വിവിധ മേഖലകളിലായി 10 നിക്ഷേപ പദ്ധതികളാണ് പരിഗണിക്കുന്നത്
ദുബായ്: മുബാദലയും തങ്ങളുടെ ചൈനീസ് പങ്കാളികളും ചേര്‍ന്ന് ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ഉടന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. അബുദാബിയും ബെയ്ജിംഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി 2015ല്‍ 10 ബില്ല്യണ്‍ ഡോളറിന്റെ സംയുക്ത നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനോടനുബന്ധിച്ചുള്ളതാണ് കഴിഞ്ഞ ദിവസം മുബാദല പ്രഖ്യാപിച്ച ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം. 10 വിവിധ മേഖലകളായിരിക്കും നിക്ഷേപത്തിന് പരിഗണിക്കുക.
ഞങ്ങളുടെ ചൈനീസ് പങ്കാളികളുമായി 10 നിക്ഷേപ തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. ഇതിലേക്കുള്ള നിക്ഷേപ തുകയായി ഒരു ബില്ല്യണ്‍ ഡോളര്‍ വകയിരുത്തിക്കഴിഞ്ഞു-മുബാദല കാപ്പിറ്റലിന്റെ സോവറിന്‍ ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ണര്‍ഷിപ്സ് തലവന്‍ ഖാലിദ് അല്‍ ഷംലന് പറഞ്ഞു.
ചൈനീസ് വിപണിയിലുള്ള തങ്ങളുടെ രണ്ടര വര്‍ഷത്തെ പ്രവര്‍ത്തനവേളയില്‍ 150ഓളം നിക്ഷേപങ്ങളെ വിലയിരുത്താന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. അതില്‍ പലതും ഇപ്പോള്‍ അവസാന ഘട്ടത്തിലാണെന്നും ഖാലിദ് കൂട്ടിച്ചേര്‍ത്തു.
മുബാദലയും ചൈനീസ് പങ്കാളികളും വ്യത്യസ്തങ്ങളായ നിരവധി മേഖലകളിലാണ് നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നത്. എന്നാല്‍ എത്രസമയത്തിനുള്ളിലാകും ഫണ്ടിന്റെ വിന്യാസമെന്നത് ഖാലിദ് അല്‍ ഷംലന് പറഞ്ഞില്ല.
മുബാദലയും ചൈനീസ് പങ്കാളികളും വ്യത്യസ്തങ്ങളായ നിരവധി മേഖലകളിലാണ് നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നത്. എന്നാല്‍ എത്രസമയത്തിനുള്ളിലാകും ഫണ്ടിന്റെ വിന്യാസമെന്നത് ഖാലിദ് അല്‍ ഷംലന് പറഞ്ഞില്ല
മുബാദല ഗ്രൂപ്പിന്റെ ഭാഗമായ എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം അടുത്തിടെയാണ് തങ്ങളുടെ ഓഫീസുകള്‍ ഷാംഗ്ഹായില്‍ തുടങ്ങിയത്. മാത്രമല്ല, മുബാദലയുടെ സെമികണ്ടക്റ്റര്‍ മാനുഫാക്ച്ചറിംഗ് കമ്പനിയായ ഗ്ലോബല്‍ ഫൗണ്ട്രീസ് അഠുത്തിടെ ചോംഗ്കിംഗ് സര്‍ക്കാരുമായി ചേര്‍ന്ന് ചൈനയില്‍ പ്രാദേശിക മാനുഫാക്ച്ചറിംഗ് പ്ലാന്റിനും തുടക്കമിട്ടിരുന്നു.
വൈവിധ്യനിക്ഷേപ പദ്ധതികളില്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിക്കുന്ന കമ്പനിയാണ് മുബാദല. അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി കഴിഞ്ഞ വര്‍ഷം പുതിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭം തുടങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു.
മുബാദലയുടെ യുഎസിലെ ആദ്യ ഓഫീസ് തുറക്കാനും കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ടിരുന്നു. ഏകദേശം 400 മില്ല്യണ്‍ ഡോളറിന്റെ മുബാദല വെഞ്ച്വേഴ്സ് ഫണ്ട് ആയിരിക്കും നേരത്തെ സൂചിപ്പിച്ച കമ്പനി പ്രധാനമായി നിയന്ത്രിക്കുകയെന്നാണ് അന്ന് പ്രസ്താവനയില്‍ പറഞ്ഞത്.
200 മില്ല്യണ്‍ ഡോളറിന്റെ ഫണ്ട് ഓഫ് ഫണ്ട്സും കമ്പനി മാനേജ് ചെയ്യും. യുഎസ്, യൂറോപ്പ് അധിഷ്ഠിത വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭങ്ങളില്‍ 70 മില്ല്യണ്‍ ഡോളര്‍ പ്രതിവര്‍ഷം നിക്ഷേപിക്കാന്‍ മുബാദലയ്ക്ക് പദ്ധതിയുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.