ആധുനിക സുരക്ഷാ സംവിധാനവുമായി ടിവിഎസ്

ആധുനിക സുരക്ഷാ സംവിധാനവുമായി ടിവിഎസ്

മറ്റ് വാഹനങ്ങളുമായി ആശയവിനിമയം നടത്തും, അപകട സമയങ്ങളില്‍ എസ്എംഎസ് അയയ്ക്കും

ന്യൂഡെല്‍ഹി : ഹൊസൂര്‍ ആസ്ഥാനമായ ടിവിഎസ് മോട്ടോര്‍ കമ്പനി സ്വന്തം ഇരുചക്ര വാഹനങ്ങള്‍ക്കായി ആധുനിക സുരക്ഷാ സംവിധാനം വികസിപ്പിക്കുന്നു. വരാനിരിക്കുന്ന മിക്കവാറും എല്ലാ ടിവിഎസ് ബൈക്കുകളിലും സ്‌കൂട്ടറുകളിലും സുരക്ഷാ സംവിധാനം നല്‍കിയേക്കും. സുരക്ഷിതമായ റൈഡിംഗ് ഉറപ്പുവരുത്തുന്നതോടൊപ്പം അപകടങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ് ടിവിഎസ്സിന്റെ ലക്ഷ്യം. സെന്‍സറുകള്‍ അല്ലെങ്കില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ വഴിയായിരിക്കും ടിവിഎസ്സിന്റെ സുരക്ഷാ സംവിധാനം വാഹനവുമായി കണക്റ്റ് ചെയ്യുന്നത്.

റൈഡിംഗ് രീതി, ബ്രേക്കിംഗ് രീതി, പാര്‍ക്കിംഗ് ലൊക്കേഷനുകള്‍ തുടങ്ങിയ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സുരക്ഷാ സംവിധാനത്തിന് കഴിയും. റൈഡര്‍ എത്ര തവണ പാസ്-ബൈ-സ്വിച്ച് ഉപയോഗിച്ചു എന്നതും റെക്കോര്‍ഡ് ചെയ്യും. ടിവിഎസ് വികസിപ്പിക്കുന്ന ആധുനിക സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി റൈഡിംഗ് എന്‍വയോണ്‍മെന്റ് ഡിറ്റക്ഷന്‍ (റെഡ്) ഉണ്ടായിരിക്കും. മുന്നോട്ടുപോകുന്തോറും ഗതാഗതതിരക്കോ ഗതാഗതകുരുക്കോ ഉണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടി റൈഡറെ അറിയിക്കാനും ഇതര റൂട്ട് കണ്ടെത്തി നല്‍കാനും റൈഡിംഗ് എന്‍വയോണ്‍മെന്റ് ഡിറ്റക്ഷന്‍ (റെഡ്) സഹായിക്കും.

കാലാവസ്ഥ സംബന്ധമായ വിവരങ്ങളും റൈഡര്‍ക്ക് മുന്നില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. വാഹനത്തിന്റെ വേഗതയില്‍ പൊടുന്നനെ മാറ്റം പ്രകടമായാല്‍ ആധുനിക സുരക്ഷാ സംവിധാനം അപകടം മനസ്സിലാക്കും. അത്തരമൊരു സാഹചര്യത്തില്‍ വാഹനത്തെ എമര്‍ജന്‍സി മോഡിലേക്ക് മാറും. ഇതേതുടര്‍ന്ന് പാര്‍ക്കിംഗ് ലൈറ്റുകള്‍ ഓട്ടോമാറ്റിക്കായി മിന്നിത്തെളിയുകയും കടന്നുപോകുന്ന വാഹനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഹോണുകള്‍ മുഴക്കുകയും ചെയ്യും.

ക്രിയോണ്‍ സ്‌കൂട്ടര്‍, സെപ്പെലിന്‍ ക്രൂസര്‍ എന്നിവയില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ആദ്യം നല്‍കുമെന്ന് പ്രതീക്ഷിക്കാം

എസ്എംഎസ് അയയ്ക്കുന്നതിനും സേവ് ചെയ്തുവെച്ചിരിക്കുന്ന നമ്പറിലേക്ക് എമര്‍ജന്‍സി കോള്‍ ചെയ്യുന്നതിനും ടിവിഎസ്സിന്റെ ആധുനിക സുരക്ഷാ സംവിധാനത്തിന് കഴിയും. കൂടാതെ, ഇന്ധന ചോര്‍ച്ച തടയുന്നതിന് വാഹനത്തിന്റെ ഫ്യൂവല്‍ ഔട്ട്‌ലെറ്റുകളുമായുള്ള ബന്ധം ഓട്ടോമാറ്റിക്കായി വിച്ഛേദിക്കും. ഈ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ സ്‌കൂട്ടര്‍, സെപ്പെലിന്‍ ക്രൂസര്‍ എന്നിവയില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ടിവിഎസ് ആദ്യം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto