മലിനീകരണം: ടൂറിസം മേഖല മുന്‍നിരയില്‍

മലിനീകരണം: ടൂറിസം മേഖല മുന്‍നിരയില്‍

അന്താരാഷ്ട്ര വ്യാപാരത്തേക്കാള്‍ വേഗത്തില്‍ ആഗോള വിനോദ സഞ്ചാര രംഗം വളരുകയാണ്. ടൂറിസം രംഗത്തിന്റെ വളര്‍ച്ച ഹരിതഗൃഹ വാതകം പുറന്തള്ളുന്നതിന്റെ തോത് ഉയരാന്‍ കാരണമാകുന്നുണ്ടെന്നു പുതിയ പഠനം വെളിപ്പെടുത്തുന്നു.

2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളിയ ഹരിതഗൃഹ വാതകങ്ങളില്‍ എട്ട് ശതമാനം വിനോദസഞ്ചാര മേഖലയില്‍നിന്നായിരുന്നെന്നു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു. അതിലൂടെ നിര്‍മാണ വ്യവസായത്തെക്കാള്‍ വലിയ മലിനീകരണം ടൂറിസം മേഖലയില്‍നിന്നാണെന്നു സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി, യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്‌ലാന്‍ഡ്, നാഷണല്‍ ചെങ് കുങ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. Nature Climate Change എന്ന മാസികയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട ഗതാഗതം, ഭക്ഷണം, പാനീയങ്ങള്‍, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സുവനീര്‍ തുടങ്ങിയവയെല്ലാം പഠനത്തിനു വിധേയമാക്കിയിരുന്നു.

160 രാജ്യങ്ങളിലെ യാത്രക്കാരുടെ പണം ചെലവഴിക്കുന്ന സ്വഭാവം (spending habit) പരിശോധിച്ച പഠനം പറയുന്നത് ആഗോളതലത്തില്‍ കാര്‍ബണ്‍ ഉദ്വമനത്തിന്റെ (carbon emission) കാര്യമെടുത്താല്‍, വിനോദസഞ്ചാര മേഖലയുടെ സ്വാധീനം വളരെ വലുതാണെന്നാണ്. അതിന്റെ തോത് മുമ്പു കരുതിയിരുന്നതിനേക്കാള്‍ നാല് മടങ്ങ് വലുതാണെന്നും പഠനം പറയുന്നു. ഗതാഗതത്തിനും, ഷോപ്പിംഗിനും, ഭക്ഷണത്തിനുമൊക്കെയായി ടൂറിസ്റ്റുകള്‍ പണം ചെലവഴിക്കുന്നതാണ് കാര്‍ബണ്‍ ഉദ്വമനത്തിനു കാരണമാകുന്നത്.

ലോകത്ത്, വിനോദസഞ്ചാര മേഖല അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വ്യാപാരത്തേക്കാളും വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട് ഈ രംഗം. ഏഴ് ട്രില്യന്‍ ഡോളറിന്റെ വ്യവസായമാണ് ആഗോള ടൂറിസം. ലോക ജനസംഖ്യയുടെ പത്തില്‍ ഒരാള്‍ ടൂറിസവുമായി ബന്ധപ്പെട്ടു തൊഴില്‍ മേഖലയിലാണു ജോലി ചെയ്യുന്നതും. ഈ മേഖല പ്രതിവര്‍ഷം നാല് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ ലക്ഷ്യം വച്ചിരിക്കുന്ന നേട്ടങ്ങള്‍ക്കു ഭീഷണിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണ്ടെത്തലുകള്‍. അതേസമയം പഠനത്തില്‍, കാര്‍ബണ്‍ ഉദ്വമനത്തിന്റെ തോത് ഇപ്പോഴും കുറച്ചുകാണിക്കുകയാണെന്നും പരാതിയുണ്ട്. കാരണം വ്യോമയാനമേഖലയില്‍നിന്നുള്ള മീഥൈന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ വാതകങ്ങളുടെ ഉദ്വമനത്തെ (non-CO2 emissions) പഠന വിധേയമാക്കിയിരുന്നില്ല.

ലോകത്ത്, വിനോദസഞ്ചാര മേഖല അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വ്യാപാരത്തേക്കാളും വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. ഏഴ് ട്രില്യന്‍ ഡോളറിന്റെ വ്യവസായമാണ് ആഗോള ടൂറിസം. ലോക ജനസംഖ്യയുടെ പത്തില്‍ ഒരാള്‍ ടൂറിസവുമായി ബന്ധപ്പെട്ടു തൊഴില്‍ മേഖലയിലാണു ജോലി ചെയ്യുന്നതും. ഈ മേഖല പ്രതിവര്‍ഷം നാല് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാണു വളര്‍ച്ച രേഖപ്പെടുത്തുന്നത്. അതോടൊപ്പം വിമാനയാത്രയുടെ നിരക്ക് സാധാരണക്കാര്‍ക്കു വഹിക്കാവുന്ന തലത്തിലേക്ക് ഇടിഞ്ഞിരിക്കുന്നു. ഇന്ന് ആഗോളതലത്തില്‍ മധ്യവര്‍ഗവിഭാഗക്കാരുടെ എണ്ണം വന്‍തോതില്‍ വളര്‍ന്നു കൊണ്ടിരിക്കുകയുമാണ്. ഇത്തരം ഘടകങ്ങളെല്ലാം വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയ്ക്കും കാരണമാകുന്നുണ്ട്. ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള വളര്‍ച്ചയാകട്ടെ, കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്നുണ്ട്.

2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍, ടൂറിസം മേഖലയില്‍നിന്നും പ്രതിവര്‍ഷം പുറന്തള്ളിയ കാര്‍ബണിന്റെ തോത് 3.9-ല്‍നിന്നും 4.5 ബില്യന്‍ ടണ്ണിലെത്തിയതായിട്ടാണു പഠനം കണ്ടെത്തിയിരിക്കുന്നത്. ഇതു മുന്‍പു കണക്കാക്കിയിരുന്നതിനേക്കാള്‍, നാല് മടങ്ങ് വര്‍ധനയാണ്. ഈ നില തുടര്‍ന്നാല്‍ 2025-ആകുമ്പോഴേക്കും ആഗോളതലത്തില്‍ ടൂറിസം മേഖലയില്‍നിന്നും പുറന്തള്ളുന്ന കാര്‍ബണിന്റെ തോത് 6.5 ബില്യന്‍ ടണ്‍ ആകുമെന്നും പഠനം സൂചിപ്പിക്കുന്നു.വ്യോമയാന യാത്ര വര്‍ധിച്ചുവരുന്നതിനേക്കാള്‍ ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യം വര്‍ധിച്ചതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ, മെക്‌സിക്കോ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്റര്‍നാഷണല്‍ ടൂറിസത്തിനുള്ള ഡിമാന്‍ഡ് ഏറി വരികയാണ്.

സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ കാര്‍ബണ്‍ മലിനീകരണം ഉണ്ടാക്കാന്‍ മിടുക്കന്മാരാണു കാനഡ, സ്വിസ്, ഡച്ച്, ഡെന്‍മാര്‍ക്ക്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലെ ടൂറിസ്റ്റുകളെന്നു പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒരു വ്യക്തി അയാളുടെ സ്വന്തം രാജ്യത്തിനുള്ളില്‍ വിനോദസഞ്ചാരം അഥവാ യാത്ര നടത്തുമ്പോള്‍ സംഭവിക്കുന്ന മലിനീകരണം (residence emissions), അയാള്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സംഭവിക്കുന്ന മലിനീകരണം (destination emissions) എന്നിങ്ങനെയായിട്ടാണു പഠനം നടത്തിയത്. ഇതില്‍ റെസിഡന്റ് എമിഷന്‍സിന്റെ കാര്യത്തിലും ഡെസ്റ്റിനേഷന്‍ എമിഷന്റെ കാര്യത്തിലും യുഎസ് ആണ് ഏറ്റവും മുന്‍പന്തിയിലുള്ളത്. തൊട്ടുപിറകിലായി ചൈനയും, ജര്‍മനിയും, ഇന്ത്യയുമുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള യാത്രയും ആഭ്യന്തരതലത്തില്‍ നടക്കുന്നുണ്ട്. ഈ യാത്രയും കാര്‍ബണ്‍ മലിനീകരണത്തിനു കാരണമാകുന്നുണ്ട്.

യുഎസ്, ജര്‍മനി, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ബിസിനസ് യാത്ര കൂടുതലായിട്ടാണു പഠനം കണ്ടെത്തിയിരിക്കുന്നത്. ഡെസ്റ്റിനേഷന്‍ എമിഷന്റെ കാര്യത്തില്‍ ചെറുദ്വീപുകളായ മാലദ്വീപും, മൗറീഷ്യസും, സെയ്ഷ്യല്‍സ്, സൈപ്രസുമാണു പട്ടികയില്‍ മുന്‍നിര സ്ഥാനങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. ലോകത്ത് ഭൂരിഭാഗം ചെറു ദ്വീപ് രാഷ്ട്രങ്ങളും വരുമാനം കണ്ടെത്തുന്നത്, ടൂറിസത്തില്‍നിന്നാണ്. ഈ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ താരതമ്യേന പിന്നോക്ക അവസ്ഥയിലായതിനാല്‍, പരിസ്ഥിതി സൗഹാര്‍ദ്ദമായ, അത്യാധുനിക സംവിധാനത്തോടെയുള്ള ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുവാനും സാധിക്കാറില്ല. മാലദ്വീപും, മൗറീഷ്യസും, സൈപ്രസും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. അതു കൊണ്ടാണ് അവിടേയ്ക്കു വിദേശ സഞ്ചാരികള്‍ പ്രവഹിക്കുന്നത്. എന്നാല്‍ സഞ്ചാരികള്‍ അമിതമായെത്തുന്നതു ദ്വീപിന്റെ ജൈവ വൈവിധ്യത്തിനു ഭീഷണിയാണെന്നതു മറ്റൊരു യാഥാര്‍ഥ്യവുമാണ്.

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട മലിനീകരണ തോതിന്റെ കാര്യമെടുത്താല്‍ ദരിദ്ര രാജ്യങ്ങളെക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നതു സമ്പന്ന രാജ്യങ്ങളാണ്. സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ കാര്‍ബണ്‍ മലിനീകരണം ഉണ്ടാക്കാന്‍ മിടുക്കന്മാരാണു കാനഡ, സ്വിസ്, ഡച്ച്, ഡെന്‍മാര്‍ക്ക്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലെ ടൂറിസ്റ്റുകളെന്നു പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

Comments

comments

Categories: FK Special, Slider