70 ദിവസത്തില്‍ 21 ലക്ഷം രൂപയുടെ ആദായം

70 ദിവസത്തില്‍ 21 ലക്ഷം രൂപയുടെ ആദായം

ഡിജിറ്റല്‍ ലോകത്തിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് ഓര്‍ഗാനിക് ഫാമിംഗിലൂടെ ലക്ഷങ്ങള്‍ കൊയ്ത ഈ കര്‍ഷകനാണ് ഖേതാജി സോളങ്കി. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയ അദ്ദേഹം വിപണിയുടെ ആവശ്യകത കണ്ടറിഞ്ഞുള്ള കൃഷിരീതിക്കാണ് മുന്‍തൂക്കം നല്‍കുന്നത്

ഗുജറാത്ത് സ്വദേശിയായ ഖേതാജി സോളങ്കിയാണ് ഇപ്പോള്‍ കര്‍ഷക കൂട്ടായ്മക്കിടയിലെ പ്രമുഖ സംസാര വിഷയം. 70 ദിവസംകൊണ്ട് നാലേക്കര്‍ കൃഷിയില്‍ നിന്നും 21 ലക്ഷം രൂപ സമ്പാദിച്ചാല്‍ സംസാരവിഷയമായില്ലെങ്കിലെ അത്ഭുതപ്പെടേണ്ടൂ. തയ്ക്കുമ്പളം (Muskmelon) കൃഷിയിലൂടെയാണ് ഏവരെയും അല്‍പ്പമൊന്ന് അസൂയപ്പെടുത്തിക്കൊണ്ട് നാല്‍പത്തിയൊന്നുകാരനായ ഖേതാജി ലക്ഷങ്ങള്‍ കൊയ്തിരിക്കുന്നത്. ജലാംശം ഏറെ അടങ്ങിയിരിക്കുന്നതിനാല്‍ ജ്യൂസിനും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് തയ്ക്കുമ്പളം. ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള നിരവധി ഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇന്ത്യയിലും വിദേശത്തും തയ്ക്കുമ്പളത്തിന് ഡിമാന്‍ഡ് ഏറെയാണ്. കര്‍ഷകര്‍ കടക്കെണിയിലായി ആത്മഹത്യ ചെയ്യുന്ന ഇന്ത്യയില്‍ തന്നെയാണ് ഓര്‍ഗാനിക് ഫാമിംഗിലൂടെ ഈ കര്‍ഷകന്‍ ലക്ഷങ്ങള്‍ ലാഭം നേടിയിരിക്കുന്നത്.

ഗുജറാത്തിലെ ബാനസ്‌കന്ദ ജില്ലയില്‍ ചന്ദാജി ഗോലിയയിലാണ് ഖേതാജിയുടെ കൃഷിയിടം. കര്‍ഷക കുടുംബമാണ് അദ്ദേഹത്തിന്റെത്. പരമ്പരാഗത കൃഷിയിനങ്ങളായ ഉരുളക്കിഴങ്ങ്, ബജ്‌റ, നിലക്കടല എന്നിവയായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍ പണ്ട് കൃഷി ചെയ്തിരുന്നത്. സാമ്പത്തിക ഞെരുക്കം മൂലം ഏഴാം ക്ലാസില്‍ ഖേതാജിക്ക് പഠിത്തം നിര്‍ത്തേണ്ടിവന്നു. അക്കാലത്ത് ബാനസ്‌കന്ദയിലെ സ്‌കൂളില്‍ ഏഴു വരെ മാത്രമാണുണ്ടായത്. വലിയ സാമ്പത്തിക ശേഷി ഇല്ലാതിരുന്നതിനാല്‍ പുറത്ത് പോയി താമസിച്ച് പഠിക്കുന്നതിനു കഴിഞ്ഞിരുന്നുമില്ല. എന്നാല്‍ ചെറുപ്പം മുതല്‍ക്കേ പുതുമയുള്ള കാര്യങ്ങള്‍ പഠിക്കാനും അതു പരീക്ഷിക്കാനും വലിയ താല്‍പര്യമുള്ള ആളായിരുന്നു ഖേതാജി.

കൃഷിയിലേക്കുള്ള കടന്നുവരവ്

ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയശേഷം അച്ഛനെ കൃഷിയില്‍ സഹായിച്ചുകൊണ്ടാണ് ഖേതാജി കൃഷിയിലേക്കു കടക്കുന്നത്. പിന്നീട് കര്‍ഷകരുടെ വിവിധ കൃഷി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വില്‍പ്പന തുടങ്ങി. വിപണി തന്ത്രമറിയാവുന്ന ബ്രോക്കര്‍മാര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ അധികകാലം ആ സ്ഥാനത്ത് തുടരാനായില്ല. എന്നാല്‍ പുതിയ കാര്യങ്ങള്‍ മെല്ലെ പഠിച്ചെടുക്കാനുള്ള തന്റെ സ്വതസിദ്ധമായ കഴിവ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. ശരിയായ രീതിയില്‍ മാര്‍ക്കറ്റില്‍ തിളങ്ങാനുള്ള തന്ത്രങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ സ്വായത്തമാക്കിയതിനൊപ്പം എക്‌സ്‌പോര്‍ട്ട് ലൈസന്‍സും സ്വന്തമാക്കി. ഇതിനിടെ വിപണിയില്‍ ലാഭം കിട്ടാന്‍ ഒരു കര്‍ഷകനു വേണ്ട ഒട്ടുമിക്ക ടെക്‌നിക്കുകളും ഖേദാജി നേടിയിരുന്നു.

1994ല്‍ തനിക്ക് പാരമ്പര്യമായി കിട്ടിയ ഭൂമിയിലാണ് ഖേതാജി സ്വന്തമായി കൃഷി തുടങ്ങിയത്. പണ്ടു മുതല്‍ക്കെ ചെയ്തിരുന്ന ഉരുളക്കിഴങ്ങ് കൃഷിയാണ് അദ്ദേഹം 2014 വരെ അവിടെ കൃഷി ചെയ്തത്. പൊതുവെ ഉരുളക്കിഴങ്ങിന് മാര്‍ക്കറ്റ് കുറവുള്ള സമയമായിരുന്നെങ്കിലും മറ്റ് കര്‍ഷകരേക്കാള്‍ വൈദഗ്ധ്യം കൃഷിയില്‍ പലയിടങ്ങളില്‍ നിന്നായി സ്വന്തമാക്കിയതു വഴി എക്‌സ്‌പോര്‍ട്ട് ഇടപാടുകളിലൂടെ ഈ കര്‍ഷകന് പിടിച്ചു നില്‍ക്കാനായി. ഉരുളക്കിഴങ്ങ് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ വിലക്കുറവും മറ്റും കാരണം കിഴങ്ങ് റോഡിലേക്ക് വലിച്ചെറിയുന്ന സമയത്തെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞത് കയറ്റുമതിയിലൂടെ മാത്രമാണെന്നും ഖേതാജി പറയുന്നു.

കിഴങ്ങുകൃഷി വഴിമാറി തയ്ക്കുമ്പളത്തിലേക്ക്

തുടര്‍ച്ചയായി പത്ത് വര്‍ഷത്തോളം ചെയ്ത ഉരുളക്കിഴങ്ങ് കൃഷിയില്‍ നിന്നും ഒന്നു മാറി ചിന്തിക്കാനുള്ള തീരുമാനമാണ് ഇന്ന് തനിക്ക് ലക്ഷങ്ങളുടെ വരുമാനം നേടിത്തന്നതെന്ന് ഖേതാജി പറയുന്നു. കൃഷിയിടത്തിലെ വേറിട്ട പരീക്ഷണത്തിനുള്ള നിര്‍ദേശം നല്‍കിയത് അദ്ദേഹത്തിന്റെ എക്‌സ്‌പോര്‍ട്ട് ഡീലറാണ്. തുടര്‍ന്ന് ഇതിനായുള്ള വിവിധ പരിശീലന പരിപാടികളില്‍ ഭാഗമായി. ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിലെ കെ സി പട്ടേലാണ് തയ്ക്കുമ്പളം കൃഷിയുടെ കാര്യം സൂചിപ്പിക്കുന്നത്. തുടര്‍ന്ന് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തയ്ക്കുമ്പളത്തെ കുറിച്ചും അവ കൃഷി ചെയ്യുന്ന രീതികളെ കുറിച്ചും സമഗ്ര പഠനം ആരംഭിച്ചു. ഓര്‍ഗാനിക് വളങ്ങള്‍, കീടനാശിനികള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ കൃത്യമായി പഠിച്ചുതന്നെ കൃഷി ചെയ്യാനായിരുന്നു തീരുമാനം. അങ്ങനെ 2017ല്‍ ഖേതാജിയുടെ നാലേക്കര്‍ ഭൂമി ഓര്‍ഗാനിക് കൃഷിക്ക് സജ്ജമായി. ഈ വര്‍ഷം ഫെബ്രുവരി 12 ന് തയ്ക്കുമ്പളം വിത്തുകള്‍ കൃഷിയിടത്തില്‍ പാകുകയും ചെയ്തു.

ഏകദേശം 1. 6 ലക്ഷം രൂപ നിക്ഷേപമിറക്കിയാണ് ഖേതാജി തയ്ക്കുമ്പളം കൃഷിയിറക്കിയത്. അതിലൂടെയുള്ള ലാഭത്തിന്റെ കണക്കുകള്‍ ഏകദേശം 19. 5 ലക്ഷം വരും. 140 ടണ്‍ തയ്ക്കുമ്പളമാണ് നാലേക്കറില്‍ നിന്നും ഈ കര്‍ഷകന്‍ വിളവെടുത്തത്

ഞങ്ങളുടെ ഗ്രാമത്തില്‍ ആരും ഈ കൃഷി മുമ്പ് ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ചെറിയൊരു പ്രദേശത്ത് പുതിയ കൃഷി പരീക്ഷിക്കാനായിരുന്നു എല്ലാവരും നിര്‍ദേശിച്ചത്. എന്നാല്‍ കയറ്റുമതി ലക്ഷ്യമിട്ടു നടത്തുന്ന കൃഷിക്കായി കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യേണ്ടിയിരുന്നു. അങ്ങനെ നാലേക്കറിലും കൃഷി ചെയ്യാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു – ഖേതാജി പറയുന്നു.

നാലേക്കറില്‍ പൊന്ന് വിളയിച്ച ഓര്‍ഗാനിക് ഫാമിംഗ്

ഏകദേശം 1. 6 ലക്ഷം രൂപ നിക്ഷേപമിറക്കിയാണ് ഖേതാജി തയ്ക്കുമ്പളം കൃഷിയിറക്കിയത്. അതിലൂടെയുള്ള ലാഭത്തിന്റെ കണക്കുകള്‍ ഏകദേശം 19. 5 ലക്ഷം വരും. 140 ടണ്‍ തയ്ക്കുമ്പളമാണ് നാലേക്കറില്‍ നിന്നും ഈ കര്‍ഷകന്‍ വിളവെടുത്തത്. വെറു 70 ദിവസത്തിനുളളില്‍ മുതല്‍മുടക്കിന്റെ 20 ഇരട്ടിയോളം നേടിയ ഈ കര്‍ഷകന്‍ ഇന്ന് ഗുജറാത്തില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും ശ്രദ്ധേയമായിരിക്കുന്നു. ഡീലര്‍ വഴി കശ്മീരിലേക്കാണ് ഖേതാജി തയ്ക്കുമ്പളം കയറ്റി അയച്ചത്.

കൃഷിയെ കുറിച്ച് കൃത്യമായി മനസിലാക്കിയ ശേഷമുള്ള കൃഷിരീതിയാണ് ഈ യുവ കര്‍ഷകന്റെ വിജയത്തിനു കാരണം. സര്‍ക്കാരും നിരവധി എന്‍ജിഒകളും വിത്തുല്‍പ്പാദന കമ്പനികളും നടത്തുന്ന സൗജന്യ പരിശീലന പരിപാടികളില്‍ ഓരോ കര്‍ഷകനും പങ്കെടുക്കണം. അടുത്തുള്ള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും സഹായം തേടാവുന്നതാണ്. കൃഷിയില്‍ പ്രാവര്‍ത്തികമാക്കേണ്ട പുതിയ പഠനങ്ങളും സാങ്കേതിക വിദ്യകളും ഇതുവഴി മനസിലാക്കാനാകും. കൂടാതെ കൃഷി മേളകളും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള കൂടുതല്‍ പഠനവും കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യും- ഖേതാജി പറയുന്നു.

ഖേതാജിയുടെ അഭിപ്രായത്തില്‍ തന്റെ കൃഷിയിടത്തിലെ ഏറ്റവും വലിയ നിക്ഷേപം സോളാര്‍ പമ്പ് ഘടിപ്പിച്ചതാണ്. 8-10 ലക്ഷം രൂപ വരെയാണ് പമ്പിന്റെ വില. 37,500 രൂപ കര്‍ഷകര്‍ നിക്ഷേപിച്ചാര്‍ ബാക്കിയുള്ള തുക സര്‍ക്കാര്‍ നല്‍കുമെന്നും ഖേതാജി പറയുന്നു. അതുമാത്രമല്ല ഡ്രിപ് ഇറിഗേഷനും കംപോസ്റ്റ് നിര്‍മാണവുമെല്ലാം കൃഷിക്ക് ലാഭമുണ്ടാക്കാന്‍ സഹായിക്കുന്നവയാണ്. സോളാര്‍ പമ്പ് ഘടിപ്പിച്ചതിലൂടെ എല്ലാസമയവും വെള്ളവും വൈദ്യുതിയും ലഭ്യമാക്കാനാകും. വൈദ്യുതി ബില്ലിനെ കുറിച്ച് കര്‍ഷകര്‍ക്ക് ആശങ്കപ്പെടേണ്ട ആവശ്യവുമില്ല. ഡ്രിപ് ഇറിഗേഷന്‍ സ്ഥാപിച്ചതിലൂടെ വെള്ളം നനയ്ക്കുന്നതിനു മറ്റുമായുള്ള തൊഴിലാളി ഭാരം കുറയ്ക്കാനും കഴിയും- ഖേതാജി പറയുന്നു.

വിപണിയുടെ ഡിമാന്‍ഡ് മനസിലാക്കിയുള്ള കൃഷിയിലൂടെ ഏത് കര്‍ഷകനും ലാഭമുണ്ടാക്കാമെന്നാണ് വേറിട്ട പരീക്ഷണം നടത്തി വിജയിച്ച ഈ കര്‍ഷകന്റെ അഭിപ്രായം. അടുത്തതായി വിപണിയില്‍ ഡിമാന്‍ഡ് ഏറി വരുന്ന മഞ്ഞ തയ്ക്കുമ്പളവും കറുത്ത തക്കാളിയും കൃഷി ചെയ്യാനാണ് പദ്ധതി 

ഇന്റര്‍നെറ്റും കൃഷി ആപ്ലിക്കേഷനും തുണയേകി

തയ്ക്കുമ്പളം കൃഷി തുടങ്ങേണ്ടത് അനുയോജ്യമായ അന്തരീക്ഷ ഊഷ്മാവ് അനുസരിച്ചാണ്. ഊഷ്മാവ് 32-34 ഡിഗ്രി ഉള്ളപ്പോള്‍ തുടങ്ങുന്ന കൃഷി, 40 ഡിഗ്രിക്ക് മുകളിലാകുമ്പോഴേക്കും കൊയ്‌തെടുക്കണമെന്നും ഈ കര്‍ഷകന്‍ ഓര്‍മിപ്പിക്കുന്നു. ചൂട് വളരെ കൂടുതലുള്ള സമയത്താണ് ആളുകള്‍ക്ക് ജ്യൂസിനും മറ്റുമായി ഇതാവശ്യമായി വരുന്നത്. അതായത് വിപണി മനസിലാക്കി ഒരു കര്‍ഷകന്‍ പ്രവര്‍ത്തിച്ചാല്‍ ലാഭമുണ്ടാക്കാനാകുമെന്നു സാരം. കാലാവസ്ഥയെ കുറിച്ച് ഡിഡി- കിസാനിലും വിവിധ ആപ്ലിക്കേഷന്‍ വഴിയുമാണ് വിവരങ്ങള്‍ ലഭ്യമാക്കിയത്. ഇംഗ്ലീഷ് വായിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടായത് കാരണം ഗുജറാത്തി ഭാഷയിലുള്ള ആപ്ലിക്കേഷനാണ് ഖേതാജി ഉപയോഗിക്കുന്നത്.

മികച്ച വിത്തിനങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം അടുത്തുള്ള കൃഷി സര്‍വകലാശാലയുടെ സഹായം തേടിയിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ നിരവധി കര്‍ഷകരുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. കൃഷിയുടെ ഓരോ ഘട്ടത്തിലും നമ്മുടെ കുട്ടികളെയെന്നപോലെ പരിരക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഏറ്റവും നല്ല ഡീലറെ കണ്ടെത്തുന്നതും നമ്മുടെ ഉല്‍പ്പന്നം ഏറ്റവും നല്ല ഗുണമേന്‍മയില്‍ എത്തിക്കുന്നതിലും ഏറെ കരുതലുണ്ടാകണം. തയ്ക്കുമ്പളം പാകമാകുന്നതിനും ദിവസങ്ങള്‍ക്കു മുമ്പായി വിളവെടുത്താല്‍ കയറ്റിയയച്ച് ഡിലര്‍ കൃത്യമായി എത്തിക്കുമ്പോഴേക്കും അവ പാകമായിരിക്കും. ഇത് കൃഷിയുടെ നഷ്ടം കുറയാനിടയാക്കുമെന്നും ഖേതാജി ചൂണ്ടിക്കാണിക്കുന്നു.

വിപണിയുടെ ഡിമാന്‍ഡ് മനസിലാക്കിയുള്ള കൃഷിയിലൂടെ ഏത് കര്‍ഷകനും ലാഭമുണ്ടാക്കാമെന്നാണ് വേറിട്ട പരീക്ഷണം നടത്തി വിജയിച്ച ഈ കര്‍ഷകന്റെ അഭിപ്രായം. കുറഞ്ഞ നിക്ഷേപം, മാര്‍ക്കറ്റിംഗ് തന്ത്രം, കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഇവയാണ് വിജയത്തിന്റെ പ്രധാന ഘടകങ്ങളായി ഖേതാജി എടുത്തു പറയുന്നത്. അടുത്തതായി വിപണിയില്‍ ഡിമാന്‍ഡ് ഏറി വരുന്ന മഞ്ഞ തയ്ക്കുമ്പളവും കറുത്ത തക്കാളിയും കൃഷി ചെയ്യാനാണ് ലക്ഷങ്ങള്‍ കൊയ്ത ഈ കര്‍ഷകന്റെ ലക്ഷ്യം. ചുവപ്പ് തക്കാളിയേക്കാള്‍ ആരോഗ്യകരമാണ് കറുത്ത തക്കാളിയെന്ന് ശാസ്ത്രജ്ഞര്‍ വളരെ മുമ്പേ വെളിപ്പെടുത്തിയിട്ടുമുണ്ട്. പുതിയ കൃഷി രീതികള്‍ പഠിക്കുന്നതിനു മറ്റും കര്‍ഷകര്‍ ഡിജിറ്റല്‍ ലോകത്തിന്റെ നല്ല വശങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന ഉപദേശവും ഖേതാജിക്കുണ്ട്. പാസ്‌പോര്‍ട്ട് തയാറാക്കി ഇസ്രയേലിലെ കൃഷി രീതികളെ കുറിച്ച് പഠിക്കാന്‍ പോകുന്നതിനുള്ള ഒരുക്കത്തിലാണിപ്പോള്‍ അദ്ദേഹം.

Comments

comments

Categories: FK Special, Slider

Related Articles