പേടിഎം മാളില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്

പേടിഎം മാളില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്

ഫ്‌ളിപ്കാര്‍ട്ടിലെ ഓഹരികളുടെ കാര്യത്തില്‍ തീരുമാനമായാല്‍ മാത്രമേ പേടിഎമ്മുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടുപോകുകയുള്ളൂ

ബെംഗളൂരു: ജപ്പാനീസ് ടെക്‌നോളജി കമ്പനിയായ സോഫ്റ്റ്ബാങ്ക് പേടിഎം മാളില്‍ നിക്ഷേപത്തിന് തയാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനികള്‍ തമ്മില്‍ പ്രാരംഭഘട്ട ചര്‍ച്ച നടത്തിയതായാണ് വിവരം. ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ തങ്ങള്‍ക്കുള്ള ന്യൂനപക്ഷ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റൊഴിയുന്ന കാര്യത്തില്‍ ആലോചന നടക്കുന്നതിനിടെയാണ് പേടിഎം മാളില്‍ നിക്ഷേപിക്കുന്നതിനുള്ള സാധ്യതകള്‍ സോഫ്റ്റ്ബാങ്ക് ആരായുന്നത്.

അതേസമയം ഫ്‌ളിപ്കാര്‍ട്ടുമായുള്ള നിക്ഷേപ കരാര്‍ വ്യവസ്ഥ പ്രകാരം അടുത്ത രണ്ട് വര്‍ഷത്തേക്ക് (2020 വരെ) സോഫ്റ്റ്ബാങ്കിന് പേടിഎം മാളില്‍ 500 മില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാന്‍ കഴിയില്ല. അതുകൊണ്ട് കരാറിലെ ഇതു സംബന്ധിച്ച വ്യവസ്ഥയില്‍ നിന്നും സ്വതന്ത്രമാകുന്നതിനുള്ള ശ്രമങ്ങള്‍ സോഫ്റ്റ്ബാങ്ക് നടത്തുമെന്നാണ് സൂചന. പേടിഎം മാളില്‍ 21 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത്‌കൊണ്ട് 400 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നതായി ഏപ്രിലില്‍ സോഫ്റ്റ്ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചയും കമ്പനി നടത്തിയിട്ടുണ്ട്.

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും പുറത്തുപോകുന്ന കാര്യത്തില്‍ സോഫ്റ്റ്ബാങ്ക് ഒരു തീരുമാനത്തിലെത്തിയാല്‍ മാത്രമേ പേടിഎം മാളുമായുള്ള നിക്ഷേപ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കമ്പനിക്ക് സാധ്യക്കുകയുള്ളു. നികുതി ബാധ്യത സംബന്ധിച്ച ആശങ്കകള്‍ കാരണം ഫ്‌ളിപ്കാര്‍ട്ടിലെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റൊഴിയുന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലെത്താന്‍ സോഫ്റ്റ്ബാങ്കിന് ആയിട്ടില്ല. ഫഌപ്കാര്‍ട്ടിന്റെ മൂല്യം ഇനിയും ഉയരുമെന്ന പ്രതീക്ഷയും സോഫ്റ്റ്ബാങ്കിനെ ഓഹരി വില്‍പ്പനയുടെ കാര്യത്തില്‍ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്.

ഫ്‌ളിപ്കാര്‍ട്ടും സ്‌നാപ്ഡീലും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് ഫ്‌ളിപ്കാര്‍ട്ടില്‍ ഏകദേശം 2.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയത്. വിപണിയിലെ മല്‍സരത്തില്‍ ഫ്‌ളിപ്കാര്‍ട്ടിനെ നേരിടാന്‍ സ്‌നാപ്ഡീലിന് സാധിക്കുമെന്ന പ്രതീക്ഷയില്‍ ഏകദേശം 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം സോഫ്റ്റ്ബാങ്ക് സ്‌നാപ്ഡീലില്‍ നടത്തിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണിനും പിന്നിലായിരുന്നു സ്‌നാപ്ഡീല്‍. ഫ്‌ളിപ്കാര്‍ട്ടില്‍ തങ്ങള്‍ക്കുള്ള മുഴുവന്‍ ഓഹരികളും (21 ശതമാനം) വാള്‍മാര്‍ട്ടിന് കൈമാറിയാല്‍ ഏകദേശം നാല് ബില്യണ്‍ ഡോളറിനടുത്ത് നേടാന്‍ കഴിയുമെന്നാണ് സോഫ്റ്റ്ബാങ്ക് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy