രാജ്യാന്തര വിമാന സര്‍വീസുകള്‍ വിപുലീകരിക്കാനൊരുങ്ങി ഇന്‍ഡിഗോ

രാജ്യാന്തര വിമാന സര്‍വീസുകള്‍ വിപുലീകരിക്കാനൊരുങ്ങി ഇന്‍ഡിഗോ

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വിമാനങ്ങളുടെ എണ്ണം 200ലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം

ന്യൂഡെല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന് ദേശീയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പദ്ധതിയിടുന്നു. അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ 24 വിദേശ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. മിഡില്‍ ഈസ്റ്റ്, ദക്ഷിണ-കഴിക്കന്‍ ഏഷ്യ, ചൈന എന്നിവിടങ്ങളിലേക്കുള്ള 18 ഹ്രസ്വദൂര റൂട്ടുകളിലും ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ആറ് നഗരങ്ങളിലേക്കുള്ള ദീര്‍ഘദൂര റൂട്ടുകളിലും പുതുതായി സര്‍വീസ് ആരംഭിക്കും. ഇതിനായി ഡുവല്‍-എയ്‌സില്‍ എയര്‍ക്രാഫ്റ്റ് വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്.

വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. രാജ്യാന്തര സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ജൂലൈയില്‍ നടക്കുന്ന ഫാണ്‍ബോറോ എയര്‍ ഷോയില്‍ കമ്പനി വൈഡ്-ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. വിപുലീകരണം സംബന്ധിച്ച് ഇന്‍ഡിഗോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, അന്താരാഷ്ട്ര സര്‍വീസുകളില്‍ വലിയ തരത്തിലുള്ള വിപുലീകരണത്തിന് കമ്പനി തയാറെടുക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കമ്പനി നടത്തുന്ന രണ്ടാം ഘട്ട വിപുലീകരണ പ്രവര്‍ത്തനമാണിത്. പുതിയ എയര്‍ക്രാഫ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനൊപ്പം ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളുടെ വിപുലീകരണത്തിനും കമ്പനി മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാഹുല്‍ ഭാട്ടിയ ഈ മാസം ആദ്യം അറിയിച്ചിരുന്നു. ഇടത്തരം-ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും ഭാവിയില്‍ വൈഡ്-ബോഡി എയര്‍ക്രഫ്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇക്കാര്യത്തില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് അന്ന് ഭാട്ടിയ അറിയിച്ചത്.

അതേസമയം, ഈ വര്‍ഷം മാര്‍ച്ച്-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യന്‍ നഗരങ്ങളെ ബഹ്‌റൈന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഹോങ്കോംഗ്, കുവൈത്ത്, മലേഷ്യ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. 160 എയര്‍ക്രാഫ്റ്റുകളാണ് ഇന്‍ഡിഗോയ്ക്ക് നിലവിലുള്ളത്. മാര്‍ച്ചില്‍ ഏകദേശം 39.5 ശതമാനം വിമാന യാത്രികരാണ് ഇന്‍ഡിഗോയുടെ സേവനം ഉപയോഗപ്പെടുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ വിമാനങ്ങളുടെ എണ്ണം 200ലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.

Comments

comments

Categories: Business & Economy