ലോകത്തിലെ ഏറ്റവും വലിയ ബാങ്കില്‍ ഇന്ത്യക്കായി പ്രത്യേക ഫണ്ട്

ലോകത്തിലെ ഏറ്റവും വലിയ ബാങ്കില്‍ ഇന്ത്യക്കായി പ്രത്യേക ഫണ്ട്

ന്യൂഡെല്‍ഹി: ഇന്ത്യ- ചൈന സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ചൈനയുടെ പൊതു ഉടമസ്ഥതയിലുള്ള ബാങ്ക് ഇന്ത്യന്‍ വിപണിക്കായുള്ള പ്രത്യേക നിക്ഷേപ ഫണ്ട് അവതരിപ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന ( ഐസിബിസി) ക്രെഡിറ്റ് സ്യൂസെ ഇന്ത്യ മാര്‍ക്കറ്റ് ഫണ്ട് എന്ന പേരിലുള്ള നിക്ഷേപ ഫണ്ട് ചൈനീസ് നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സഹായകമാകും എന്നാണ് ഐസിബിസി വ്യക്തമാക്കുന്നത്. ഇന്ത്യയിലെ നിക്ഷേപത്തിനായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ ആദ്യ ഫണ്ടാണിതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലും യൂറോപ്പിലുമുള്ള 20 ഓളം എക്‌സ്‌ചേഞ്ചുകളില്‍ ഇന്ത്യന്‍ വിപണിയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ച്- ട്രേഡഡ് ഫണ്ടുകളില്‍ ഈ നിക്ഷേപ ഫണ്ടില്‍ നിന്ന് നിക്ഷേപം നടത്തും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും ചര്‍ച്ച നടത്തിയ രണ്ടു ദിവസത്തെ അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം രണ്ടാഴ്ച തികയും മുമ്പാണ് സാമ്പത്തിക സഹകരണം ഊട്ടിയുറപ്പിക്കുന്ന നീക്കമുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ വിപണികള്‍ മുന്നോട്ടു കുതിക്കുമെന്ന പ്രതീക്ഷയാണ് നിക്ഷേപ ഫണ്ട് പുറത്തിറക്കിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ബാങ്കായ ഐസിബിസി മുന്നോട്ടുവെച്ചിട്ടുള്ളത്.
നിലവില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7 ശതമാനത്തിനടുത്താണ്. 10 വര്‍ഷം മുമ്പ് ചൈന ലോക ശക്തിയായി കുതിക്കുമ്പോഴുണ്ടായിരുന്ന സാമ്പത്തികാവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Comments

comments

Categories: Slider, Top Stories