കുതിച്ചും കിതച്ചും ഇന്ത്യന്‍ കമ്പനികള്‍; സുസ്ഥിര വളര്‍ച്ചയ്ക്ക് സമയമെടുക്കും

കുതിച്ചും കിതച്ചും ഇന്ത്യന്‍ കമ്പനികള്‍; സുസ്ഥിര വളര്‍ച്ചയ്ക്ക് സമയമെടുക്കും

ഉപഭോക്തൃ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ താരതമ്യേന മികച്ച വര്‍ധനയുണ്ടായിട്ടുണ്ട്

ന്യൂഡെല്‍ഹി: സുസ്ഥിരമായ വളര്‍ച്ച വീണ്ടെടുക്കുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ കുറച്ചധികം സമയമെടുക്കുമെന്ന് നിരീക്ഷണം. രാജ്യത്തെ പ്രധാന വ്യാവസായിക മേഖലകളില്‍ സമ്മര്‍ദം നിലനില്‍ക്കുന്നതായും എന്നാല്‍ ഉപഭോക്തൃ കമ്പനികളുടെ പ്രകടനത്തില്‍ വേഗത്തിലുള്ള പുരോഗതി നിരീക്ഷിച്ചതായും വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ കമ്പനികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം.

ഇന്ത്യന്‍ കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയാണെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 348 കമ്പനികളുടെ വില്‍പ്പനയ്ക്കുവെച്ച അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ 230 ബേസിസ് പോയ്ന്റിന്റെ വാര്‍ഷിക വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വിപണി ആവശ്യകത സംബന്ധിച്ച വീക്ഷണം പ്രോത്സാഹനജനകമാണെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. ഇരുചക്ര വാഹന വിഭാഗത്തില്‍ നിന്നുള്ള വില്‍പ്പന നടപ്പു സാമ്പത്തിക വര്‍ഷം 9-10 ശതമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയും ഹീറോ മോട്ടോകോര്‍പ്പ് പങ്കുവെച്ചിട്ടുണ്ട്. അസംസ്‌കൃത വ്‌സ്തുക്കളുടെ ചെലവിലുണ്ടായ 100 ബേസിസ് പോയ്ന്റ് വര്‍ധന മറികടക്കാന്‍ പ്രവര്‍ത്തന നേട്ടം സഹായിച്ചതായും കമ്പനി ചൂണ്ടിക്കാട്ടി.

തുടര്‍ന്നുള്ള പാദങ്ങളിലും മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐക്കര്‍ മോട്ടോഴ്‌സ്. പലിശ അടക്കമുള്ള ചെലവുകള്‍ക്കു മുന്‍പുള്ള വരുമാനത്തില്‍ ഡിസംബര്‍ പാദത്തെ ഏപേക്ഷിച്ച് 90 ബേസിസ് പോയ്ന്റ് വര്‍ധനയാണ് നാലാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് 38 ശതമാനം ഉയര്‍ച്ചയാണിതെന്ന് കമ്പനി പറഞ്ഞു. അതേസമയം, പ്രധാന വ്യാവസായിക മേഖകളില്‍ ഇപ്പോഴും സമ്മര്‍ദത്തിലാണ്. 650 കോടി രൂപയുടെ നഷ്ടമാണ് അദാനി പവര്‍ നാലാം പാദത്തില്‍ രേഖപ്പെടുത്തിയത്. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നഷ്ടമാണിത്. മുന്ദ്ര പവര്‍ പ്ലാന്റ് അടച്ചുപൂട്ടിയതും തിറോഡ, കവായി എന്നിവിടങ്ങളില്‍ നിന്നുള്ള കല്‍ക്കരി ലഭ്യത കുറഞ്ഞതുമാണ് നഷ്ടം പെരുകാനുള്ള കാരണമായി കമ്പനി പറയുന്നത്.

62 കോടി രൂപയുടെ അറ്റ നഷ്ടമാണ് ജെഎസ്ഡബ്ല്യു എനര്‍ജി നാലാം പാദത്തില്‍ രേഖപ്പെടുത്തിയത്. അഞ്ച് ശതമാനത്തിന്റെ വാര്‍ഷിക ഇടിവാണ് കമ്പനിയുടെ വരുമാനത്തില്‍ ഇക്കാലയളവിലുണ്ടായത്. പെയ്ന്റ് ബിസിനസ് വിഭാഗത്തില്‍ ഏഷ്യന്‍ പെയ്ന്റ്‌സ് ഇരട്ടയക്ക വളര്‍ച്ച നേടി. മൂന്ന് പാദങ്ങളിലെ ഒറ്റയക്ക വളര്‍ച്ചയ്ക്കുശേഷമാണ് ഈ നേട്ടം. ടെക്‌സ്റ്റൈല്‍ മാനുഫാക്ച്ചറിംഗ് കമ്പനിയായ അര്‍വിന്ദ് ലിമിറ്റഡിന്റെ വരുമാനത്തില്‍ 16 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണുണ്ടായത്.

ഉപഭോക്തൃ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ താരതമ്യേന മികച്ച വര്‍ധനയുണ്ടായിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഇരട്ടയക്ക വളര്‍ച്ച നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഗോദ്‌റെജ് മാനേജ്‌മെന്റ്. എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്, നെസ്‌ലേ എന്നിവയാണ് ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തിയ മറ്റ് കമ്പനികള്‍.

Comments

comments

Categories: Business & Economy