കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധന വില വീണ്ടും വര്‍ധിച്ചു

കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധന വില വീണ്ടും വര്‍ധിച്ചു

56 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് പെട്രോള്‍ വിലയുള്ളത്

ന്യൂഡെല്‍ഹി: 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചയിലധികമായി ഇന്ധന വില വര്‍ധന കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ചിരിക്കുകയായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇന്ധന വില വര്‍ധന നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്നതാണ് വോട്ടുകള്‍ പെട്ടിയിലായ ഉടന്‍ തന്നെ ഇന്ധന വിലയിലുണ്ടായ മാറ്റം.

രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ പെട്രോളിന് 74.63 രൂപയില്‍ നിന്നും 74.80 രൂപയായാണ് ഇന്നലെ വില വര്‍ധിച്ചത്. ഡീസല്‍ ലിറ്ററിന് 65.93 രൂപയില്‍ നിന്നും 66.14 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 77.48 രൂപയും ഡീസലിന് 70.45 രൂപയുമായിരുന്നു ഇന്നലത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 24 പൈസ വര്‍ധിച്ച് 78.85 രൂപയിലും ഡീസല്‍ വില 29 പൈസ വര്‍ധിച്ച് 71.81 രൂപയിലുമെത്തി.

പൊതുമേഖലാ എണ്ണ വിതരണ കമ്പനികളില്‍ നിന്നുള്ള വിവരമനുസരിച്ച് ഡീസല്‍ വില റെക്കോഡ് ഉയരത്തിലാണ്. 56 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് പെട്രോള്‍ വിലയുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധന വില ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിലയിലുണ്ടായ വര്‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും കാരണം ഏകദേശം 500 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളുടെ കണക്കുകൂട്ടല്‍. അന്താരാഷ്ട്ര ഇന്ധന വിലയ്ക്ക് അനുസൃതമായി പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയ ശേഷം ആദ്യമായാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില താല്‍ക്കാലികമായി പിടിച്ചുനിര്‍ത്തിയത്. എന്നാല്‍, കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല തരംഗമുണ്ടാക്കാനാണ് എണ്ണ വില വര്‍ധന മരവിപ്പിച്ചതെന്ന ആരോപണം എണ്ണ കമ്പനികള്‍ തള്ളി.

Comments

comments

Categories: Business & Economy