പ്രകൃതിയോടിണങ്ങി ഹരിത ശ്മശാനം

പ്രകൃതിയോടിണങ്ങി ഹരിത ശ്മശാനം

വിറകുകള്‍ക്കായി മരം മുറിക്കാതെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് മികച്ച പകരക്കാരനെ കണ്ടെത്തി ഹരിത ശ്മശാനങ്ങള്‍ സജീവമാകുന്നു. കാര്‍ബണിന്റെ പുറംതള്ളല്‍ കുറവുള്ള കാര്‍ഷിക മാലിന്യങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച ബയോമാസ് ബ്രിക്വറ്റുകളാണ് ഹരിത ശ്മശാനങ്ങളില്‍ ഉപയോഗിക്കുന്നത്

മരം ഒരു വരം എന്ന ചൊല്ല് പഠിപ്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് നാഗ്പൂരില്‍. പരിസ്ഥിതി സൗഹാര്‍ദതയ്ക്കായി പ്രവര്‍ത്തിക്കുന്ന എക്കോഫ്രണ്ട്‌ലി ലിവിംഗ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ ശ്മാശാനങ്ങള്‍ പ്രകൃതി സൗഹാര്‍ദ രീതിയില്‍ തയാറാക്കിയിരിക്കുകയാണിവിടെ. ശവസംസ്‌കാരത്തിനും മറ്റുമായി ഇനി മരങ്ങള്‍ മുറിക്കാതെ വിറകുകള്‍ക്കായി ബയോമാസ് ബ്രിക്വറ്റുകള്‍ ഉപയോഗിക്കുന്ന രീതിയാണ് ഇവര്‍ പ്രോല്‍സാഹിപ്പിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനൊപ്പം മാലിന്യ നിര്‍മാര്‍ജ്ജനത്തിനുള്ള സാധ്യതകള്‍ക്കും കൂടി ഇവിടെ വഴി തുറന്നിരിക്കുന്നു.

പ്രകൃതി സൗഹാര്‍ദത, പ്രകൃതി ചൂഷണം കുറയ്ക്കുക എന്നിവയെ കുറിച്ച് ദിനംപ്രതി കേട്ടിട്ടും ഇന്ത്യയില്‍ ചില നഗരങ്ങള്‍ മാത്രമാണ് ഈ രീതി കൃത്യമായി പിന്തുടരുന്നത്. പരിസ്ഥിതിയോടിണങ്ങി, പുനരുപയോഗ ഊര്‍ജത്തിന്റെ സാധ്യതകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തിലും മറ്റും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് എക്കോഫ്രണ്ട്‌ലി ലിവിംഗ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നത്. നാഗ്പൂരിന്റെ മാതൃക ഇപ്പോള്‍ പൂനെയിലും പനാജിയിലും നടപ്പാക്കിയിട്ടുണ്ട്.

ഹരിത ശവസംസ്‌കാരം

ഒരു വൃക്തി മരണമടഞ്ഞാല്‍ ശരീരം സംസ്‌കരിക്കുന്നതിനായി പൂര്‍ണവളര്‍ച്ച പ്രാപിച്ച അതായത് ഏകദേശം 15 വര്‍ഷം പൂര്‍ത്തിയായ രണ്ടോളം മരങ്ങള്‍ സാധാരണഗതിയില്‍ മുറിക്കേണ്ടി വരാറുണ്ട്. ഈ തിരിച്ചറിവ് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് സംഘടനയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്. ജനങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരോടുള്ള വികാരം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, മരങ്ങളെ സംരക്ഷിച്ച് വിറകുകള്‍ക്ക് ഏറ്റവും യോജിച്ച പകരക്കാരനെയാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. എക്കോഫ്രണ്ട്‌ലി ലിവിംഗ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകനായ വിജയ് ലിമയെ ആണ് ഹരിത ശവസംസ്‌കാരം എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി നാഗ്പൂരില്‍ ഈ നടപടി പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടുനിന്നത്. വിറകുകള്‍ക്ക് പകരമായി ബയോമാസ് ബ്രിക്വറ്റുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. വിളവെടുപ്പിനു ശേഷം ഉപയോഗശൂന്യമാകുന്ന പരുത്തിച്ചെടി തണ്ടുകള്‍, ഉമി, അര്‍ഹര്‍ സസ്യം എന്നിവ കൂട്ടിച്ചേര്‍ത്താണ് ഈ ബയോമാസ് ബ്രിക്വറ്റുകള്‍ തയാറാക്കുന്നത്. സൊയാബീന്‍, നെല്ല് എന്നിവയുടെ ഉമിയാണ് സാധാരണയായി ഇവയുടെ നിര്‍മാണത്തിന് ഉപയോഗിക്കാറുള്ളത്. കത്തിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണിന്റെ അംശം വളരെ കുറവായതിനാലാണ് ഇവ തെരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ ശ്മശാനം സ്ഥാപിച്ചത് നാഗ്പൂരിലെ അംബാസാരി ഘാട്ടിലായിരുന്നു. 2016 ജൂണിലാണ് ഇതിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. എക്കോഫ്രണ്ട്‌ലി ലിവിംഗ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാഗ്പൂര്‍ മുനിസിപ്പില്‍ കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടെയാണ് ശ്മശാനം സ്ഥാപിച്ചത്

”ബയോമാസ് ബ്രിക്വറ്റുകള്‍ തയാറാക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിക്കുശേഷം പാഴാകുന്ന മാലിന്യങ്ങളിലൂടെ അധിക വരുമാനവും നേടാനാകും. ഒരു ടണ്‍ കാര്‍ഷിക മാലിന്യങ്ങള്‍ക്ക് കുറഞ്ഞത് 2000 രൂപ മുതല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്്”, വിജയ് പറയുന്നു.

ചെലവ് കുറച്ച് പ്രകൃതിയോടിണങ്ങാം

വര്‍ധിച്ചുവരുന്ന ജനസംഖ്യയും വീടുകളിലെ സ്ഥലപരിമിതിയും മറ്റും നമ്മെ ഇലക്ട്രിക് ശ്മശാനങ്ങളിലേക്ക് വഴിതിരിച്ചിട്ടുണ്ട്. നഗരങ്ങളിലും മറ്റും ഇതു സര്‍വസാധാരണയായിട്ടുണ്ട്. എന്നാല്‍ മതവിശ്വാസങ്ങളുടെ പേരില്‍ ഇന്നും പാരമ്പര്യ രീതിയിലുള്ള ശവസംസ്‌കാര രീതികള്‍ ഇന്ത്യയില്‍ മിക്ക ഇടങ്ങളിലും നിലനില്‍ക്കുന്നു. പുണ്യസ്ഥലങ്ങളില്‍, ഉദാഹരണത്തിന് ഘാട്ടുകളിലും മറ്റും ഇന്നും ഈ രീതി തന്നെ പിന്തുടരുന്ന കാഴ്ചയാണുള്ളത്. മൃതദേഹം ദഹിപ്പിക്കുക എന്ന വിശ്വാസത്തിന് കോട്ടം വരുത്താതെ വിറകിനു പകരം മറ്റൊരു ഇന്ധനം എന്ന ആശയത്തിനോട് ജനങ്ങള്‍ അനുഭാവപൂര്‍വം യോജിക്കുന്നുണ്ടെന്നും വിജയ് ചൂണ്ടിക്കാട്ടുന്നു.

ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് പൂര്‍ണവളര്‍ച്ച പ്രാപിച്ച രണ്ടു മരങ്ങളുടെ വിറകിന് പകരം 250 കിലോഗ്രാം ബയോമാസ് ബ്രിക്വറ്റുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. ഈ വേറിട്ട ശവസംസ്‌കാര രീതിക്ക് ചെലവും വളരെ കുറവാണെന്നാണ് വിജയ് പറയുന്നത്. വിവിധ ഇടങ്ങളിലെ ഇതിനായി ഈടാക്കുന്ന നിരക്ക് 3000 രൂപയില്‍ നിന്നും 1500 ആയി കുറഞ്ഞിട്ടുണ്ട്.

ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് പൂര്‍ണവളര്‍ച്ച പ്രാപിച്ച രണ്ടു മരങ്ങളുടെ വിറകിന് പകരം 250 കിലോഗ്രാം ബയോമാസ് ബ്രിക്വറ്റുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. ഈ വേറിട്ട ശവസംസ്‌കാര രീതിക്ക് ചെലവും വളരെ കുറവാണ്‌

ആദ്യ ശ്മശാനം നാഗ്പൂരില്‍

ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ ശ്മശാനം സ്ഥാപിച്ചത് നാഗ്പൂരിലെ അംബാസാരി ഘാട്ടിലായിരുന്നു. 2016 ജൂണിലാണ് ഇതിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. എക്കോഫ്രണ്ട്‌ലി ലിവിംഗ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാഗ്പൂര്‍ മുനിസിപ്പില്‍ കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടെയാണ് ശ്മശാനം സ്ഥാപിച്ചത്. പരിസ്ഥിതി സൗഹാര്‍ദ പരിപാടികള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്ന വിജയ് ലിമയെ ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി പേര് എടുത്തുപറഞ്ഞ് അഭിനന്ദിച്ചിരുന്നു.

പരിസ്ഥിതി സൗഹാര്‍ദ ശ്മശാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയ ശേഷം വിറക് ഉപയോഗിക്കുന്ന സംസ്‌കാര രീതിക്ക് നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിരക്ക് വര്‍ധിപ്പിക്കുകയുണ്ടായി. ഇതും ആളുകള്‍ പുതിയ രീതിയിലേക്ക് വഴിമാറാന്‍ കാരണമായിട്ടുണ്ട്. നാഗ്പൂരിനു ശേഷം സംഗാലി സിറ്റി കോര്‍പ്പറേഷനും സമാന രീതിയിലുള്ള ശ്മശാനങ്ങള്‍ക്ക് തുടക്കമിടുകയുണ്ടായി. പരിസ്ഥിതി സൗഹാര്‍ദ ശ്മശാനത്തിനു പുറമെ എല്‍പിജി ശ്മശാനവും ഇവിടെ നിലവിലുണ്ട്. പൂനെയിലും തുടര്‍ന്ന് പനാജിയിലും ഇപ്പോള്‍ ഇത്തരത്തിലുള്ള ശ്മാശനങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുകയാണ്. തുടക്കത്തില്‍ പനാജി റോട്ടറിക്ലബ് ബയോമാസ് ബ്രിക്വറ്റുകള്‍ അവിടെയുള്ള വിവിധ ശ്മശാനങ്ങളിലേക്ക് തികച്ചും സൗജന്യമായി നല്‍കിയാണ് ഈ പുതിയ രീതിക്ക് പ്രോല്‍സാഹനം നല്‍കിയത്. ആളുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 10-12 ടണ്ണോളം ബയോമാസ് ബ്രിക്വറ്റുകള്‍ ഞങ്ങള്‍ സൗജന്യമായി നല്‍കി. വിവിധ ശ്മശാനം നടത്തിപ്പുകാര്‍ വരുനാളുകളില്‍ അവര്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്തു വാങ്ങുമെന്നുള്ള പ്രതീക്ഷയാണുള്ളത്- പനാജി റോട്ടറി ക്ലബ് അംഗമായ അനില്‍ സര്‍ദേശായി പറയുന്നു. പനാജി ശ്മശാനത്തില്‍ ഒന്നരലക്ഷം രൂപ മുടക്കി ഒരു സ്റ്റീല്‍ കണ്ടെയ്‌നറും ഇവര്‍ അടുത്തിടെ സ്ഥാപിച്ചിരുന്നു.

പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ മരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന വിവിധ പരിപാടികള്‍ എക്കോഫ്രണ്ട്‌ലി ലിവിംഗ് ഫൗണ്ടേഷന്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് നാഗ്പൂരില്‍ തുടക്കമിട്ട ആശയത്തിന് ഇന്ന് സംസ്ഥാനം കടന്ന് വേരുകള്‍ പടര്‍ന്നു പന്തലിക്കുകയാണ്. ഇന്ത്യയിലെമ്പാടും വിറകുകള്‍ക്ക് പകരം പരിസ്ഥിതി സൗഹാര്‍ദ ബയോമാസ് ബ്രിക്വറ്റുകളായാല്‍ ഇത്തരത്തില്‍ മരങ്ങളുടെ നഷ്ടം നല്ലൊരു ശതമാനം കുറയ്ക്കാന്‍ കഴിയും.

Comments

comments

Categories: FK Special, Slider