ഇന്ത്യയില്‍ ഫാസ്റ്റ് ഫുഡ് വില്‍പ്പന വര്‍ധിച്ചു

ഇന്ത്യയില്‍ ഫാസ്റ്റ് ഫുഡ് വില്‍പ്പന വര്‍ധിച്ചു

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നയവും ജിഎസ്ടിയും കാരണമുണ്ടായ പ്രത്യാഘാതങ്ങളില്‍ നിന്നും ഉപഭോക്തൃ ചെലവിടല്‍ ട്രാക്കിലേക്ക് തിരിച്ചുകയറുന്നതിന്റെ ഫലമായി രാജ്യത്ത് ഫാസ്റ്റ് ഫുഡ് വില്‍പ്പന വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ മക്‌ഡൊണാള്‍ഡിന്റെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയായ വെസ്റ്റ്‌ലൈഫ് ഡെവലപ്പ്‌മെന്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തില്‍ 1,100 കോടി രൂപയുടെ വരുമാനം നേടിയതായി വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ എക്കാലത്തെയും മികച്ച വരുമാന നേട്ടമാണിത്. 22 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് വരുമാനത്തിലുണ്ടായത്. 277 ഔട്ട്‌ലെറ്റുകളാണ് കമ്പനിക്കു കീഴിലുള്ളത്. സ്റ്റോറുകളില്‍ നിന്നുള്ള വില്‍പ്പനയില്‍ 25 ശതമാനത്തിന്റെ വര്‍ധനയും കമ്പനി മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തി. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്.

ഇന്ത്യയില്‍ ഡൊമിനോസ് പിസ്സ ശൃംഖലയുടെ ഓപ്പറേറ്റര്‍മാരായ ജുബിലിയന്റ് ഫൂഡ്‌വര്‍ക്ക്‌സ് വില്‍പ്പനയില്‍ 26.5 ശതമാനത്തിന്റെ വര്‍ധനയാണ് നാലാം പാദത്തില്‍ നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷം 7.5 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയതെന്ന് ജുബിലിയന്റ് ഫുഡ്‌വര്‍ക്ക്‌സ് സിഇഒ പ്രതിക് പോത്ത പറഞ്ഞു. കമ്പനിയുടെ ത്രൈമാസ വരുമാനം മുന്‍ വര്‍ഷം സമാന കാലയളവിലെ 6.7 കോടി രൂപയില്‍ നിന്നും പത്ത് മടങ്ങ് വര്‍ധിച്ച് 68 കോടി രൂപയിലെത്തിയതായും അദ്ദേഹം അറിയിച്ചു.

മാര്‍ച്ച് പാദത്തില്‍ കെഎഫ്‌സിയുടെ വില്‍പ്പനയില്‍ 19 ശതമാനം വര്‍ധനയാണുണ്ടായത്. മുന്‍ സാമ്പത്തിക ഇതേ പാദത്തില്‍ വെറും രണ്ട് ശതമാനം മാത്രം വില്‍പ്പന വര്‍ധനയാണുണ്ടായിരുന്നത്. നോട്ട് അസാധുവാക്കല്‍ നയവും ജിഎസ്ടി സംബന്ധിച്ച ആശങ്കകളും കാരണം ഫാസ്റ്റ് ഫുഡ്‌ മേഖലയില്‍ നിന്നുള്ള വില്‍പ്പനയില്‍ 2016-17 സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. നഷ്ടം കാരണം പ്രധാന ബ്രാഡുകളുടെ നൂറുകണക്കിന് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

Comments

comments

Categories: Business & Economy