കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തില്‍ വാട്‌സപ്പ് ഗ്രൂപ്പുകള്‍ക്ക് വലിയ പങ്കെന്ന് റിപ്പോര്‍ട്ട്

കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തില്‍ വാട്‌സപ്പ് ഗ്രൂപ്പുകള്‍ക്ക് വലിയ പങ്കെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി യുടെ വിജയത്തിനു പിന്നില്‍ വാട്‌സപ്പ് ഗ്രൂപ്പുകളെന്ന് വിദേശ മാധ്യമങ്ങള്‍. ഇന്ത്യയില്‍ നടന്ന ആദ്യ ‘വാട്‌സാപ്പ് തിരഞ്ഞെടുപ്പില്‍’ ബിജെപി വിജയിച്ചുവെന്നാണ് ട്വിറ്ററും ഫെയ്‌സ്ബുക്കും വിലയിരുത്തുന്നത്. ഗ്രാമങ്ങളിലും ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണുകളും എത്തിയതോടെ വാട്‌സാപ്പ് വഴി പ്രചാരണം നടത്തി വോട്ട് നേടുകയായിരുന്നു പാര്‍ട്ടികള്‍.

വീടുകള്‍ കയറി ഇറങ്ങിയുള്ള വോട്ടു പിടുത്തത്തെക്കാള്‍ ഫലവത്തായ മാര്‍ഗ്ഗമാണിതെന്ന് പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു. കര്‍ണാടകയില്‍ മാത്രം ഒരു ലക്ഷത്തോളം വാട്‌സാപ്പ് ഗ്രൂപ്പുകളാണ് തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ്സും ബിജെപിയും ഉപയോഗപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍് വാട്‌സാപ്പ് വഴി പോസ്റ്റുകളും വിഡിയോകളും പ്രചരിച്ചു. ബിജെപിക്ക് വേണ്ടി മാത്രം 50,000 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ ഗ്രൂപ്പുകള്‍ വഴി വോട്ടര്‍മാരിലേക്ക് ദിവസവും നൂറായിരം സന്ദേശങ്ങളാണ് കൈമാറിയത്. ഇരു പാര്‍ട്ടികളും വ്യാജ വാര്‍ത്തകളും കണക്കുകളും നിരത്തി ഗ്രാമീണ വോട്ടര്‍മാരെ വഴിതിരിച്ചുവിടാനും ശ്രമം നടത്തി.

വാട്‌സാപ്പ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ക്കിടയില്‍ കലഹം വരെ നടന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് വഴി വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാണ് ട്രംപ് അധികാരത്തില്‍ വന്നത്. സമാനമായ സംഭവമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ നടക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ഫെയ്‌സ്ബുക്, വാട്‌സാപ്പ് എന്നിവ നിയന്ത്രിക്കുമെന്ന് അധികാരികള്‍ പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോയത്. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുമെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇത് നിയന്ത്രിക്കാനാവാതെ വന്നാല്‍ അടുത്ത രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വെല്ലുവിളി നേരിടേണ്ടി വന്നേക്കും.

 

Comments

comments

Categories: Politics, Tech

Related Articles