യൂസ്ഡ് ബൈക്ക് വാങ്ങാന്‍ അവസരമൊരുക്കി ഹാര്‍ലി ഡേവിഡ്‌സണ്‍

യൂസ്ഡ് ബൈക്ക് വാങ്ങാന്‍ അവസരമൊരുക്കി ഹാര്‍ലി ഡേവിഡ്‌സണ്‍

ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാകും

ന്യൂഡെല്‍ഹി : അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ യൂസ്ഡ് ബൈക്ക് സെഗ്‌മെന്റില്‍ പ്രവേശിക്കും. ചില ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകളില്‍ യൂസ്ഡ് ബൈക്ക് വില്‍പ്പന ഇതിനകം ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ യൂസ്ഡ് ബൈക്ക് വില്‍പ്പന പൂര്‍ണ്ണ തോതില്‍ രാജ്യമെമ്പാടും നടപ്പാക്കുമെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ പീറ്റര്‍ മക്കെന്‍സീ അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ 27 ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമുകളാണ് ഉള്ളത്. യൂസ്ഡ് ഹാര്‍ലി വില്‍ക്കുന്നതിലൂടെ കൂടുതല്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് ബൈക്ക് വാങ്ങാന്‍ കഴിയുമെന്ന് മക്കെന്‍സീ പ്രതീക്ഷ പ്രകടിപ്പിച്ചു. പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില താങ്ങാന്‍ കഴിയാത്തവര്‍ക്ക് അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ പോയി യൂസ്ഡ് ഹാര്‍ലി വാങ്ങാനാണ് അവസരമൊരുക്കുന്നത്. 2018 ല്‍ ഇന്ത്യയില്‍ കൂടുതല്‍ സ്ഥിരതയാര്‍ന്ന വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നതെന്ന് ചോദ്യത്തിന് ഉത്തരമായി പീറ്റര്‍ മക്കെന്‍സീ പറഞ്ഞു.

ഷോപ്പിംഗ് മാളുകളിലും മറ്റും കൂടുതല്‍ മോട്ടോര്‍സൈക്കിള്‍ അപ്പാരല്‍ സ്റ്റോറുകള്‍ ആരംഭിക്കും

ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ഗിയറുകളും അപ്പാരലും നല്ല രീതിയില്‍ വിറ്റുപോകുന്നത്. ഷോപ്പിംഗ് മാളുകളിലും മറ്റ് സ്ഥലങ്ങളിലും കൂടുതല്‍ മോട്ടോര്‍സൈക്കിള്‍ അപ്പാരല്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് മക്കെന്‍സീ അറിയിച്ചു. ഈ വര്‍ഷം ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ വളര്‍ച്ചയില്‍ മോട്ടോര്‍സൈക്കിള്‍ അപ്പാരല്‍ വലിയ പങ്ക് വഹിക്കുമെന്നാണ് മക്കെന്‍സീ പ്രതീക്ഷിക്കുന്നത്. 2018 ല്‍ കമ്പനി ഇതുവരെ മൂന്ന് അപ്പാരല്‍ സ്റ്റോറുകള്‍ തുറന്നു. ഹാര്‍ലി ഡേവിഡ്‌സണെ സംബന്ധിച്ചിടത്തോളം ഇന്ത്യ സുപ്രധാന വിപണിയാണെന്നും അതുകൊണ്ടാണ് ഇന്ത്യയില്‍ നിക്ഷേപം തുടരുന്നതെന്നും ഹരിയാനയിലെ ബാവലില്‍ മാനുഫാക്ച്ചറിംഗ് കേന്ദ്രമുണ്ടെന്നും പീറ്റര്‍ മക്കെന്‍സീ പറഞ്ഞു.

Comments

comments

Categories: Auto