പവര്‍ പോയന്റിന്റെ അകാലമൃത്യു

പവര്‍ പോയന്റിന്റെ അകാലമൃത്യു

ഒരു കാലത്ത് സാങ്കേതിക രംഗത്തും സൈനിക മേഖലയിലും വിദ്യാഭ്യാസ രംഗത്തുമെല്ലാം വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന പവര്‍പോയന്റ് എന്ന സോഫ്ട്‌വെയര്‍ പതിയെ വിസ്മൃതിയിലേക്ക് മറയുകയാണ്. അവലോകന യോഗങ്ങളുടെയും മറ്റും അവിഭാജ്യ ഘടകമായിരുന്ന പവര്‍പോയന്റ് പ്രദര്‍ശനങ്ങളുടെ സ്ഥാനത്ത് കൂടുതല്‍ ആശയവിനിമയം പ്രാപ്തമാക്കുന്ന പുതിയ ടെക്‌നോളജികള്‍ രൂപപ്പെട്ടു വന്നിരിക്കുന്നു.

”There are a lot of things wrong with this particular approach to getting your girlfriend to agree to re-enter a relationship with you. Probably the biggest problem is that it’s a PowerPoint presentation.’

– Katie Heaney, ‘Never Have I Ever: My Life (So Far) Without a Date’

പറയാനുള്ള കാര്യങ്ങള്‍ ചെറു കുറിപ്പുകളായി മുന്‍കൂട്ടി തയ്യാറാക്കുന്നത് പ്രമുഖ പ്രഭാഷകര്‍ കാലങ്ങളായി ഉപയോഗിച്ച് വന്നിരുന്ന/വരുന്ന ഒരു രീതിയാണ്. അവ വേണ്ടപോലെ മനനം ചെയ്ത ശേഷം, ഒന്നും വിട്ടുപോകാതിരിക്കാന്‍ വേണ്ടി സംസാരിക്കേണ്ട വിഷയങ്ങളുടെ ഒരു ചെറു പട്ടിക, തുണ്ടുകടലാസ്സിലാക്കി കയ്യില്‍ കരുതുന്നു. പ്രഭാഷണ സമയത്ത് കാര്യങ്ങള്‍ അടുക്കും ചിട്ടയുമായി അവതരിപ്പിക്കുവാന്‍ ഈ കുറിപ്പ് സഹായിക്കും.

മാനേജ്മെന്റ് സംവിധാനത്തില്‍ ഇതിന് വ്യത്യാസമുണ്ട്. എന്താണോ അവതരിപ്പിക്കുന്നത്, അത് ഒരു വിശദരേഖയായി പങ്കെടുക്കുന്നവര്‍ക്കെല്ലാം നല്‍കിയ ശേഷം, വിഷയം അവതരിപ്പിക്കുന്നയാള്‍ അത് വിശദീകരിച്ച് സംസാരിക്കുകയും ചോദ്യോത്തര രൂപത്തില്‍ സംശയ നിവര്‍ത്തി വരുത്തുകയും ചെയ്യുന്നു.

അധ്യാപകരാവട്ടെ, തങ്ങളുടെ പഠനക്കുറിപ്പുകള്‍ കാലേകൂട്ടി തയാറാക്കി ആ വിഷയക്രമത്തില്‍ വളരെ ബൃഹത്തായിത്തന്നെ ക്ലാസുകള്‍ നയിക്കുന്നു. ഏകദേശം ഇതേ രീതി തന്നെ ആണ് സായുധസേനകളൂം അനുവര്‍ത്തിക്കുന്നത്. തന്ത്രപരമായ സൈനികനീക്കങ്ങള്‍ സൂക്ഷ്മമായ വിശദാംശങ്ങളോടെ, ഓപ്പറേഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കുമായി സേനാനായകന്‍ വിശദീകരിക്കുന്നു.

ഇവയ്ക്കെല്ലാം ഒരു ഏകമാന സ്വഭാവമുണ്ട്. സംവദിക്കുന്ന ആളുടെ മനസ്സിലെ ആശയങ്ങള്‍ കേള്‍വിക്കാരിലേക്ക് തദനു രൂപം, പകര്‍ന്ന് നല്‍കുക എന്നതാണത്. എന്നാല്‍ പറയുന്ന കാര്യങ്ങള്‍ ഓരോ ശ്രോതാവും മനസ്സിലാക്കുന്നത് അല്‍പസ്വല്‍പം വ്യതിയാനങ്ങളോടെ ആയിരിക്കും. മനസ്സിലാക്കിയതൊക്കെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതും വ്യത്യസ്ത അളവുകളിലും പ്രവര്‍ത്തിപഥത്തിലെത്തിക്കുന്നത് നിരവധി ഏറ്റക്കുറച്ചിലുകളോടെയും ആയിരിക്കും. അതുകൊണ്ടാണ് ഒരേ ക്ലാസിലിരുന്ന കുട്ടികള്‍ ഒരേ ചോദ്യങ്ങളുള്ള പരീക്ഷ എഴുതുമ്പോള്‍ അവര്‍ക്ക് വ്യത്യസ്ത മാര്‍ക്കുകള്‍ ലഭിക്കുന്നത്. തദനുസരണമായ ഫലപ്രാപ്തിവ്യതിയാനങ്ങള്‍ മാനേജ്മെന്റ് രംഗവും സൈനിക മേഖലയുമടക്കം കൂട്ടായ സ്വാംശീകരണം നടക്കുന്ന എല്ലായിടത്തും ഉണ്ടാവുന്നുണ്ട്.

കേട്ട കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നതിനേക്കാള്‍ എളുപ്പമാണ് കണ്ട കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നത്. മുന്‍പ് പറഞ്ഞ ഫലപ്രാപ്തി വ്യതിയാനങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍നും പറയുന്ന കാര്യങ്ങള്‍ ദൃശ്യങ്ങളായി അവതരിപ്പിക്കാനും വേണ്ടി, കുറിപ്പുകള്‍, ചിത്രങ്ങള്‍, പട്ടികകള്‍ തുടങ്ങിയവ കലണ്ടര്‍ പോലെ താളുകള്‍ മറിച്ച് പ്രദര്‍ശ്ശിപ്പിക്കാവുന്ന ഫ്‌ളിപ് ചാര്‍ട്ടുകള്‍ അഥവാ ബില്‍ബോര്‍ഡുകള്‍ ആക്കി അവതരിപ്പിക്കുന്ന രീതി കാലങ്ങളായി നടപ്പിലുണ്ട്. സാധാരണയേക്കാള്‍ അല്‍പം അധികം ഭാവനാശക്തിയും ചിത്രകലാ അഭിരുചിയും ഇതിനന് ആവശ്യമാണ് എന്നത് കാതലായ ഒരു ന്യൂനതയാണ്. അത്തരം കഴിവുകള്‍ ഉള്ളവരെക്കൊണ്ട് ശാസ്ത്രീയമായി തയാറാക്കിക്കുന്ന ചാര്‍ട്ടുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാവാന്‍ തുടങ്ങിയതോടെ നിരന്തരം ഒരേ ആശയങ്ങള്‍ പങ്കിടുന്ന, പരിശീലന ക്ലാസുകള്‍ പോലുള്ള വേദികളില്‍ അധ്യാപകരുടെ പ്രശ്‌നം ഒരുവിധം പരിഹരിക്കപ്പെട്ടു. മറ്റ് രംഗങ്ങളില്‍ ഇത് ബുദ്ധിമുട്ടുള്ള കാര്യമായി തുടര്‍ന്നു. എങ്കിലും, എന്‍സിആര്‍ കമ്പനിയുടെ സിഇഒ ആയിരുന്ന ഹെന്റി പാറ്റേഴ്‌സണ്‍ 1912 ല്‍ തുടങ്ങിവച്ച ഈ സംവിധാനം പൊതുവില്‍ എല്ലാവരും അവലംബിച്ചു പോന്നു.

ഇതിനിടയില്‍, സുതാര്യമായ പ്രതലത്തില്‍ ചിത്രീകരിക്കുന്ന ചാര്‍ട്ടുകളിലൂടെ പ്രകാശം പ്രതിഫലിപ്പിച്ച് അവ വലുതാക്കി തിരശീലയില്‍ പ്രദര്‍ശിപ്പിക്കുന്ന ഓവര്‍ ഹെഡ് പ്രൊജക്ടറുകള്‍ വ്യാപകമായി. ദൃശ്യസ്മരണ കാതലായി നിലനിര്‍ത്തുന്നതില്‍ ദൃശ്യത്തിന്റെ വലിപ്പം പ്രധാനമാണ്. അതുകൊണ്ടാണ് പത്രക്കടലാസ്സിന്റെ വലിപ്പമുള്ള ഫ്‌ളിപ് ചാര്‍ട്ടുകളേക്കാള്‍ വലിയ തിരശീലയിലെ സ്ലൈഡ് പ്രൊജക്ഷന്‍ കൂടുതല്‍ മനസ്സില്‍ നില്‍ക്കുന്നത്.

അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ ഫോര്‍തോട്ട് എന്ന കമ്പനിയിലെ പ്രോഗ്രാമര്‍മാരായ റോബര്‍ട് ഗാസ്‌കിന്‍സ്, ഡെന്നിസ് ഓസ്റ്റിന്‍ എന്നിവര്‍ക്ക് നിരന്തരമായി ചില അവതരണങ്ങള്‍ ഫ്‌ളിപ് ചാര്‍ട്ടുകള്‍ ഉപയോഗിച്ച് നടത്തേണ്ടിവന്നപ്പോഴാണ്, എന്തുകൊണ്ട് ഇവ കമ്പ്യൂട്ടറില്‍ തന്നെ പ്രദര്‍ശ്ശിപ്പിച്ചുകൂടാ എന്ന് ചിന്തിച്ചത്. ഇതിന്റെ പ്രവര്‍ത്തനഫലമായി 1987 ഏപ്രില്‍ 20 ന് പ്രസന്റര്‍ എന്ന സോഫ്റ്റ്വെയര്‍ പിറന്നു. മാക്കിന്റോഷ് കമ്പ്യൂട്ടറുകളില്‍ മാത്രം ഉപയോഗിക്കാനാവുന്നതായിരുന്നു അത്. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഈ സോഫ്റ്റ്വെയറിന്റെ ബൗദ്ധിക സ്വത്തവകാശം ഫോര്‍തോട്ടില്‍ നിന്ന് ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റ് വാങ്ങിച്ചു; ഒപ്പം ആ ഡെവലപ്പര്‍മാരെയും. ക്രമേണ പവര്‍പോയന്റ് എന്ന പേരില്‍ അത് മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിന്റെ ഭാഗമായി.

പരിശീലനം സിദ്ധിച്ച ഒരു കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ക്ക് മാത്രമേ അക്കാലെ വരെ കമ്പ്യൂട്ടറുകള്‍ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ബില്‍ഗേറ്റ്‌സിന്റെ വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും ഓഫീസ് സ്യൂട്ട് എന്ന അപ്ലിക്കേഷന്‍ സോഫ്റ്റ്വേറുകള്‍ക്കുമുള്ള പ്രത്യേകത, അവ സാധാരണക്കാരന് പ്രത്യേക പരിശീലനമൊന്നും കൂടാതെ ഉപയോഗിക്കാം എന്നതാണ്. ആ രീതിയില്‍ ബില്‍ ഗേറ്റ്‌സ് ഫോര്‍തോട്ടിന്റെ അവതരണം മാറ്റിയെടുത്തു. അതോടെ ഫ്‌ളിപ് ചാര്‍ട്ടുകള്‍ക്കും സ്ലൈഡ് പ്രൊജക്ടറുകള്‍ക്കും പകരം പവര്‍പോയന്റ് നിര്‍മിച്ച് പ്രദര്‍ശിപ്പിക്കാമെന്നായി. ലളിതമായ ഈ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ആര്‍ക്കും വളരെ മനോഹരമായ പ്രസന്റേഷനുകള്‍ തയ്യാറാക്കാറായി. ദൃശ്യസംവേദനത്തിന്റെ പുതുയുഗം മൈക്രോസോഫ്റ്റ് അങ്ങിനെ ലോകത്തിന് തുറന്ന് കൊടുത്തു. അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും ചിത്രങ്ങളും ഓടി വരികയും ചാടി മറയുകയും തെളിഞ്ഞ് പൊങ്ങുകയും മങ്ങി മായുകയും തലകുത്തിമറിയുകയും ചെയ്യുന്ന പവര്‍പോയന്റ് സങ്കേതങ്ങള്‍ അവതരണങ്ങളെ കാവ്യഭംഗിയുള്ളതാക്കി മാറ്റി. വാക്കുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയുടെ സങ്കലിത സംവേദനം എന്ന നിലയില്‍ വലിയ സ്വീകരണമാണ് പവര്‍പോയന്റിന് ലഭിച്ചത്. കൂടാതെ എംഎസ് വേഡ്, എക്‌സല്‍ എന്നിവയുമായി സമ്മേളിക്കാന്‍ ആവുമെന്നതും പവര്‍പോയന്റിന്റെ അധികമെച്ചമായി വാഴ്ത്തപ്പെട്ടു. കമ്പനി ബോര്‍ഡ് റൂമുകളില്‍, പരിശീലനക്കളരികളില്‍, പ്രശ്‌നപരിഹാര വേദികളില്‍, ഭാവിപദ്ധതികള്‍ വിഭാവനം ചെയ്യുന്നതില്‍, കര്‍മ്മപരിപാടി ആസൂത്രണം ചെയ്യുന്നതില്‍, അവലോകന യോഗങ്ങളില്‍, എല്ലാം പവര്‍പോയന്റ് ഒരു അവിഭാജ്യഘടകമായി.

പവര്‍പോയന്റിന്റെ ഏറ്റവും വലിയ ന്യൂനത അതിനെ അവതരണസമയത്ത് മനോധര്‍മ്മമനുസരിച്ച് മാറ്റാനാവുന്നില്ല എന്നതാണ്. ഒരു ‘വണ്‍വേ കമ്മ്യൂണിക്കേഷന്‍’ അവിടെ സംജാതമാവുന്നു. പവര്‍പോയന്റിന്റെ ഭാവനാപൂര്‍ണ്ണത അതിന്റെ ദൃശ്യഭംഗിയില്‍ മാത്രമാണ് ഉള്ളടക്കത്തിന്റെ സമ്പൂര്‍ണ്ണത അവതാരകനില്‍ മാത്രം നിക്ഷിപ്തമാണ്; ശ്രോതാവ് അവിടെ അന്യനാണ്. ഒരു സൈക്ലോസ്‌റ്റൈല്‍ ചിന്തയ്ക്കപ്പുറം, ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന പുതിയ ആശയങ്ങള്‍ പകര്‍ത്തിയെടുത്ത് ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ പവര്‍പോയന്റ് അശക്തമാണ്.

പ്രധാന സൂചകങ്ങള്‍ മാത്രം ആലേഖനം ചെയ്ത പവര്‍പോയന്റ് സ്ലൈഡ് ദൃശ്യസ്മരണ നിലനിര്‍ത്തുന്നതില്‍ കാര്യമായ സംഭാവന ചെയ്യുന്നില്ല. അവ വസ്തുതകളുടെ വിശദാംശങ്ങള്‍ അവതാരകന്റെ ഉത്തരവാദിത്തമാക്കി മാറ്റുന്നു. എന്നാല്‍ വിശദാംശങ്ങളുള്ള പവര്‍പോയന്റ് സ്ലൈഡ് ഒരു പാഠഭാഗം വായിക്കുന്ന നിലയിലേയ്ക്ക് ശ്രോതാവിനെ താഴ്ത്തുന്നു. ഒരുപാട് വിവരങ്ങള്‍ നല്‍കുന്ന പവര്‍പോയന്റ് അവതരണം മടുപ്പും ക്ഷീണവും മാത്രമേ കേള്‍വിക്കാരനില്‍ ഉളവാക്കുന്നുള്ളൂ. കൊളംബിയ സ്‌പേസ് ഷട്ടില്‍ തകര്‍ന്ന് വീണതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്ന/അവലോകനം ചെയ്ത സുപ്രധാനയോഗത്തിലെ പവര്‍പോയന്റ് പ്രസന്റേഷന്‍ നാസയിലെ എന്‍ജിനീയര്‍മാര്‍ക്ക് കാര്യമായ ഒരറിവും പ്രദാനം ചെയ്തില്ല എന്ന് നിരീക്ഷിക്കുന്നു എഡ്വേര്‍ഡ് ടഫ്റ്റ് എന്ന കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ ശാസ്ത്രജ്ഞന്‍.

ഇന്ത്യയിലെത്തന്നെ ഒരു ഒരു പ്രമുഖസ്ഥാപനം തങ്ങളുടെ പരിശീലന സമ്പ്രദായത്തില്‍ നിന്ന് പവര്‍പോയന്റ് പാടെ നീക്കാനുള്ള ശ്രമത്തിലാണ്. പകരം ‘ടോക് ആന്‍ഡ് ചോക്ക്’ വിശദീകരണങ്ങളും കേസ് സ്റ്റഡികളും ഗൈഡഡ് എക്‌സര്‍സൈസുകളും അവയുടെ ഫലപ്രാപ്തി അളക്കാന്‍ തുടര്‍പരീക്ഷകളും സര്‍ട്ടിഫിക്കേഷനുകളും കൊണ്ടുവരാനാണ് നീക്കം. ഒരു പവര്‍ പോയന്റ് ഓടിച്ച് ഒരു മണിക്കൂര്‍ ഗിരിപ്രഭാഷണം നടത്തുന്ന, ശ്രോതാക്കള്‍ അത് എത്രമാത്രം സ്വാംശീകരിച്ചു എന്ന് വിശകലനം ചെയ്യാത്ത ഏകദിശാപ്രക്രിയ ഇതോടെ ഇല്ലാതാവും.

നമ്മുടെ പവര്‍പോയന്റ് സമ്പ്രദായങ്ങളിലേയ്ക്ക് പഠിതാവിനെ കൊണ്ടുവരുന്നതിനേക്കാള്‍ പഠനപ്രക്രിയ ലളിതമാക്കുന്നത്, പഠിതാവിന്റെ സമ്പ്രദായങ്ങളിലേയ്ക്ക് പഠനപ്രക്രിയയെ മാറ്റി എടുക്കുന്നതാണ്. പവര്‍പോയന്റ് ഉപയോഗിക്കുമ്പോള്‍ പഠിതാവ് വിസ്മരിക്കപ്പെടുന്നു. അവിടെ മുന്‍തൂക്കം പഠിപ്പിക്കുന്ന ആളിന്റെ സൗകര്യങ്ങള്‍ക്കാണ്. പ്രസന്റേഷനില്‍ ഇഫക്റ്റുകള്‍ ചേര്‍ത്ത് കൊഴുപ്പ് കൂട്ടുമ്പോള്‍, ദൃശ്യം സങ്കീര്‍ണ്ണമാവുന്നു. അവയുടെ ലയവിന്യാസങ്ങള്‍ പഠിതാവിന്റെ ശ്രദ്ധ പാഠഭാഗത്ത് നിന്ന് വികര്‍ഷിക്കാനാണ് കാരണമാവുന്നത്. അതായത്, പവര്‍ പോയന്റ് നന്നാവുന്നിടത്തോളം പഠനക്ഷമത കുറയുന്നു. ഇനി ഇഫക്റ്റുകള്‍ ഇല്ലാത്ത ശുദ്ധ ദൃശ്യങ്ങളാണെങ്കിലും അവയുടെ പദനിസ്വനം ശ്രദ്ധാലുവായ പഠിതാവിന്റെ ആകാംക്ഷകളെ നിരാശപ്പെടുത്തുന്നു.

പവര്‍പോയന്റ് അവതരിച്ച് പത്തുവര്‍ഷം കഴിഞ്ഞപ്പോഴേക്കും സൈനിക രംഗത്ത് ഈ മാധ്യമം വ്യാപകമായി ഉപയോഗിക്കപ്പെട്ട് തുടങ്ങി. വാള്‍സ്ട്രീറ്റ് ജേണലില്‍ 2002 ഏപ്രില്‍ 26 ന് വന്ന ‘What’s Your Point, Lieutenant? Please, Just Cut to the Pie Charts’ എന്ന ലേഖനം യുഎസ് സൈന്യത്തിലെ പവര്‍പോയന്റ് ഉപയോഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. പക്ഷേ, അതിനെ കളിയാക്കി ന്യൂയോര്‍ക്കര്‍ പത്രത്തില്‍ വന്ന കാര്‍ട്ടൂണില്‍ പിശാച് ചോദിക്കുന്നു: ‘പീഡനകലയില്‍ പ്രാവീണ്യമുള്ള ഒരാളെയാണ് ഞാന്‍ അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് പവര്‍പോയന്റ് അറിയാമോ?’. ഈ കാര്‍ട്ടൂണ്‍ സ്വയം സംസാരിക്കുന്നതാണ്. അന്നത് ആരും ഉള്‍ക്കൊണ്ടില്ലെങ്കിലും അടുത്ത പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ പലര്‍ക്കും മനസ്സിലാവാന്‍ തുടങ്ങി. 2010 ല്‍ ന്യൂയോര്‍ക്ക് ടൈംസ് എഴുതി: ‘യുഎസ് ആര്‍മിയില്‍ പവര്‍പോയന്റ് വലിയൊരു സൈനിക ആയുധമായിരിക്കുന്നു. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ അത് നിയന്ത്രണാതീതമായ ഒരു ആയുധമാണിന്ന്’. 2005 ല്‍ ഇറാക്കിലെ വടക്കന്‍ പട്ടണമായ തല്‍ അഫിര്‍ പിടിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ബ്രിഗേഡിയര്‍ ജനറല്‍ മാക് മാസ്റ്റര്‍ അക്കാലത്ത് മിലിറ്ററി ബ്രീഫിങില്‍ പവര്‍പോയന്റ് ഉപയോഗം നിരോധിച്ചിരുന്നു. ‘പവര്‍പോയന്റ് അപകടകാരിയാണ്; നാം എല്ലാം മനസ്സിലാക്കിയെന്നും എല്ലാം നമ്മുടെ നിയന്ത്രണത്തിലാണെന്നും ഉള്ള മിഥ്യാബോധമാണ് അത് ജനിപ്പിക്കുന്നത്’. യുഎസ് നാവികസേനയിലെ ജനറല്‍ ജെയിംസ് മാറ്റിസിന്റെ അഭിപ്രായം ‘പവര്‍പോയന്റ് നമ്മെ വിഡ്ഢികളായി മാറ്റുന്നു’ എന്നാണ്.

സേനകളില്‍ മാത്രമല്ല, മിക്കവാറും ഉപയോഗ ഇടങ്ങളില്‍ ഈ സത്യം തിരിച്ചറിയപ്പെടുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് വ്യവസായം ഗ്രാഫിക് അനിമേഷനിലേയ്ക്ക് മാറിയിട്ട് ഏകദേശം എട്ട് വര്‍ഷത്തോളമായി. (റിയല്‍ എസ്റ്റേറ്റ് മേഖല വളരെ പ്രൊഫഷണലായി കൊണ്ടു പോകുന്ന സ്ഥാപനങ്ങളുടെ കാര്യം). അന്തര്‍ദേശീയ സെമിനാറുകളിലെ പ്രഭാഷണങ്ങളില്‍ ഇപ്പോള്‍ ഇന്ററാക്റ്റിവ് വെബ് സൈറ്റുകളാണ് ഉപയോഗിക്കുന്നത്. ശ്രോതാക്കളുടെ കാഴ്ചപ്പാടുകള്‍ തത്സമയം ഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗിച്ച് അവിടെ ദൃശ്യവത്കരിക്കപ്പെടുന്നു. ഓണ്‍ലൈന്‍ പഠനത്തില്‍ ആദ്യം പവര്‍ പോയന്റ് ഉണ്ടായിരുന്നെങ്കില്‍ പിന്നീട് അവ വീഡിയോ രീതിയിലേയ്ക്കും തുടര്‍ന്ന് ലൈവ് വീഡിയോ സ്ട്രീമിങ്ങിലേയ്ക്കും പടി പടിയായി പഴയ ‘ടോക് ആന്‍ഡ് ചോക്ക്’ (സംസാരവും ബോര്‍ഡും) സമ്പ്രദായത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നു. 3ഡി അനിമേഷന്‍ ഇന്ന് അവലോകന യോഗങ്ങളിലെ മാര്‍ഗ്ഗരൂപരേഖ അവതരണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരു പവര്‍പോയന്റ് സ്ലൈഡില്‍, ഇത്ര കുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് പണിക്ക് ഇത്ര സമയം വേണം എന്ന് എഴുതിക്കാണിക്കുന്നതിനേക്കാള്‍ ദൃശ്യവത്കരിക്കപ്പെടുന്നത് ആ ജോലി നടക്കുന്നത് ത്രിമാനരൂപത്തില്‍ കാണിക്കുമ്പോഴാണ്. അവിടെയെല്ലാം പവര്‍പോയന്റ് ഇന്ന് അപ്രത്യക്ഷമായി. ഇന്ത്യയിലെത്തന്നെ ഒരു ഒരു പ്രമുഖസ്ഥാപനം തങ്ങളുടെ പരിശീലന സമ്പ്രദായത്തില്‍ നിന്ന് പവര്‍പോയന്റ് പാടെ നീക്കാനുള്ള ശ്രമത്തിലാണ്. പകരം ‘ടോക് ആന്‍ഡ് ചോക്ക്’ വിശദീകരണങ്ങളും കേസ് സ്റ്റഡികളും ഗൈഡഡ് എക്‌സര്‍സൈസുകളും അവയുടെ ഫലപ്രാപ്തി അളക്കാന്‍ തുടര്‍പരീക്ഷകളും സര്‍ട്ടിഫിക്കേഷനുകളും കൊണ്ടുവരാനാണ് നീക്കം. ഒരു പവര്‍ പോയന്റ് ഓടിച്ച് ഒരു മണിക്കൂര്‍ ഗിരിപ്രഭാഷണം നടത്തുന്ന, ശ്രോതാക്കള്‍ അത് എത്രമാത്രം സ്വാംശീകരിച്ചു എന്ന് വിശകലനം ചെയ്യാത്ത ഏകദിശാപ്രക്രിയ ഇതോടെ ഇല്ലാതാവും. മറിച്ച് പരിശീലനം അറിവുകളില്‍ നിന്ന് കഴിവുകളിലേക്കും കഴിവുകളില്‍ നിന്ന് അഭിമുഖ്യങ്ങളിലേക്കും വളരുന്ന അര്‍ത്ഥവത്തായ നിക്ഷേപമാവുന്നു.

തുടക്കത്തില്‍ ഉദ്ധരിച്ച കാറ്റി ഹെനയുടെ വാക്കുകള്‍ മറ്റൊരു സാംഗത്യത്തില്‍ ഉള്ളതാണെങ്കിലും പവര്‍പോയന്റിന്റെ നിരര്‍ത്ഥകത ദ്യോതിപ്പിക്കാന്‍ അന്വര്‍ത്ഥമാണ്. എന്തുകൊണ്ടാണ് പവര്‍ പോയന്റ് അകാലമരണം വരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സഹായകരവും. നമ്മുടെ നാട്ടിലെ ബോര്‍ഡ് റൂമുകളും ടാസ്‌ക് ഫോഴ്സുകളും പഠനക്കളരികളും ഇത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Comments

comments

Categories: FK Special, Slider