ഫെയിം 2 : കേന്ദ്ര സര്‍ക്കാര്‍ 9,381 കോടി രൂപ വകയിരുത്തും

ഫെയിം 2 : കേന്ദ്ര സര്‍ക്കാര്‍ 9,381 കോടി രൂപ വകയിരുത്തും

പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം ഉടന്‍ അനുമതി നല്‍കും

ന്യൂഡെല്‍ഹി : ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം ഇന്ത്യ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ 9,381 കോടി രൂപ വകയിരുത്തും. നിര്‍ദ്ദിഷ്ട തുക നീക്കിവെയ്ക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും. രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫെയിം പദ്ധതി ആരംഭിച്ചത്.

പുതുതായി അനുവദിക്കുന്ന സാമ്പത്തിക സഹായം അടുത്ത അഞ്ച് വര്‍ഷക്കാലം വിനിയോഗിക്കാം. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പൊതു ഗതാഗതത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈ-സ്പീഡ് ഇരുചക്ര വാഹനങ്ങള്‍ക്കുമായി സാമ്പത്തിക സഹായം പരിമിതപ്പെടുത്തും.

ഇന്ത്യയില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കുന്നതിന് ഫെയിം രണ്ടാം ഘട്ടം പുതിയ ഉത്തേജനമാകും. ഇലക്ട്രിക് വാഹന മേല്‍നോട്ടം വഹിക്കുന്ന നിതി ആയോഗ് മുമ്പാകെ ഘന വ്യവസായ മന്ത്രാലയം പുതിയ പദ്ധതി സമര്‍പ്പിച്ചിരിക്കുകയാണ്. ഫെയിം പദ്ധതിയുടെ ഒന്നാം ഘട്ടം ഈ വര്‍ഷം മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം ഉടന്‍ അനുമതി നല്‍കും.

2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവിലേക്കാണ് 9,381 കോടി രൂപയുടെ ഫണ്ടിന്റെ ആവശ്യകത. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015 ലാണ് ഫെയിം ഇന്ത്യ പദ്ധതിയുടെ ഒന്നാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ബൈക്കുകള്‍ക്ക് 29,000 രൂപ വരെയും കാറുകള്‍ക്ക് 1.38 ലക്ഷം രൂപ വരെയും സബ്‌സിഡി അനുവദിച്ചിരുന്നു.

ഇവി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 500 കോടി രൂപയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് പരിഗണിക്കുന്നു

നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ 136 സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രണ്ടാം ഘട്ട ഫെയിം പദ്ധതിയില്‍ 500 കോടി രൂപയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് പരിഗണനയിലാണ്.

Comments

comments

Categories: Auto