കമാണോ എന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ ക്രമേണ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു വരികയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എങ്കിലും കെവൈസി പോലെയുള്ള കര്‍ശന നടപടികള്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിന്റെ നടുവൊടിച്ചേക്കുമെന്ന ഉല്‍കണ്ഠയാണ് കറന്‍സിയിലേക്ക് മടങ്ങാനുള്ള അമിത താല്‍പര്യം സൂചിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ലേഖകന്‍

ഇന്ത്യക്കാര്‍ക്കെല്ലാം ഏറെ പരിചിതമായ ഒരു സാഹചര്യം ഇന്ന് വീണ്ടും സംജാതമായിരിക്കുകയാണ്, കഴിഞ്ഞ മാസം രാജ്യത്തുടനീളമുള്ള എടിഎമ്മുകള്‍ കഴിഞ്ഞ മാസം മുതല്‍ പണമില്ലാതെ വരണ്ടുണങ്ങാന്‍ തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടാണിതെന്നതിന് സ്പഷ്ടമായ വിശദീകരണങ്ങളൊന്നും ഇപ്പോഴില്ല. പര്യാപ്തമായ വിവരങ്ങളുടെ അഭാവത്തിലും അസംഖ്യം സിദ്ധാന്തങ്ങള്‍ റോന്ത് ചുറ്റാനാരംഭിച്ചു. പണമിടപാടുകളെല്ലാം സാധാരണ പോലെ നടക്കുന്നെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവകാശപ്പെട്ടത്. ‘രാജ്യത്തെ കറന്‍സി ആവശ്യകതയില്‍ അസാധാരണമായ വര്‍ധന’ ഉണ്ടായതാണ് സ്ഥിതിഗതികള്‍ക്കു കാരണമെന്നും ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമായ നോട്ടുകള്‍ അച്ചടിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ധന മന്ത്രാലയം കുറിപ്പ് പുറപ്പെടുവിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ചൂടിലുള്ള കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പണം പൂഴ്ത്തിവച്ചതാകാം ഈ ‘അസാധാരണമായ വര്‍ധന’യ്ക്ക് കാരണം. സന്ദര്‍ഭവശാല്‍, ഈ മേഖലകളില്‍ കറന്‍സിയുടെ ക്ഷാമം കൂടുതല്‍ തീക്ഷ്ണമായിരുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നിരന്തരമായ തെരഞ്ഞെടുപ്പ് ചാക്രിക സഞ്ചാരത്തിലാണെന്ന വസ്തുത കറന്‍സി ക്ഷാമത്തിലേക്ക് നയിച്ച ഘടകങ്ങളിലൊന്നായിരിക്കാമെങ്കിലും മൂലകാരണം ഇതല്ല.

പ്രഥമദൃഷ്ട്യാ ഇത് വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നമായാണ് കാണപ്പെടുന്നത്. നോട്ട് അസാധുവാക്കലിനു മുന്‍പുള്ള കറന്‍സി ലഭ്യത നേടിയെടുക്കുകയാണെങ്കില്‍ പ്രശ്‌നം അവസാനിക്കുകയും ചെയ്യും. എന്നാല്‍, കര്‍ശനമായ നിയന്ത്രണങ്ങള്‍ കാരണം ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകളില്‍ ഉപഭോക്താക്കള്‍ക്കുള്ള താല്‍പര്യം ക്ഷയിക്കുന്നതാണ് ഉരുത്തിരിയുന്ന, കൂടുതല്‍ ഉത്കണ്ഠയുണര്‍ത്തുന്ന വിഷയം.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ ബാങ്കുകളെ പിടിച്ചു കുലുക്കുന്ന വഞ്ചനയും അഴിമതി കുംഭകോണങ്ങളും നിക്ഷേപകര്‍ക്ക് ബാങ്കിംഗ് സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിലേക്കും തങ്ങളുടെ പണം പിന്‍വലിക്കുന്നതിലേക്കും നയിച്ചിരിക്കാമെന്നുമുള്ള വാദങ്ങളുണ്ട്. ധനകാര്യ സ്ഥാപനങ്ങളുടെ നിലനില്‍പിന്റെ അടിസ്ഥാനമാണല്ലോ വിശ്വാസ്യത. എന്നാല്‍ 2008ലെ സാമ്പത്തിക പ്രതിസന്ധിയെ ലോക സമ്പദ് വ്യവസ്ഥകള്‍ അതിജീവിച്ചുവെന്ന വസ്തുത പരിഗണിക്കുമ്പോള്‍, ഒരുകൂട്ടം അഴിമതി പ്രശ്‌നങ്ങളേക്കാളും, ബാങ്കിംഗ് സംവിധാനത്തിലെ വിശ്വാസ്യതയ്ക്ക് പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള നൈസര്‍ഗ്ഗിക കഴിവ് എത്രയോ കൂടുതലാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായുണ്ടായ സംഭവവികാസങ്ങളിലെ രണ്ട് ഘടകങ്ങളിലൂടെ ഈ കറന്‍സി ക്ഷാമത്തെ വിശദീകരിക്കാം. ഒന്നാമത്തേത്, സമ്പദ് വ്യവസ്ഥയിലെ കറന്‍സിയുടെ തോത് അനുകൂലമായ നിരക്കില്‍ എത്തിച്ചേരുന്നതിന് മുന്‍പ് ഡിജിറ്റല്‍ ഇടപാടുകളില്‍ പെട്ടന്നുണ്ടായ ഇടിവാണ്. 2016 നവംബറില്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന് മുന്‍പത്തേതിനേക്കാള്‍ കറന്‍സി ഇപ്പോള്‍ ഉണ്ടെന്ന വാദം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ചിത്രമാണ് നല്‍കുന്നത്. 2002 ന് ശേഷം ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്ത് ലഭ്യമായ കറന്‍സി, ജിഡിപിയുടെ 12 ശതമാനമാണ്. നോട്ട് അസാധുവാക്കലിന് ശേഷം ഈ ലഭ്യത 6.3 ശതമാനമായി കുറഞ്ഞെങ്കിലും ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഏപ്രില്‍ മാസം പുറത്തു വന്ന ഏറ്റവും പുതിയ ആര്‍ബിഐ കണക്കുകള്‍ പ്രകാരം കറന്‍സി സര്‍ക്കുലേഷന്‍ നിരക്ക് 11 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയിലെ കറന്‍സി സര്‍ക്കുലേഷന്റെ തോത് ഇപ്പോഴും നോട്ട് അസാധുവാക്കലിന് മുന്‍പുള്ള നിരക്കിലും താഴെയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എന്നാല്‍, നോട്ട് അസാധുവാക്കലിനു ശേഷം ഇതുവരെ കറന്‍സി നിരക്ക് സാധാരണ നിലയിലെത്തിയിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് നോട്ട് ക്ഷാമം ഇപ്പോള്‍ മാത്രം പ്രകടമായത്? ഇത്രയും നാള്‍ ഡിജിറ്റല്‍ പേമെന്റുകള്‍ കറന്‍സിയുടെ അഭാവത്തിന് പകരം നിന്നതുകൊണ്ടാണത്. 2016 നവംബര്‍ മുതല്‍ മൊബീല്‍ വാലറ്റുകള്‍, യുപിഐ എന്നിവ പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ധനവിനിമയം ഗണ്യമായി വര്‍ധിച്ചെന്ന് ഫെബ്രുവരി വരെ ലഭ്യമായ ഇലക്ട്രോണിക് പേമെന്റുമായി ബന്ധപ്പെട്ട ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നിരുന്നാലും എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ആര്‍ബിഐ, ‘നോ യുവര്‍ കസ്റ്റമര്‍’ (കെവൈസി) മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. ഫെബ്രുവരി 28 ആയിരുന്നു കെവൈസി വിവരങ്ങങ്ങള്‍ നല്‍കേണ്ടിയിരുന്ന അവസാന തീയതി. ഇതിനുശേഷം, മാര്‍ച്ച് മാസത്തിലെ ആദ്യ ആഴ്ചയില്‍ പേയ്‌മെന്റ് ബിസിനസ് രംഗത്തുള്ള മിക്ക സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ വാലറ്റുകള്‍ വഴിയുള്ള ഇടപാടുകളില്‍ 40-45 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ ഇനിയും പുറത്തു വരാനുണ്ട്. കെവൈസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനേക്കാള്‍ കറന്‍സിയിലേക്ക് മാറുന്നതാണ് സൗകര്യപ്രദമെന്ന് ഉപഭോക്താക്കള്‍ കണ്ടെത്തി. അങ്ങനെ, കറന്‍സിയുടെ അഭാവത്തിനൊപ്പം ഡിജിറ്റല്‍ ഇടപാടുകളിലുണ്ടായ ഇടിവുകൂടിയായപ്പോള്‍ ആവശ്യകതയിലും വിതരണത്തിലുമുള്ള പൊരുത്തക്കേടിലേക്ക് എളുപ്പമെത്തി.

തെരഞ്ഞെടുപ്പ് ചൂടിലുള്ള കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പണം പൂഴ്ത്തിവച്ചതാകാം ഈ ‘അസാധാരണമായ വര്‍ധന’യ്ക്ക് കാരണം. സന്ദര്‍ഭവശാല്‍, ഈ മേഖലകളില്‍ കറന്‍സിയുടെ ക്ഷാമം കൂടുതല്‍ തീക്ഷ്ണമായിരുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നിരന്തരമായ തെരഞ്ഞെടുപ്പ് ചാക്രിക സഞ്ചാരത്തിലാണെന്ന വസ്തുത കറന്‍സി ക്ഷാമത്തിലേക്ക് നയിച്ച ഘടകങ്ങളിലൊന്നായിരിക്കാമെങ്കിലും മൂലകാരണം ഇതല്ല. 

രണ്ടാമതായി, സര്‍ക്കാരോ ആര്‍ബിഐയോ വ്യക്തത വരുത്തിയില്ലെങ്കില്‍ കൂടി, 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് കുറയ്ക്കുകയോ നിര്‍ത്തി വെക്കുകയോ ചെയ്തിട്ടുണ്ടെന്നുള്ളത് കൂടുതല്‍ വ്യക്തമാവുകയാണ്. ഇതിനു പകരമെന്നോണം 200 രൂപ നോട്ടുകളുടെ വിതരണം വര്‍ധിപ്പിച്ചതായും കാണാം. സമ്പദ് വ്യവസ്ഥയില്‍ കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ തോത് വര്‍ധിപ്പിക്കുക എന്നതാണ് ആശയം. ജനങ്ങളുടെ അത്യാവശ്യ പണമിടപാടുകള്‍ മാത്രം നിറവേറ്റാന്‍ കറന്‍സി ഉപയോഗിക്കുകയും കള്ളപ്പണത്തിന്റെ പ്രചാരത്തിന് കടിഞ്ഞാണിടുകയുമാണ് ലക്ഷ്യം. എന്നിരുന്നാലും, കുറഞ്ഞ മൂല്യത്തിലുള്ള നോട്ടുകളുടെ ലഭ്യതക്കായി എടിഎമ്മുകള്‍ അടിക്കടി നിറയ്‌ക്കേണ്ടതുണ്ട്. ഇത് കറന്‍സി ക്ഷാമമുണ്ടെന്ന ധാരണയുണ്ടാക്കുകയും ചെയ്യും.

ഈ രണ്ടു കാരണങ്ങളിലേതെങ്കിലുമൊന്നു മൂലം നോട്ടിന്റെ വിതരണം കുറഞ്ഞുവെന്ന ധാരണ പൊതുജനങ്ങള്‍ക്കുണ്ടായാല്‍ പരിഭ്രാന്തി മൂലം കറന്‍സി പൂഴ്ത്തിവെപ്പ് ഉണ്ടാവും. ഇത് പണത്തിന്റെ അഭാവം കൂടുതല്‍ വര്‍ധിപ്പിക്കുകയും ചെയ്യും. പ്രഥമദൃഷ്ട്യാ ഇത് വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നമായാണ് കാണപ്പെടുന്നത്. നോട്ട് അസാധുവാക്കലിനു മുന്‍പുള്ള കറന്‍സി ലഭ്യത നേടിയെടുക്കുകയാണെങ്കില്‍ പ്രശ്‌നം അവസാനിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ ചിത്രം അല്‍പം കൂടി വ്യക്തമാകൂ.

അതായത്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കറന്‍സിയുമായി ബന്ധപ്പെട്ട ഈ പ്രതിസന്ധി ഒരു വലിയ പ്രശ്‌നമല്ല. കര്‍ശനമായ നിയന്ത്രണങ്ങള്‍ കാരണം ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകളില്‍ ഉപഭോക്താക്കള്‍ക്കുള്ള താല്‍പര്യം ക്ഷയിക്കുന്നതാണ് ഉരുത്തിരിയുന്ന, കൂടുതല്‍ ഉത്കണ്ഠയുണര്‍ത്തുന്ന വിഷയം. ഇത് ഒരു പ്രവണതയുടെ തുടക്കമാണെങ്കില്‍, ഇന്ത്യയുടെ ഡിജിറ്റല്‍ മുന്നേറ്റത്തിന്റെ അകാല ചരമത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഈ വെല്ലുവിളിയോട് ആര്‍ബിഐയും സര്‍ക്കാരും എങ്ങനെ പ്രതികരിക്കും എന്നത് നിരീക്ഷിക്കുന്നത് രസകരമായിരിക്കും. നയപരമായ മാറ്റങ്ങളിലൂടെ വ്യവഹാര രീതികളിലും മാറ്റങ്ങളുണ്ടാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമായിരിക്കും. തടസങ്ങള്‍ കുറഞ്ഞ പാതയില്‍ സഞ്ചരിക്കാനാവും ജനങ്ങള്‍ ഇഷ്ടപ്പെടുക. ഇന്ത്യയെ സംബന്ധിച്ച്, പണത്തെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയിലേക്കുള്ള മടങ്ങിപ്പോക്കിന്റെ സൂചകമാവുമിത്.

ഡിജിറ്റല്‍ പേമെന്റുകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഇതിനുള്ള പരിഹാരം. കെവൈസി മാനദണ്ഡങ്ങള്‍ ആവശ്യമാണെങ്കിലും ഇത് അല്‍പം കൂടി ലഘൂകരിക്കുകയും ഇടപാടുകാര്‍ക്ക് തടസങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതുമാക്കണം. ഇതിനൊപ്പം, വലിയ മൂല്യമുള്ള നോട്ടുകളുടെ അഭാവം, കറന്‍സി അധിഷ്ഠിത ഇടപാടുകളുടെ വിനിമയ ചെലവ് വര്‍ധിപ്പിക്കുകയും ഡിജിറ്റല്‍വല്‍ക്കരണത്തിലേക്കുള്ള നീക്കത്തിന് പ്രേരണയാവുകയും ചെയ്യും.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപിറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider