രവി വെങ്കടേശന്‍ ആമസോണില്‍ പുതിയ പദവി ഏറ്റെടുത്തേക്കും

രവി വെങ്കടേശന്‍ ആമസോണില്‍ പുതിയ പദവി ഏറ്റെടുത്തേക്കും

ബെംഗളൂരു: ഇന്‍ഫോസിസ് മുന്‍ കോ-ചെയര്‍മാന്‍ രവി വെങ്കടേശന്‍ യുഎസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ഇന്ത്യന്‍ യൂണിറ്റില്‍ ഉന്നത പദവി വഹിക്കുന്നതിനുള്ള സാധ്യതകള്‍ തേടുന്നതായി റിപ്പോര്‍ട്ട്. ആമസോണില്‍ ബോര്‍ഡ് അംഗമായോ ചെയര്‍മാനായോ സീനിയര്‍ ഉപദേഷ്ടാവ് എന്ന നിലയിലോ രവി വെങ്കടേശന്‍ നിയമിക്കപ്പെട്ടേക്കുമെന്നാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മൂന്ന് ദിവസം മുന്‍പാണ് ഇന്‍ഫോസിസിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും രവി വെങ്കടേശന്‍ രാജിവെച്ചത്. ബോര്‍ഡ് പുനഃസംഘടനയുടെ ഭാഗമായാണ് രവിയുടെ രാജിയെന്നായിരുന്നു ഇന്‍ഫോസിസിന്റെ അനൗദ്യോഗിക പ്രതികരണം. 2011 മുതല്‍ ഇന്‍ഫോസിസിന്റെ സ്വതന്ത്ര ഡയറക്റ്റായിരുന്നു രവി വെങ്കടേശന്‍. ആമസോണില്‍ ഉന്നത പദവി അലങ്കരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനിയുമായി രവി ഒന്നില്‍ കൂടുതല്‍ തവണ ചര്‍ച്ച നടത്തിയിരുന്നു. ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ ചേരുന്നതിനുള്ള ചര്‍ച്ചകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ ഏത് പദവിക്കുവേണ്ടിയാണ് രവി ശ്രമിക്കുന്നത് എന്ന കാര്യം വ്യക്തമല്ല.

ഇന്‍ഫോസിസ് ബോര്‍ഡില്‍ നിന്നുള്ള രാജിയും ഭാവി പദ്ധതികളും സംബന്ധിച്ച ചോദ്യങ്ങളോട് രവി വെങ്കടേശന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആമസോണ്‍ തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിനു വേണ്ടി ഇതുവരെ ഒരു ബോര്‍ഡ് രൂപീകരിച്ചിട്ടില്ല. ഇന്ത്യയില്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണി സാധ്യതകള്‍ പിടിച്ചടക്കുന്നതിനാണ് ആമസോണ്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ഇതാനായി അഞ്ച് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. ആഗോള തലത്തില്‍ കമ്പനിയുടെ മുഖ്യ എതിരാളിയായ വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ട് ഏറ്റെടുക്കുന്നതോടെ ശക്തമായ മത്സരമായിരിക്കും ഇന്ത്യയില്‍ ആമസോണ്‍ നേരിടുക. ഫഌപ്കാര്‍ട്ടില്‍ ആല്‍ഫബെറ്റ് നിക്ഷേപം നടത്തുന്നതും കമ്പനിക്ക് വെല്ലുവിളിയാകും.

ഈ സാഹചര്യത്തിലാണ് ആമസോണ്‍ ഇന്ത്യയില്‍ ഉന്നത പദവി വഹിക്കാന്‍ രവി വെങ്കടേശന്‍ താല്‍പ്പര്യപ്പെടുന്നത്. നിലവില്‍ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് രവി. 2004 മുതല്‍ 2011 വരെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. ലോകത്തിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ കമ്പനി എന്ന നിലയിലേക്ക് മൈക്രോസോഫ്റ്റിനെ ഉയര്‍ത്തുന്നതില്‍ രവി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിനു മുന്‍പ് കമ്മിന്‍സ് ഇന്ത്യയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy