ശാസ്ത്ര പ്രതിഭ ഡോ.ഇ സി ജോര്‍ജ് സുദര്‍ശന്‍ അന്തരിച്ചു

ശാസ്ത്ര പ്രതിഭ ഡോ.ഇ സി ജോര്‍ജ് സുദര്‍ശന്‍ അന്തരിച്ചു

തിരുവനന്തപുരം: ഊര്‍ജ തന്ത്രത്തിലെ ലോക പ്രശസ്ത പ്രതിഭ ഡോ.ഇ സി ജോര്‍ജ് സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഒന്‍പതു തവണ നൊബേല്‍ സമ്മാനത്തിനു വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ആളാണ് ഇ സി ജോര്‍ജ് സുദര്‍ശന്‍. എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്.

കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മ വര്‍ഗീസിന്റെയും മകനായി 1931 സെപ്റ്റംബര്‍ 16 നാണു സുദര്‍ശന്റെ ജനനം. കോട്ടയം സിഎംഎസ്, മദ്രാസ് ക്രിസ്ത്യന്‍ കോളജിലും മദ്രാസ് സര്‍വകലാശാലയിലുമായിരുന്നു ഉന്നതപഠനം. പ്രകാശത്തേക്കാളും വേഗത്തില്‍ സഞ്ചരിക്കുന്ന ‘ടാക്കിയോണുകള്‍’ എന്ന കണികകളെ കുറിച്ചുള്ള കണ്ടെത്തലുകളാണ് അദ്ദേഹത്തിന്റെ മുഖ്യ സംഭാവനയായി കരുതപ്പെടുന്നത്. ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ സിദ്ധാന്തത്തെപ്പോലും ജോര്‍ജ് സുദര്‍ശന്‍ തിരുത്തിയെഴുതിയിരുന്നു. ഈ കണ്ടെത്തലിനു 2005ല്‍ സുദര്‍ശന്‍ നൊബേല്‍ സമ്മാനത്തിനു വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. നൊബേലിന് ഒരു വര്‍ഷം മൂന്നില്‍ കൂടുതല്‍ പേരെ പരിഗണിക്കില്ലെന്ന കാരണം പറഞ്ഞ് സ്വീഡിഷ് അക്കാദമി അവസാന ഘട്ടത്തില്‍ അദ്ദേഹത്തെ ഒഴിവാക്കി. ഒന്‍പത് തവണ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിനു നിര്‍ദേശിക്കപ്പെട്ടെങ്കിലും അത് ലഭിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല.

1963ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിങ് പ്രൊഫസര്‍, 1964ല്‍ സിറാക്കുസ് പ്രോഗ്രാം ഇന്‍ എലിമെന്ററി പാര്‍ട്ടിക്കിള്‍സില്‍ ഡയറക്ടറും പ്രൊഫസറും, 1969 മുതല്‍ ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ പ്രൊഫസര്‍, 1973-84 കാലത്ത് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലും 1984-90 ല്‍ ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലും ഡയറക്റ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കോട്ടയം കേന്ദ്രമായി ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചപ്പോള്‍ അതിന്റെ പ്രസിഡന്റായി സുദര്‍ശനുമുണ്ടായിരുന്നു.

Comments

comments

Categories: Slider, Top Stories