അകുതഗാവ പറഞ്ഞ കഥ

അകുതഗാവ പറഞ്ഞ കഥ

രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ മുമ്പില്‍ തെളിഞ്ഞിട്ടും സ്വാര്‍ഥതയും ഹൃദയശൂന്യതയും കൊണ്ട് രക്ഷാമാര്‍ഗങ്ങള്‍ തനിക്കും സഹജീവികള്‍ക്കും മുന്നില്‍ കൊട്ടിയടയ്ക്കുന്ന കാന്ദാതയുടെ കഥ നല്ഡകുന്ന സന്ദേശമെന്താനും? ശ്രീ ബുദ്ധന് പോലും രക്ഷിക്കാനാവാഞ്ഞ കാന്ദാതയുടെ കഥയിലൂടെ മനുഷ്യ ജീവിതത്തിന്റെ യഥാര്‍ഥ ചിത്രം തന്നെയാണ് കോറിയിടപ്പെടുന്നത്.

നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ചില എഴുത്തുകാരുണ്ട്. അവര്‍ ഒരു ദിവസം അപരിചിതരെപ്പോലെ കയറി വരും. അക്ഷരങ്ങള്‍ കൊണ്ട് നമ്മോട് സംവദിക്കും. ഇനി ഇറങ്ങിപ്പോകില്ല എന്ന വാശിയോടെ നമ്മുടെ ഹൃദയത്തില്‍ കയറി ഇരിപ്പുറപ്പിക്കും.

കവാബാത്ത യസുനാരി എന്ന ജാപ്പനീസ് എഴുത്തുകാരന്‍ കടന്നുവന്നതും അങ്ങിനെ തന്നെ. ഒരു ദിവസം ലൈബ്രറിയില്‍ തിരയുമ്പോള്‍ കൈകളിലേക്ക് ആ പുസ്തകം കടന്നുവന്നു. വിലാസിനി വിവര്‍ത്തനം ചെയ്ത സഹശയനം എന്ന നോവല്‍. എഴുത്തുകാരനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടാണ് ആ പുസ്തകം തിരികെ യാത്രയായത്.

ജാപ്പനീസ് കഥകളോടും നോവലുകളോടും താല്‍പര്യം ജനിക്കാന്‍ സഹശയനം കാരണമായി. അങ്ങിനെയിരിക്കുമ്പോഴാണ് വീണ്ടും മാറ്റൊരു ജാപ്പനീസ് എഴുത്തുകാരന്‍ പടി കയറി വരുന്നത്. റെയുനോസുകെ അകുതഗാവ എന്ന ചെറുപ്പക്കാരന്‍. മനസ്സില്‍ തീഷ്ണമായ അനുഭവങ്ങളുടെ കനലുകള്‍ കോരിയിടാന്‍ കഴിഞ്ഞൊരാള്‍. അസാമാന്യ സര്‍ഗശക്തിയുള്ള പ്രതിഭകളായിരുന്നു രണ്ടുപേരും. ഇവര്‍ തമ്മില്‍ ഒരു സാമ്യവുമുണ്ട്. സ്വയം ലോകത്തോട് വിടപറഞ്ഞവരായിരുന്നു ഇരുവരും.

അകുതഗാവ പറഞ്ഞ ഒരു കഥ ഇന്നും തലച്ചോറില്‍ ചിലന്തിവല പോലെ പറ്റിപ്പിടിച്ചിരിക്കുന്നു. നിങ്ങളും ഞാനും കേള്‍ക്കേണ്ട ഒരു കഥ.

ബുദ്ധഭഗവാന്‍ സ്വര്‍ഗത്തിലെ താമരക്കുളത്തിനടുത്തുകൂടെ നടക്കുകയായിരുന്നു. സ്വര്‍ഗത്തിലെ താമരക്കുളം സ്ഥിതി ചെയ്യുന്നത് ഏറ്റവും താഴ്ന്ന്, നരകത്തിലെ പ്രദേശങ്ങള്‍ക്ക് മുകളിലാണ്. അതുകൊണ്ട് തന്നെ നരകത്തിലെ കാഴ്ചകളെല്ലാം വളരെ വ്യക്തമായി കാണാം. അദ്ദേഹം ജലത്തില്‍ പൊങ്ങിക്കിടന്ന താമരയിലകള്‍ക്കിടയിലൂടെ താഴേക്ക് നോക്കിയപ്പോള്‍ നരകത്തില്‍ മറ്റ് പാപികള്‍ക്കൊപ്പം യാതന അനുഭവിക്കുന്ന കാന്ദാത എന്നൊരാളെ കണ്ടു.

കൊടുംക്രൂരതയുടെ പര്യായമായിരുന്നു കാന്ദാത. കൊലപാതകവും കൊള്ളയും നടത്തി ജീവിച്ചൊരാള്‍. എണ്ണമറ്റ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഒരു നന്മ അവന്‍ ചെയ്തിരുന്നു. ഒരിക്കല്‍ കാട്ടിലൂടെ യാത്ര ചെയ്തപ്പോള്‍ വഴിവക്കില്‍ കണ്ട എട്ടുകാലിയെ ചവിട്ടിയരക്കാന്‍ കാല്‍ പൊക്കിയെങ്കിലും അതിന്റെ ജീവന്‍ എടുക്കുന്നത് നല്ലതല്ല എന്ന് വിചാരിച്ച് വെറുതെ വിട്ട ഒരേ ഒരു നന്മ. ഈ ഒരൊറ്റ സല്‍പ്രവര്‍ത്തി ഓര്‍ത്ത ബുദ്ധ ഭഗവാന്‍ അവനെ നരകത്തില്‍ നിന്നും രക്ഷിക്കാന്‍ തീരുമാനിച്ചു.

സ്വര്‍ഗത്തിലെ താമരപൊയ്കയിലെ ഒരു ചിലന്തി താമരയിലയില്‍ അതിമനോഹരമായ ഒരു വല നെയ്യുന്നുണ്ടായിരുന്നു. ബുദ്ധന്‍ ആ ചിലന്തിനൂലെടുത്ത് കുളത്തിലൂടെ നരകത്തിലേക്ക് നീട്ടി. താഴേക്ക് ഊര്‍ന്നിറങ്ങി തന്റെ നേര്‍ക്ക് വരുന്ന നൂല് കണ്ട കാന്ദാത ആഹ്‌ളാദഭരിതനായി. ഈ നൂലില്‍ പിടിച്ച് തനിക്ക് സ്വര്‍ഗത്തിലേക്ക് കയറാം എന്ന് അയാള്‍ക്ക് മനസ്സിലായി. നൂലില്‍ പിടിച്ച് കാന്ദാത വലിഞ്ഞുകയറാന്‍ തുടങ്ങി. കുറെ ഉയരത്തിലെത്തിയപ്പോള്‍ ക്ഷീണിതനായി. അതിസാഹസികമായ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചാല്‍ സ്വര്‍ഗത്തിലെത്താനാവും എന്നത് അയാളെ ഉത്തേജിതനാക്കി. ക്ഷീണം മാറ്റാനായി അല്‍പനേരം നൂലില്‍ തൂങ്ങിക്കിടന്ന അയാള്‍ പതിയെ താഴേക്ക് കണ്ണോടിച്ചു.

ആഴത്തില്‍ കണ്ട കാഴ്ച അയാളില്‍ നടുക്കമുണ്ടാക്കി. നരകത്തിലെ രക്തതടാകത്തിന്റെ ആഴങ്ങളില്‍ നിന്നും, തൂങ്ങിക്കിടക്കുന്ന ചിലന്തിനൂലിലൂടെ മുകളിലേക്ക് ഇരച്ച് കയറുകയാണ് ആയിരക്കണക്കിന് പാപികള്‍.

ആഴത്തില്‍ കണ്ട കാഴ്ച അയാളില്‍ നടുക്കമുണ്ടാക്കി. നരകത്തിലെ രക്തതടാകത്തിന്റെ ആഴങ്ങളില്‍ നിന്നും, തൂങ്ങിക്കിടക്കുന്ന ചിലന്തിനൂലിലൂടെ മുകളിലേക്ക് ഇരച്ച് കയറുകയാണ് ആയിരക്കണക്കിന് പാപികള്‍. ചിലന്തിനൂല്‍ ഇത്രയും ആള്‍ക്കാരുടെ ഭാരം താങ്ങാനാവാതെ ഇപ്പോള്‍ പൊട്ടുകയും താന്‍ വീണ്ടും രക്തതടാകത്തിലേക്ക് പതിക്കുകയും ചെയ്യുമെന്ന ഭീതി അയാളെ വലയം ചെയ്തു. താഴേക്ക് നോക്കി അയാള്‍ ആക്രോശിച്ചു.

‘വൃത്തികെട്ടവന്മാരെ, ഈ ചിലന്തിനൂല്‍ എന്റേതാണ്. ആരോട് ചോദിച്ചിട്ടാണ് ഇതില്‍പ്പിടിച്ച് കയറുന്നത്? ഇറങ്ങിപ്പോ…’. കാന്ദാത ഇത് പറഞ്ഞ നിമിഷം തന്നെ അയാള്‍ പിടിച്ചിരുന്ന ഭാഗത്ത് വെച്ച് ചിലന്തിനൂല്‍ വേര്‍പെട്ട് നരകത്തിലെ അന്ധകാരത്തിന്റെ ആഴങ്ങളിലേക്ക് അയാളും മറ്റുള്ളവരും പതിച്ചു. സ്വര്‍ഗത്തില്‍ നിന്നും ഇത് കണ്ടുകൊണ്ടിരുന്ന ബുദ്ധന്‍ നിസ്സഹായനായി തിരികെ നടന്നു. കാന്ദാതയുടെ ഹൃദയശൂന്യതയും അതിന്റെ ശിക്ഷയും ബുദ്ധനെ ദുഃഖിപ്പിച്ചു.

അകുതഗാവ കോറിയിട്ടത് മനുഷ്യവര്‍ഗത്തിന്റെ അവസ്ഥയാണ്. തനിക്കും സഹജീവികള്‍ക്കും രക്ഷപ്പെടാന്‍ മാര്‍ഗം തെളിഞ്ഞിട്ടും സ്വാര്‍ഥതയും ഹൃദയശൂന്യതയും കൊണ്ട് രക്ഷാമാര്‍ഗങ്ങള്‍ കൊട്ടിയടയ്ക്കുന്ന സാധാരണ മനുഷ്യന്റെ കഥ;എന്നും പ്രസക്തമായ ഒന്ന്!

(സിവി ബാലകൃഷ്ണന്‍ ഈ കഥ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്)

Comments

comments

Categories: FK Special, Slider