ലോകത്തിലെ ഏറ്റവും ശക്തനായ സിഇഒ ജെഫ് ബെസോസ്

ലോകത്തിലെ ഏറ്റവും ശക്തനായ സിഇഒ ജെഫ് ബെസോസ്

ആമസോണിന്റെ ഓഹരി മൂല്യം കഴിഞ്ഞ വര്‍ഷം 70 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും കരുത്തനായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ആണെന്ന് ഫോബ്‌സ്. ഭൂമിയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ ഏറ്റവും ശക്തനായ അഞ്ചാമത്തെ വ്യക്തിയും ജെഫ് ബെസോസ് ആണ്. 133 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.
ഫോബ്‌സിന്റെ മികച്ച സിഇഒമാരുടെ പട്ടികയില്‍ ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് സിഇഒ ലാറി പേജും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ ബെര്‍ഗുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

ജെഫ് ബെസോസിനു പുറമെ ലോകത്തിലെ ഏറ്റവും ശക്തരായ പത്ത് വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഏക സിഇഒ ലാറി പേജ് ആണ്. സിഇഒമാരുടെ പട്ടികയില്‍ അമേരിക്കകാരനല്ലാത്ത ഏറ്റവും കരുത്തുറ്റ ബിസിനസ് നേതൃത്വം ആലിബാബ സിഇഒ ജാക് മയാണ്. ആമസോണിനെ പോലെ ആലിബാബയും ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് ബിസിനസാണ് ആലിബാബയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.
ബെസോസിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വര്‍ഷമായിരുന്നു 2017. ആമസോണിന്റെ ഓഹരി മൂല്യത്തില്‍ റെക്കോഡ് ഉയര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ആമസോണിന്റെ ഓഹരി മൂല്യം കഴിഞ്ഞ വര്‍ഷം 70 ശതമാനം വര്‍ധിച്ചതായി ഫോബ്‌സ് ചൂണ്ടിക്കാട്ടി. 780 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൊത്തം മൂല്യം.

2017ലാണ് ബെസോസ് ആദ്യമായി ഫോബ്‌സിന്റെ ധനികരുടെ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ധാനികരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്‌സിനും വാറന്‍ ബഫറ്റിനും പിന്നിലായിരുന്നു ബെസോസ്. കരുത്തരുടെ പട്ടികയില്‍ ബില്യനേയര്‍ നിക്ഷേപകനായ വാറന്‍ ബഫറ്റും ഇടം നേടിയിട്ടുണ്ട്.

Comments

comments

Categories: Business & Economy