സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം

സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം

ലോകം മുഴുവന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന്റെയും ത്രീഡി പ്രിന്റിംഗിന്റെയും ഒക്കെ പിന്നാലെ പായുന്ന ഈ കാലഘട്ടത്തില്‍ ആധുനികതയ്‌ക്കൊപ്പം സഞ്ചരിച്ചെത്തുവാന്‍ സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയ്ക്കും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണെന്ന് ടി എ വിജയന്‍

എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്‍ഡസ്ട്രി റെഡിയല്ലാത്തതിനുള്ള പ്രധാന കാരണം അവര്‍ക്ക് ആവശ്യമായ ഇന്‍ഡസ്ട്രി ഇന്റെറാക്ഷനുകളും പ്രാക്റ്റിക്കല്‍ കഌസുകളും ലഭിക്കാത്തതാണ് എന്ന പരാതി കാലങ്ങളായി എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയെ സമ്മര്‍ദ്ദത്തിലാക്കുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇന്‍ഡസ്ട്രി റെഡി അല്ലാത്തതിന് പിന്നിലെ പ്രധാന കാരണം ഇതല്ല, മറിച്ച് അടിസ്ഥാന വിദ്യാഭ്യാസരംഗത്തെ മൂല്യച്യുതിയാണ് എന്ന് ശ്രീ നാരായണ ഗുരുകുലം കോളേജ് ഓഫ് എന്‍ജിനീയറിംഗ് എക്‌സിക്യൂട്ടീവ് ഡയറക്റ്ററും എസ് എന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ ടി എ വിജയന്‍ പറയുന്നു. ”ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ആള്‍ പാസ് സിസ്റ്റം അനുസരിച്ച് പഠിച്ചു വരുന്നവരാണ് സ്വാശ്രയകോളേജിലൂടെയും മറ്റും എന്‍ജിനീയറിംഗിലേക്ക് കടക്കുന്നത്. ഇവര്‍ യഥാര്‍ത്ഥത്തില്‍ ഈ കോഴ്‌സ് എടുത്ത് പഠിക്കുവാന്‍ പ്രാപ്തരല്ല എന്ന് വളരെ വൈകി മാത്രമാണ് മനസിലാകുന്നത്. അപ്പോഴേക്കും ഇന്‍ഡസ്ട്രിക്ക് അനുകൂലമായ രീതിയില്‍ ഇവരെ പാകപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ടാകും. ഇവിടെ മാറ്റം വരേണ്ടത് അടിസ്ഥാന വിദ്യാഭ്യാസരംഗത്താണ്. എട്ടാം കഌസ് മുതല്‍ക്കെങ്കിലും കുട്ടികളെ കൃത്യമായി മോണിറ്റര്‍ ചെയ്ത് അവര്‍ക്ക് ഏത് മേഖലയിലാണ് താല്‍പര്യവും കഴിവും ഉള്ളതെന്ന് അധ്യാപകര്‍ മനസിലാക്കിയെടുക്കണം. അതിന്റെ ഭാഗമായി മാത്രമേ ഉന്നത വിദ്യഭ്യാസരംഗത്ത് ഏത് മേഖല സ്വീകരിക്കണം എന്ന് തീരുമാനിക്കാവൂ. അല്ലാത്ത പക്ഷം കേവലം എന്‍ജിനീയറിംഗ് ബിരുദധാരികളെ സൃഷ്ടിക്കാനേ നമുക്കാകൂ, ഗുണനിലവാരമുള്ള എന്‍ജിനീയര്‍മാരെ സൃഷ്ടിക്കാനാവില്ല” ഫ്യൂച്ചര്‍ കേരളയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ടി എ വിജയന്‍ പറയുന്നു.

നാലാം വ്യവസായിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍, കേരളത്തിന്റെ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

ലോകം മുഴുവന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന്റെയും ത്രീഡി പ്രിന്റിംഗിന്റെയും ഒക്കെ പിന്നാലെ പായുന്ന ഈ കാലഘട്ടത്തില്‍ ആധുനികതയ്‌ക്കൊപ്പം സഞ്ചരിച്ചെത്തുവാന്‍ സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയ്ക്കും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഈ മേഖലയിലെ ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ കാര്യത്തില്‍ നാം ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. സര്‍ക്കാര്‍ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ അനിവാര്യമാണ്. മികച്ച സൗകര്യങ്ങളുടെ അഭാവം കുട്ടികളുടെ പഠനത്തെ ബാധിക്കും. നിലവില്‍ സിലബസ്സില്‍ ഉള്ള കാര്യങ്ങള്‍ മാത്രം എളുപ്പത്തില്‍ പഠിപ്പിച്ചു പോകാനുള്ള വ്യഗ്രതയാണ് പല സ്ഥാപനങ്ങളിലും കാണുന്നത്. പ്രാക്റ്റിക്കല്‍ വിദ്യാഭ്യാസം എന്നത് കേവലം പ്രഹസനം മാത്രമായി മാറുന്ന അവസ്ഥയാണ്. പ്രാക്റ്റിക്കല്‍ വിദ്യാഭ്യാസത്തിന് വേണ്ട സാഹചര്യം ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസ രീതിയില്‍ ആവശ്യമായ മാറ്റം വരുത്തുകയും വേണം. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും വീഴ്ച വരുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

പ്രാക്റ്റിക്കല്‍ വിദ്യാഭ്യാസം എന്നത് കേവലം പ്രഹസനം മാത്രമായി മാറുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. പ്രാക്റ്റിക്കല്‍ വിദ്യാഭ്യാസത്തിനു വേണ്ട സാഹചര്യം ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസ രീതിയില്‍ ആവശ്യമായ മാറ്റം വരുത്തുകയും വേണം. സര്‍ക്കാര്‍ ഭാഗത്തു നിന്നും ഇക്കാര്യങ്ങളില്‍ വീഴ്ച വരുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്

സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചിട്ടും നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇന്‍ഡസ്ട്രി റെഡി അല്ല എന്നത് സ്ഥിരം കേള്‍ക്കുന്ന ഒരു പരാതിയാണല്ലോ, എന്താണ് ഇതിനുള്ള പ്രധാന കാരണം ?

നമ്മുടെ പല പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ഇന്‍ഡസ്ട്രി റെഡി അല്ല എന്നത് കാലങ്ങളായി കേട്ട് വരുന്ന പരാതിയിട്ടാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയേയോ മാനേജ്‌മെന്റ് വിദ്യാഭ്യാസ മേഖലയേയോ പേരെടുത്ത് കുറ്റപ്പെടുത്തുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. ഉന്നത ഗുണനിലവാരം ഉള്ള വിദ്യാര്‍ത്ഥികളെ ഇന്‍ഡസ്ട്രിക്ക് നല്‍കാന്‍ കഴിയാത്തതിനുള്ള പ്രധാന കാരണം ഇവിടുത്തെ അടിസ്ഥാന വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിയാണ്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ തോല്‍വി എന്തെന്ന് അറിയാതെ ആള്‍ പ്രൊമോഷന്‍ സ്‌കീമില്‍ പഠിച്ചുകൊണ്ടാണ് പല വിദ്യാര്‍ത്ഥികളും എന്‍ജിനീയറിംഗ് തെരഞ്ഞെടുത്ത് എത്തുന്നത്. എന്‍ട്രന്‍സ് ജയിക്കുന്നത് വരെയുള്ള പഠനമല്ല തുടര്‍ന്ന് വേണ്ടത്. സ്വന്തം താല്‍പര്യത്തോടെയല്ലാതെ ഈ മേഖലയിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവക്കുവാന്‍ കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഒരു പ്രൊഫഷണല്‍ കോഴ്‌സ് എടുത്ത് പഠിക്കുവാന്‍ പ്രാപ്തരല്ല തങ്ങള്‍ എന്ന് വളരെ വൈകി മാത്രമാണ് അവര്‍ മനസിലാകുന്നത്. അപ്പോഴേക്കും ഇന്‍ഡസ്ട്രിക്ക് അനുകൂലമായ രീതിയില്‍ ഇവരെ പാകപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ടാകും. അതായത് കതിരില്‍ വളം വയ്ക്കുന്ന രീതിയാണ് ഇപ്പോള്‍ നമ്മള്‍ പിന്തുടരുന്നത്. ഇവിടെ മാറ്റം വരേണ്ടത് അടിസ്ഥാന വിദ്യാഭ്യാസരംഗത്താണ്. അല്ലാതെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെയും പാഠ്യരീതിയെയും മറ്റും കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല.

ഈ അവസ്ഥയ്ക്ക് എങ്ങനെ മാറ്റം വരുത്താന്‍ കഴിയും?

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസ രംഗത്തെ വേണ്ടരീതിയില്‍ മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ആദ്യ പടി. ഓരോ വിദ്യാര്‍ത്ഥിയെയും അധ്യാപകര്‍ കൃത്യമായി മോണിറ്റര്‍ ചെയ്യണം. കുറഞ്ഞത് എട്ടാം ക്ലാസില്‍ എത്തുമ്പോഴേക്കെങ്കിലും ഒരു കുട്ടിക്ക് അനുയോജ്യമായ പഠനമേഖല ഏതാണ് എന്ന കാര്യത്തില്‍ അധ്യാപകര്‍ ഒരു ധാരണയില്‍ എത്തണം. അതിന്റെ അടിസ്ഥാനത്തില്‍ വേണം മുന്നോട്ടുള്ള പഠനശാഖ തെരഞ്ഞെടുക്കാന്‍. കഴിവില്ലാത്തവര്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് നിന്നും പുറത്തു പോകുക തന്നെ ചെയ്യണം. എങ്കില്‍ മാത്രമേ ഗുണനിലവാരമുള്ള പ്രൊഫഷണലുകളെ ഇന്‍ഡസ്ട്രിക്ക് നല്‍കുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കൂ. കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കി നല്‍കുന്നതില്‍ സര്‍ക്കാര്‍ സത്യസന്ധമായ ഇടപെടലുകള്‍ നടത്തുകയും വേണം. വിദ്യാഭ്യാസത്തെ വ്യാവസായികമായി കാണാതെ ഒരു സേവനമായി കാണേണ്ടതിന്റെ അനിവാര്യത ഇവിടെയാണ്.

ഇതുകൊണ്ടു മാത്രം ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആകുമോ?

ഒരിക്കലുമില്ല,ഞാന്‍ പറഞ്ഞല്ലോ അത് ആദ്യപടി മാത്രമാണ്. രണ്ടാം ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെയാണ്. സാങ്കേതിക വിദ്യ ഒരുപാട് പുരോഗമിച്ച ഈ കാലഘട്ടത്തില്‍ അതിനനുസൃതമായുള്ള സൗകര്യങ്ങള്‍ കാമ്പസുകളില്‍ ഒരുക്കണം. തുടര്‍ന്ന് ഈ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ ഭാവിക്കായി വേ?രീതിയില്‍ വിനിയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകര്‍ ഉറപ്പു വരുത്തണം. സിലബസിനപ്പുറം പ്രാക്ടിക്കല്‍ പഠനത്തിനും ഇന്‍ഡസ്ട്രി ഇന്റെറാക്ഷനും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കണം. ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോഷര്‍ ലഭിച്ച അധ്യാപകരുടെ സേവനം ഇതിനായി വിനിയോഗിക്കാം. കോളേജുകള്‍ക്ക് ഓട്ടോണമസ് സ്റ്റാറ്റസ് നല്‍കുന്നത് ഇക്കാര്യത്തില്‍ ഗുണകരമായിരിക്കും. ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത പരിഗണന നല്‍കി അവരുടെ വികസനത്തിന് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ സര്‍വകലാശാലകള്‍ക്ക് വേണ്ടത്ര ശ്രദ്ധ ചെലുത്താനാകില്ല. എന്നാല്‍ കോളേജുകള്‍ക്ക് സ്വയം ഭരണാവകാശം നല്‍കുകയാണ് എങ്കില്‍ പല കാര്യങ്ങളിലും സ്വന്തമായി തീരുമാനങ്ങള്‍ എടുത്ത് കാലതാമസം കൂടാതെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ഉദാഹരണത്തിന്, ഇപ്പോഴും എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് വിദ്യാഭ്യാസമേഖല കൈകാര്യം ചെയ്യുന്ന സിലബസ് പത്ത് വര്‍ഷത്തോളം പഴക്കമുള്ളതാണ്. അഡ്മിനിസ്‌ട്രേറ്റിവ് ഓട്ടോണമസും അക്കാദമിക് ഓട്ടോണമസും ലഭിക്കുന്ന പക്ഷം ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്താനായി സാധിക്കും. അത് പോലെ വിദ്യാര്‍ത്ഥികളെ പഠനത്തിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് നല്‍കി ഇന്‍ഡസ്ട്രി റെഡി ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും. ഫലത്തില്‍ ഇത് വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിനു പുറമെ, സാങ്കേതിക സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളും ഈ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്.

പല എന്‍ജിനീയറിംഗ് കോളേജുകളിലും ഫാബ് ലാബ്, റെസിഡന്‍ഷ്യല്‍ കാമ്പസ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എങ്കിലും വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉപയോഗിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇതിന്റെ നഷ്ടം വിദ്യാര്‍ത്ഥികള്‍ക്ക് തന്നെയാണ്

സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് ഫീസിനെയും മറ്റ് സൗകര്യങ്ങളെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഉണ്ടാകുന്നത് ഈ രംഗത്തെ എത്രമാത്രം ദോഷകരമായി ബാധിക്കും?

സത്യത്തില്‍ ഇത്തരം വിവാദങ്ങള്‍ക്ക് കേരളത്തില്‍ അടിസ്ഥാനമില്ല. വളരെ മികച്ച രീതിയിലാണ് സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസമേഖല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അന്യസംസ്ഥാന സ്വാശ്രയ വിദ്യാഭ്യാസ ലോബികള്‍ ഇവിടെ സജീവമാണ്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കൂടി പ്രതീക്ഷിച്ചുകൊണ്ട് ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസമേഖല കൂടുതല്‍ സജീവമായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിന്നു. ഈ അവസ്ഥയില്‍ നിലനില്‍പ്പിനായി അന്യ സംസ്ഥാന സ്വാശ്രയ കോളേജ് മാഫിയകള്‍ കേരളത്തിലെ കണക്കിന്റെയും സയന്‍സിന്റെയും മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരെ സ്വാധീനിച്ച് മൂല്യനിര്‍ണയം കര്‍ശനമാക്കി. ഇതിലൂടെ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ഗണ്യമായി കുറഞ്ഞു.ഇതുമൂലം കേരളത്തില്‍ എന്‍ജിനീയറിംഗ് രംഗത്ത് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറി. സത്യത്തില്‍ സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസമേഖലയ്ക്ക് കളങ്കം ഏല്‍പ്പിക്കുന്നത് ഇത്തരം മാഫിയകള്‍ ആണ്.

നാലാം വ്യാവസായിക വിപ്ലവം എന്ന നിലക്ക് വിദ്യാഭ്യാസമേഖലയെ സമീപിക്കുമ്പോള്‍ എന്താണ് പറയാനുള്ളത് ?

നേരത്തെ പറഞ്ഞത് പോലെ തന്നെ സാധ്യതകള്‍ നിരവധിയാണ്. അത് വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതിലാണ് കാര്യം. ഉദാഹരണത്തിന് പല എന്‍ജിനീയറിംഗ് കോളേജുകളിലും ഫാബ് ലാബ് , റെസിഡന്‍ഷ്യല്‍ കാമ്പസ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉപയോഗിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇതിന്റെ നഷ്ടം വിദ്യാര്‍ത്ഥികള്‍ക്ക് തന്നെയാണ്. റെസിഡന്‍ഷ്യല്‍ കാമ്പസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമാക്കുന്ന കാര്യത്തില്‍ മാതാപിതാക്കളുടെ കൂടി പിന്തുണ അനിവാര്യമാണ്.

വിദ്യാര്‍ത്ഥികളെ ഇന്‍ഡസ്ട്രിക്ക് ഉചിതമായ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനായി എസ്എന്‍ജിസിഇ ഏതെല്ലാം രീതിയിലുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് ?

അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം ഊഷ്മളമായി സൂക്ഷിച്ചുകൊണ്ടുള്ള പഠന രീതിയാണ് ഞങ്ങള്‍ പിന്തുടരുന്നത്. സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, നേവല്‍ ആര്‍ക്കിടെക്ച്ചര്‍ , എംസിഎ, മാനേജ്‌മെന്റ് സ്റ്റഡീസ് തുടങ്ങി വിവിധ പഠനശാഖകളിലായി 2200 ല്‍ പരം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 260 ന് മുകളില്‍ അധ്യാപകരാണ് ഇവിടെയുള്ളത്. അതായത് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന രീതിയില്‍ ശ്രദ്ധ നല്‍കിയുള്ള പഠനരീതിയാണ് ഞങ്ങള്‍ പിന്തുടരുന്നത്. എല്ലാവിധ ആധുനിക സകര്യങ്ങളും ഉള്ള കാമ്പസിനൊപ്പം ഇന്‍ഡസ്ട്രി എക്‌സ്‌പോഷര്‍ ലഭിച്ച അധ്യാപകരുടെ സേവനവും ഞങ്ങള്‍ ഉറപ്പാക്കുന്നു. എല്ലാവര്‍ഷവും മികച്ച ഇന്‍ഡസ്ട്രി ഇന്റെറാക്ഷനുള്ള സൗകര്യവും ശ്രീ നാരായണ ഗുരുകുലം കോളേജ് ഓഫ് എന്‍ജിനീയറിംഗ് ഒരുക്കി നല്‍കുന്നു.

ഇത്തരത്തില്‍ ഉള്ള പഠനരീതിയുടെ ഭാഗമായി ഗുണനിലവാരമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്ഥാപനത്തിലെ പ്‌ളേസ്‌മെന്റ് സെല്‍ വളരെ ആക്റ്റിവ് ആണ്.വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ നിരവധി കമ്പനികളില്‍ കാമ്പസ് റിക്രൂട്‌മെന്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട് എന്നത് ഈ അവസരത്തില്‍ ഏറെ ശ്രദ്ധേയമാണ്.

Comments

comments

Categories: FK Special, Slider

Related Articles