ജിഡിപി വളര്‍ച്ച രണ്ടു വര്‍ഷത്തെ ഉയരത്തില്‍

ജിഡിപി വളര്‍ച്ച രണ്ടു വര്‍ഷത്തെ ഉയരത്തില്‍

ജനുവരി- മാര്‍ച്ചില്‍ 7.7 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയേക്കുമെന്ന് നോമുറ

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ അവസാനിപ്പിച്ചത് അഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ മികച്ച നേട്ടവുമായാണെന്ന് വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദമായ ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 7.7 ശതമാനം രേഖപ്പെടുത്തുമെന്നാണ് നോമുറ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കായിരിക്കും ഇത്.
5.7 ശതമാനമെന്ന നിരാശാജനകമായ ജിഡിപി വളര്‍ച്ചയാണ് 2017-18ന്റെ ആദ്യപാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയിരുന്നത്. നോട്ട് അസാധുവാക്കലും ജിഎസ്ടിയിലേക്കുള്ള പരിവര്‍ത്തനവും ചേര്‍ന്ന് നല്‍കിയ ഇരട്ട ആഘാതമായിരുന്നു ഇതിന് പ്രധാന കാരണം. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ഘട്ടമെത്തിയപ്പോള്‍ അതില്‍ നിന്നു കരകയറാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന സൂചനയാണ് നോമുറ നല്‍കുന്നത്.

എന്നാല്‍ ആദ്യ രണ്ട് പാദങ്ങളിലെ തിരിച്ചടി സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ജിഡിപി വളര്‍ച്ചയില്‍ തിരിച്ചടിയാകും. 6.6 ശതമാനം ജിഡിപി വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായതെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് കണക്കാക്കപ്പെടുന്നത്. 2014നു ശേഷം ഒരു സാമ്പത്തിക വര്‍ഷം രേഖപ്പെടുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. മുന്‍ സാമ്പത്തിക വര്‍ഷം 7.1 ശതമാനമെന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. നാലാം പാദത്തിലെ അന്തിമ ജിഡിപി ഡാറ്റ മേയ് 31നാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് ഔദ്യോഗികമായി പുറത്തുവിടുന്നത്.

മാര്‍ച്ചില്‍ വ്യാവസായികോല്‍പ്പാദനത്തിലെ വളര്‍ച്ച മന്ദഗതിയിലായത് താല്‍ക്കാലികമാകുമെന്ന പ്രതീക്ഷയാണ് ബിസിനസ് സമൂഹം പങ്കുവെക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചയെ കുറിച്ചും ശുഭ സൂചനകള്‍ സാമ്പത്തിക വിദഗ്ധര്‍ പങ്കുവെക്കുന്നത്. ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമെന്നാണ് നിരീക്ഷണം.

നിക്ഷേപവും ഉപഭോഗവും വര്‍ധിക്കുന്നതിന് അനുസരിച്ച് ചാക്രികമായ തിരിച്ചുവരവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുമെന്നാണ് നോമുറ റിപ്പോര്‍ട്ട് പറയുന്നത്. ഉയരുന്ന ഇന്ധവ വിലയും കടുത്ത സാമ്പത്തിക സാഹചര്യങ്ങളും വളര്‍ച്ചയില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചിക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ 2018ല്‍ 7.3 ശതമാനവും 2019ല്‍ 7.5 ശതമാനവും വളര്‍ച്ച നേടുമെന്നാണ് ലോകബാങ്കിന്റെ നിഗമനം.

Comments

comments

Categories: Slider, Top Stories

Related Articles