വേണ്ടത് ഇന്നൊവേറ്റിവ് സംരംഭങ്ങള്‍

വേണ്ടത് ഇന്നൊവേറ്റിവ് സംരംഭങ്ങള്‍

ഇന്നൊവേഷനില്‍ അധിഷ്ഠിതമായ സംരംഭകത്വമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ കുതിച്ചുചാട്ടത്തിനും അതേ മാര്‍ഗ്ഗമുള്ളൂ

ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായിരുന്നു ഫ്‌ളിപ്കാര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സിനെ നിര്‍വചിച്ച ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥാവകാശം ഇന്ന് അമേരിക്കയിലെ ബഹുരാഷ്ട്ര ഭീമനായ വാള്‍മാര്‍ട്ടിന്റെ കൈയിലെത്തി. ഒരു തരത്തില്‍ പറഞ്ഞാര്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥാവകാശം വാള്‍മാര്‍ട്ടിന് കൈമാറ്റം ചെയ്തത് സ്മാര്‍ട്ട് ആയ നീക്കം തന്നെയാണ്. നഷ്ടത്തിന്റെ കണക്കുകളുള്ള ഒരു സംരംഭത്തെ കുറച്ചുകൂടി മികച്ച രീതിയില്‍ നടത്താന്‍ കഴിയുന്നവര്‍ക്ക് മികച്ച കാശിന് നല്‍കി ലാഭം കൊയ്ത സംരംഭകര്‍. എന്നാല്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അത് ഇന്നൊവേഷന്റെ അഭാവവുമാണ്. എന്തുകൊണ്ടാണ് ഇന്ത്യന്‍ അസ്തിത്വത്തോടു കൂടി ഫഌപ്കാര്‍ട്ടിന് ലാഭകരമായ സംരംഭമായി നിലനില്‍ക്കാന്‍ കഴിയാഞ്ഞത്. അവിടെയാണ് നാം ഗൗരവമായ ചര്‍ച്ചകള്‍ നടത്തേണ്ടത്.

ഗൂഗിളിനെ പോലെയോ ടെസ്ലയെ പോലെയോ ഫേസ്ബുക്കിനെ പോലെയോ അസാമാന്യ തലത്തില്‍ ലോകത്തെ സ്വാധീനിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് ഇന്ത്യന്‍ അസ്തിത്വം നിലനിര്‍ത്തി തന്നെ ഇന്ത്യയില്‍ ഉയര്‍ന്നു വരാത്തതിന് കാരണമെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ പകര്‍ത്തലുകള്‍ ആകുന്നതാണോ ഇതിന് കാരണം. എന്തായാലും അടിസ്ഥാനപരമായി ഇത് ഇന്നൊവേഷനുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഇന്നൊവേഷനെ എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊണ്ടാല്‍ മാത്രമേ സിലിക്കണ്‍ വാലിക്ക് സമാനമായി ഇന്ത്യയിലും ഒരു സ്റ്റാര്‍ട്ടപ്പ് താഴ് വര വികസിക്കൂ. അല്ലെങ്കില്‍ ഇത്തരം ഏറ്റെടുക്കലുകളും വില്‍ക്കലുകളും മാത്രമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗം നിര്‍വചിക്കപ്പെടും.

സ്‌കൂള്‍ തലം മുതല്‍ക്കേ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കാനുള്ള ഗൗരവ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ തന്നെ നേതൃത്വത്തില്‍ തീവ്രമാക്കണം. അടുത്തിടെ നിതി ആയോഗ് ഇതിനു വേണ്ടിയുള്ള ചില പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കാനായി 2019 മാര്‍ച്ച് ആകുമ്പോഴേക്കും 5,000 അടല്‍ ടിങ്കറിംഗ് ലാബുകള്‍ നിര്‍മിക്കുമെന്നാണ് അടുത്തിടെ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയത്.

അതേസമയം ഇത്തരം പദ്ധതികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇന്നൊവേഷന് നിദാനമാകാന്‍ സാധിക്കുന്നുണ്ടോയെന്ന സൂക്ഷമ പരിശോധനയും നടത്താനുള്ള സംവിധാനങ്ങള്‍ വേണം. ലോകം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഇന്നൊവേഷനിലുടെ നമുക്ക് അവതരിപ്പിക്കാന്‍ സാധിക്കണം. അതിനെ സംരംഭകത്വ അവസരമാക്കി മാറ്റി, ഒരു വിജയിക്കുന്ന, ലാഭകരമായ ബിസിനസ് മോഡലായി വികസിപ്പിക്കാനും സാധിക്കണം. എങ്കില്‍ മാത്രമേ കാര്യമാത്രപ്രസക്തമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കൂ.

കൃത്രിമ ബുദ്ധിയും ഓട്ടോമേഷനും ഡിജിറ്റലൈസേഷനും നിയന്ത്രിക്കുന്ന ലോകത്ത് മുന്‍നിരയില്‍ നില്‍ക്കണമെങ്കില്‍ ഇന്നൊവേഷന്‍ കൂടിയേ തീരൂ. ഇന്നൊവേഷനില്‍ അധിഷ്ഠിതമായി സമ്പദ് വ്യവസ്ഥയെയും കോര്‍പ്പറേറ്റ് ലോകത്തെയും ഉടച്ചുവാര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ. സ്വാഭാവികമായും ഇന്ത്യ ഇന്നൊവേഷന്‍ കേന്ദ്രീകൃതമാകുക എന്നതാണ് സൂപ്പര്‍ പവര്‍ ലക്ഷ്യത്തിലേക്കുള്ള ആദ്യപടി. സാമ്പത്തികപരമായി വന്‍ശക്തിയാകാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനുള്ള പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രണം ചെയ്യുന്നതും നടപ്പാക്കാന്‍ ശ്രമിക്കുന്നതും. എന്നാല്‍ ഇന്നൊവേറ്റീവ് ആകുന്ന കാര്യത്തില്‍ ഇന്ത്യക്ക് വേഗം പോര എന്നതാണ് വാസ്തവം. അത് മാറ്റുന്നതിന് ഉതകുന്ന ഉടച്ചുവാര്‍ക്കലുകളാണ് വേണ്ടത്.

Comments

comments

Categories: Editorial, Slider