ഗ്രാമീണ മേഖലയിലെ ഉപഭോഗത്തില്‍ വര്‍ധന
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ എച്ച്യുഎല് (ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്) മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ പ്രകടന ഫലം പുറത്തുവിട്ടു. അനലിസ്റ്റുകളുടെ പ്രവചനങ്ങളെ മറികടന്നുകൊണ്ട് 14.2 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തിലെ 1,183 കോടി രൂപയില്‍ നിന്നും അറ്റാദായം 1,351 കോടി രൂപയിലെത്തിയതായി എച്ച്യുഎല് റിപ്പോര്‍ട്ട് ചെയ്തു. നാലാം പാദത്തില്‍ എച്ച്യുഎല് 1,333 കോടി രൂപയുടെ ലാഭം നേടുമെന്നായിരുന്നു അനലിസ്റ്റുകളുടെ പ്രവചനം
ഏകീകൃത ചരക്ക് സേവന നികുതി (ജിഎസടി) നടപ്പില്‍ വന്നതിനു ശേഷം വ്യാപാരം സാധാരണ നിലയിലേക്കെത്തിയതും ഉപഭോഗം വര്‍ധിച്ചതുമാണ് നാലാം പാദത്തില്‍ മികച്ച ലാഭം നേടാനുള്ള കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടി. എച്ച്യുഎല്ലിന്റെ മൊത്തം വില്‍പ്പനയില്‍ 2.5 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് നാലാം പാദത്തില്‍ ഉണ്ടായിട്ടുള്ളത്. വില്‍പ്പന മൂല്യം 8,773 കോടി രൂപയില്‍ നിന്നും 9,003 കോടി രൂപയിലേക്കുയര്‍ന്നു. ആഭ്യന്തര ഉപഭോക്തൃ വില്‍പ്പന 16 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും എച്ച്യുഎല് പ്രസ്താവനയിലൂടെ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്ന് 2016-2017 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വില്‍പ്പന നാല് ശതമാനം കുറഞ്ഞിരുന്നു.
ഹോം കെയര്‍ വിഭാഗത്തില്‍ നിന്നും 3,102 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ പാദത്തില്‍ കമ്പനി നേടിയത്. പ്രധാന ബ്രാന്‍ഡുകളില്‍ നിന്നായി ലോണ്ടറി വിഭാഗത്തില്‍ ഇരട്ടയക്ക വളര്‍ച്ച നേടിയതായും കമ്പനി അറിയിച്ചു. ഹൗസ്ഹോള്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തിലും ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പേഴ്സണല്‍ കെയര്‍ വിഭാഗത്തില്‍ നിന്നും 4,096 കോടി രൂപയുടെ വരുമാനം നേടിയതായും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമീണ മേഖലകളില്‍ നഗര പ്രദേശങ്ങളിലുള്ളതിനേക്കാള്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞ പാദത്തില്‍ കമ്പനി കഴിഞ്ഞിട്ടുണ്ടെന്ന് എച്ച്യുഎല് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസ് ഫതക് അറിയിച്ചു.
നോട്ട് അസാധുവാക്കലും ജിഎസ്ടിയിലേക്കുള്ള മാറ്റവും നല്കിയ ആഘാതങ്ങളില്‍ നിന്നും ഉപഭോക്തൃ ചെലവിടല്‍ കരകയറിയത് കണ്‍സ്യൂമര്‍ കമ്പനികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം വില്‍പ്പയില്‍ ഇരട്ടയക്ക വളര്‍ച്ച നേടാനാകുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. 2019 സാമ്പത്തിക വര്‍ഷം ഏകദേശം 10-12 ശതമാനം വളര്‍ച്ച നേടാനാകുമെന്ന പ്രതീക്ഷയാണ് ജിപിസിഎല്ലും ഡാബറും പങ്കുവെച്ചിട്ടുള്ളത്.