സംരംഭക പോരാളികള്‍

സംരംഭക പോരാളികള്‍

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡിക്രോപ്‌സ് എന്ന സംഘടനയിലൂടെ ശാരീരികമായ വൈകല്യങ്ങളെ മറികടന്ന് ഒരുകൂട്ടം യുവാക്കള്‍ സംരംഭകത്വത്തിന്റെ ലോകത്തേക്ക് കടന്നിരിക്കുന്നു. വിപണിയില്‍ പല ബ്രാന്‍ഡുകളില്‍ വരുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കിടയില്‍ സ്ഥിരോത്സാഹം, കഠിനപ്രയത്‌നം, ഉന്നതഗുണനിലവാരം എന്നിവ കൊണ്ട് ഈ യുവാക്കളുടെ ഉല്‍പ്പന്നങ്ങള്‍ വേറിട്ടതാകും, തീര്‍ച്ച

ശാരീരികമായ വൈകല്യത്തെ, വൈകല്യമില്ലാത്ത മനസ്സിന്റെ പിന്‍ബലത്തില്‍ ചെറുത്ത് മുന്നേറുകയാണ് ഒരു പറ്റം യുവ സംരംഭകര്‍. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നതാകട്ടെ, ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്നും രൂപമെടുത്ത ഹാന്‍ഡിക്രോപ്‌സ് എന്ന സംഘടനയും. പോളിയോ ബാധിച്ച് ഭിന്നശേഷിക്കാരായവര്‍, ജന്മനാ അംഗവൈകല്യമുള്ളവര്‍, അപകടങ്ങളെ തുടര്‍ന്ന് ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടവര്‍ തുടങ്ങി നിരവധിപ്പേര്‍ ഹാന്‍ഡിക്രോപ്‌സിന്റെ ഭാഗമാണ്. ചക്രകസേരകളില്‍ ജീവിതം തളച്ചിടപ്പെട്ടിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. എന്നാല്‍ ശാരീരികമായ വൈകല്യം നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്നതിനും ജീവിതം കൈ എത്തിപ്പിടിക്കുന്നതിനും ഒരു തടസമാകില്ല എന്ന തിരിച്ചറിവ് ഹാന്‍ഡിക്രോപ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ വിവിധ മോട്ടിവേഷണല്‍ ക്ലാസുകളുടെ പിന്‍ബലത്തില്‍ ഇവര്‍ തിരിച്ചറിഞ്ഞു.

വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ചെയ്യാന്‍ കഴിയുന്ന എല്‍ഇഡി ബള്‍ബ് നിര്‍മാണം, സോപ്പ് നിര്‍മാണം, വിത്തുപേന നിര്‍മാണം, കുടനിര്‍മാണം, അച്ചാര്‍ നിര്‍മാണം എന്നിവയിലൂടെ സംരംഭകത്വത്തിന്റെ ലോകത്തേക്ക് ചുവടു വച്ചിരിക്കുകയാണ് ഇവര്‍. സ്വന്തമായി വരുമാനം കണ്ടെത്തുന്നതിലൂടെ കുടുംബത്തിന് താങ്ങാവാനും ഇവരില്‍ പലര്‍ക്കും കഴിയുന്നു എന്നിടത്താണ് ഹാന്‍ഡിക്രോപ്‌സ് എന്ന സംഘടനയുടെ വിജയം.

എല്‍ഇഡി ബള്‍ബ് നിര്‍മാണം, സോപ്പ് നിര്‍മാണം, വിത്തുപേന നിര്‍മാണം, കുടനിര്‍മാണം, അച്ചാര്‍ നിര്‍മാണം തുടങ്ങി അനേകം സംരംഭങ്ങള്‍ക്കായുള്ള പരിശീലനം നല്‍കുന്നത് ഹാന്‍ഡിക്രോപ്‌സ് തന്നെയാണ്. കേരളത്തിന്റെ ഭൂരിഭാഗം ജില്ലകളിലും പ്രവര്‍ത്തന യൂണിറ്റ് ഉള്ള ഹാന്‍ഡിക്രോപ്‌സ് അതാത് ജില്ലകളില്‍ വെച്ചാണ് ഉല്‍പ്പന്ന നിര്‍മാണ പരിശീലനം നല്‍കുന്നത്. ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന് ഹാന്‍ഡിക്രോപ്‌സ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എട്ടരലക്ഷം ഭിന്നശേഷിക്കാര്‍ ഉള്ള കേരളത്തില്‍ 500 പേരോളം മാത്രമേ ഈ സംരംഭത്തിന്റെ ഭാഗമായി സ്വയം പര്യാപ്തത നേടിയിട്ടുള്ളൂ.

കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കടന്നു വരേണ്ടത് അനിവാര്യമാണ്. അതിനാല്‍ വിധിയെ മറികടന്ന് ജീവിത വിജയം കൈവരിച്ച ഈ സംരംഭകരുടെ വിജയം കൂടുതല്‍ പേര്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാനുള്ള പ്രചോദനമാകട്ടെ.

വിത്തുപേന നിര്‍മാണത്തിലൂടെ രഞ്ജിനി കിളിമാനൂര്‍

ഹാന്‍ഡിക്രോപ്‌സ് എന്ന സംഘടനയുടെ ട്രേഡ്മാര്‍ക്ക് ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് വിത്തുപേന. തണല്‍ നല്‍കുന്ന, ഫലസമൃദ്ധമായ ഏതെങ്കിലും ഒരു മരത്തിന്റെ വിത്ത് ഉള്‍ച്ചേര്‍ത്ത് പേപ്പര്‍ ഉപയോഗിച്ച് തീര്‍ത്തും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് വിത്തുപേനയുടെ നിര്‍മാണം. 15 വര്‍ഷമായി വീല്‍ചെയറില്‍ ജീവിതം കുരുക്കിയിട്ടിരിക്കുന്ന രഞ്ജിനി കിളിമാനൂര്‍ എന്ന യുവതി സംരംഭകത്വത്തിലേക്ക് കടക്കുന്നത് വിത്തുപേനയുടെ നിര്‍മാണത്തോടെയാണ്.

സ്‌പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗബാധിതയായ തിരുവനന്തപുരം സ്വദേശിനി രഞ്ജിനി സര്‍ഗാത്മകമായ കഴിവുകളിലൂടെ തന്റെ ജീവിതം കയ്യെത്തിപിടിക്കുകയാണ്. വിത്തുപേന നിര്‍മാണത്തിന് പുറമെ, ചിത്രരചനയിലും രഞ്ജിനി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ചെമ്മീന്‍ അച്ചാര്‍, ബീഫ് അച്ചാര്‍, കല്ലുമ്മക്കായ അച്ചാര്‍, ചൂര നെയ്മീന്‍ അച്ചാറുകള്‍ എന്നിവയാണ് മുസ്തഫ പറമ്പന്‍ വിപണിയില്‍ എത്തിക്കുന്നത്. കല്ലുമ്മക്കായ അച്ചാര്‍ കിലോക്ക് 900 രൂപയാണ് വില. ചെമ്മീന്‍ അച്ചാര്‍ കിലോ 1000 രൂപ

പേന നിര്‍മാണത്തിന് വേണ്ട കടലാസുകളും വിത്തും മറ്റും മാതാപിതാക്കള്‍ തന്നെയാണ് രഞ്ജിനിക്ക് എത്തിച്ചു നല്‍കുന്നത്. വാരികകളുടെയും മറ്റും കടലാസാണ് പേന നിര്‍മാണത്തിനായി എടുക്കുന്നത്. പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാനുള്ള കഴിവില്ല എങ്കിലും ജോലിയോട് തികഞ്ഞ ആത്മാര്‍ത്ഥതയാണ് ഈ സംരംഭക കാണിക്കുന്നത്. താന്‍ നിര്‍മിക്കുന്ന പേനകള്‍ക്ക് വിപണിസാധ്യത ഉണ്ടെന്ന് മനസിലാക്കിയ രഞ്ജിനി ആ രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കുകയായിരുന്നു. വിത്തുപേനയാണ് രഞ്ജിനി നിര്‍മിക്കുന്ന പ്രധാന ഉല്‍പ്പന്നമെങ്കിലും പേപ്പര്‍ ഉപയോഗിച്ച് മാല, വള, കമ്മല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിലും ഏറെ മുന്നിലാണ് അവള്‍.

12 വയസിലാണ് രോഗം കലശലായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് രഞ്ജിനി എത്തിച്ചേരുന്നത്. വിധിക്ക് മുന്നില്‍ തളര്‍ന്നു പോകാതെ ജീവിതത്തെ ആവേശത്തോടെ നേരിടണം എന്ന തീരുമാനമാണ് രഞ്ജിനിയെ വിത്തുപേന നിര്‍മാണത്തിലേക്ക് എത്തിച്ചത്. ഉപയോഗശേഷം വിത്തുപേന ഉപേക്ഷിച്ചാല്‍ ഈ പേനയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന വിത്ത് പ്രകൃതിക്ക് അനുഗ്രഹമായി വളരും. ഫേസ്ബുക് കൂട്ടായ്മയിലൂടെയും കൊറിയര്‍ മുഖേനയും നേരിട്ടെത്തിയുമാണ് പേനയുടെ വില്‍പ്പന നടക്കുന്നത്. പേനയില്‍ ആലേഖനം ചെയ്യേണ്ട മാറ്റര്‍ നല്‍കിയാല്‍ അതു സ്റ്റിക്കര്‍ ചെയ്തും നല്‍കും.

അഞ്ച് മുതല്‍ എട്ടു രൂപ വരെയാണ് പേനയുടെ വില. പേപ്പര്‍ പേനകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളര്‍ക്ക് രഞ്ജിനിയെ വിളിക്കാം. ഫോണ്‍: 9061275475

മുസ്തഫ പറമ്പന്റെ പറമ്പന്‍സ് അച്ചാര്‍

മരത്തില്‍ നിന്നും വീണ് നടുവിന് ഏറ്റ ക്ഷതം മലപ്പുറം സ്വദേശിയായ മുസ്തഫ പറമ്പനെ വീല്‍ചെയറില്‍ ഒതുക്കി എങ്കിലും ഹാന്‍ഡിക്രോപ്‌സിന്റെ ഭാഗമായതോടെ മുസ്തഫയുടെ സ്വപ ്‌നങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചു. വിധി തോല്‍പ്പിക്കാന്‍ ശ്രമിച്ചാലും വിധിയുടെ മുന്നില്‍ തോല്‍വി സമ്മതിക്കില്ല എന്ന വാശിയില്‍ മുസ്തഫ ശ്രദ്ധിച്ചത് അച്ചാര്‍ നിര്‍മാണത്തിലായിരുന്നു. പേന നിര്‍മാണം, കുട നിര്‍മാണം, സോപ്പ് നിര്‍മാണം, അച്ചാര്‍ നിര്‍മാണം എന്നിവയില്‍ പരിശീലനം നേടിയ മുസ്തഫ പറമ്പന്‍ വിപണി സാധ്യതകള്‍ മുന്‍നിര്‍ത്തി ചെറുകിട സംരംഭം എന്ന നിലയില്‍ അച്ചാര്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ മലപ്പുറത്തും അടുത്തുള്ള ജില്ലകളിലും നടക്കുന്ന ഉപഭോക്തൃ മേളകളിലെ പ്രധാന ആകര്‍ഷണമാണ് മുസ്തഫ പറമ്പന്റെ അച്ചാര്‍.

പറമ്പന്‍സ് അച്ചാര്‍ എന്ന പേരിലാണ് മുസ്തഫ തയാറാക്കുന്ന വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ അച്ചാറുകള്‍ വിപണിയില്‍ എത്തുന്നത്. നോണ്‍ വെജ് അച്ചാറുകള്‍ക്കാണ് ഡിമാന്റ് ഏറെയും. മലപ്പുറത്തിന്റെ തനത് രുചിക്കൂട്ടാണ് അച്ചാര്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. കൂടുതല്‍ കാലം കേട് കൂടാതെ ഇരിക്കുന്നതിനായി പ്രിസര്‍വേറ്റിവുകള്‍ ഒന്നും തന്നെ ഇതില്‍ ചേര്‍ക്കുന്നില്ല എന്നതാണ് പറമ്പന്‍സ് അച്ചാറുകളുടെ പ്രത്യേകത.

ചെമ്മീന്‍ അച്ചാര്‍, ബീഫ് അച്ചാര്‍, കല്ലുമ്മക്കായ അച്ചാര്‍, ചൂര നെയ്മീന്‍ അച്ചാറുകള്‍ എന്നിവയാണ് മുസ്തഫ പറമ്പന്‍ വിപണിയില്‍ എത്തിക്കുന്നത്. കല്ലുമ്മക്കായ അച്ചാര്‍ കിലോക്ക് 900 രൂപയാണ് വില. ചെമ്മീന്‍ അച്ചാര്‍ കിലോ 1000 രൂപ, ബീഫ് കിലോ 800 രൂപ, ചൂരനെയ്മീന്‍ കിലോ 700 രൂപ എന്നിങ്ങനെയാണ് പറമ്പന്‍സ് അച്ചാറിന്റെ വിപണി വില. ഫേസ്ബുക്ക് വഴിയും ഫോണ്‍ വഴിയുമാണ് വില്‍പന കൂടുതലും നടക്കുന്നത്. ഓര്‍ഡര്‍ നല്‍കിയാല്‍ അഡ്രസില്‍ സാധനം എത്തും. പാഴ്‌സല്‍ ചാര്‍ജ് ഉപഭോക്താവ് നല്‍കണം. ഓര്‍ഡറുകള്‍ ലഭിക്കുന്നതിന് അനുസരിച്ച് മാത്രമാണ് അച്ചാര്‍ നിര്‍മാണം. അതിനാല്‍ കിട്ടുന്നത് പഴയ ഉല്‍പ്പന്നമായിരിക്കും എന്ന പേടി വേണ്ട.

പറമ്പന്‍സ് അച്ചാറുകള്‍ ആവശ്യമുള്ളവര്‍ 9847023457 എന്ന നമ്പറില്‍ ബന്ധപ്പെടുക

പേപ്പര്‍ ഫയലും എല്‍ഇഡി ബള്‍ബുമായി സൂരജ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരപകടത്തെത്തുടര്‍ന്ന് സ്‌പൈനല്‍ കോര്‍ഡിന് ക്ഷതം ഏറ്റാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ സൂരജ് എന്ന യുവാവ് വീല്‍ ചെയറില്‍ ആകുന്നത്. അരക്ക് കീഴ്‌പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട ഇദ്ദേഹം ഇപ്പോള്‍ ഹാന്‍ഡിക്രോപ്‌സിന്റെ കരുത്തനായ സാരഥി കൂടിയാണ്. പേപ്പര്‍ ഫയല്‍ നിര്‍മാണം, എല്‍ഇഡി ബള്‍ബ് നിര്‍മാണം എന്നിവയിലാണ് സൂരജ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതിനു പുറമെ വിത്തുപേന നിര്‍മാണത്തിലും കുട നിര്‍മാണത്തിലും സൂരജിന് പരിശീലനം കിട്ടിയിട്ടുണ്ട്.

എല്‍ഇഡി ബള്‍ബ് നിര്‍മാണം, സോപ്പ് നിര്‍മാണം, വിത്തുപേന നിര്‍മാണം, കുടനിര്‍മാണം, അച്ചാര്‍ നിര്‍മാണം തുടങ്ങി അനേകം സംരംഭങ്ങള്‍ക്കായുള്ള പരിശീലനം നല്‍കുന്നത് ഹാന്‍ഡിക്രോപ്‌സ് തന്നെയാണ്. കേരളത്തിന്റെ ഭൂരിഭാഗം ജില്ലകളിലും പ്രവര്‍ത്തന യൂണിറ്റ് ഉള്ള ഹാന്‍ഡിക്രോപ്‌സ് അതാത് ജില്ലകളില്‍ വെച്ചാണ് ഉല്‍പ്പന്ന നിര്‍മാണ പരിശീലനം നല്‍കുന്നത്.

സ്വന്തം സംരംഭം എന്ന നിലക്ക് ഫയലുകളും എല്‍ഇഡി ബള്‍ബുകളും നിര്‍മിക്കുന്നത്തിന് പുറമെ, സൂരജ് പേനനിര്‍മാണത്തിലും കുട നിര്‍മാണത്തിലും മറ്റുള്ളവര്‍ക്ക് പരിശീലനവും നല്‍കുന്നു. സ്വകാര്യവിപണിയെ കേന്ദ്രീകരിച്ചാണ് സൂരജിനെ എല്‍ഇഡി ബള്‍ബ് വില്‍പന നടക്കുന്നത്. തന്റെ ചികിത്സയ്ക്കും ചെലവിനുമായുള്ള പണം ഇതിലൂടെ കണ്ടെത്താന്‍ ഈ യുവാവിന് കഴിയുന്നുണ്ട്.ശാരീരിക വൈകല്യമുള്ള ഒരാള്‍ക്ക് താരതമ്യേന ശ്രമകരമായ എല്‍ഇഡി നിര്‍മാണത്തെ അനായാസകരമാക്കി ഭിന്നശേഷിക്കാര്‍ക്കും തങ്ങളുടേതായ ഒരു ജീവിതമുണ്ട് എന്ന് തെളിച്ചിരിക്കുകയാണ് സൂരജ്.

ഇപ്പോള്‍ പേപ്പര്‍, തുണി എന്നിവ ഉപയോഗിച്ചുള്ള ബാഗുകളുടെ നിര്‍മാണത്തിലും സൂരജ് ശ്രദ്ധിക്കുന്നുണ്ട്. ഇവ ഓര്‍ഡര്‍ ലഭിക്കുന്നതിന് അനുസരിച്ചാണ് നിര്‍മിക്കുന്നത്. 14 രൂപ മുതല്‍ 16 രൂപ വരെയാണ് സൂരജ് നിര്‍മിക്കുന്ന ഫയലുകളുടെ വില. പ്രാദേശികമായ ഓഫീസുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഇതിന് ഓര്‍ഡര്‍ ലഭിക്കുന്നു. പേപ്പര്‍ ബാഗിന് പത്ത് രൂപ മുതല്‍ 14 രൂപ വരെയാണ് വില. ചെറിയ രീതിയില്‍ വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ ജീവിതത്തെ കൂടുതല്‍ ആവേശകരമായാണ് താന്‍ കാണുന്നത് എന്ന് സൂരജ് പറയുന്നു.

സൂരജ് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ 095622 80398 എന്ന നമ്പറില്‍ ബന്ധപ്പെടുക.

സാമുഹികപ്രതിബദ്ധതയുടെ ഭാഗമായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഓഫീസുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ഭിന്നശേഷിക്കാരായ ഈ സംരംഭകര്‍ തയ്യാറാക്കുന്ന പേനകളും ഫയലുകളും പേപ്പര്‍ ബാഗുകളും വാങ്ങാന്‍ തയ്യാറായാല്‍ അത് പുതിയൊരു ചരിത്രത്തിന് വഴിയൊരുക്കും

ദീജയുടെ നൈമിത്ര അച്ചാറുകള്‍

പോളിയോ ബാധിച്ചാണ് വര്‍ക്കല മുത്താനം സ്വദേശിയായ ദീജ വീല്‍ചെയറിലേക്ക് തളയ്ക്കപ്പെട്ടത്. ചെറുപ്പം മുതലേ വീല്‍ ചെയറില്‍ ജീവിതം തളച്ചിടപ്പെട്ട ഒരു യുവതിക്ക് പക്ഷേ അവളുടെ കൈപുണ്യത്തിന്റെ നിറവില്‍ ജീവിതത്തില്‍ വിജയിക്കാന്‍ കഴിഞ്ഞു. നൈമിത്ര എന്ന ബ്രാന്‍ഡില്‍ വിവിധങ്ങളായ അച്ചാറുകളുമായി ദീജ സതീശന്‍ എന്ന യുവതി വരുമ്പോള്‍ അത് എല്ലാ കഴിവുകളും ഉണ്ടായിട്ടും സ്വന്തം ആവശ്യങ്ങള്‍ക്കായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്ന യുവതികള്‍ക്ക് ഒരു മാതൃകയാക്കേണ്ട പാഠമാകുന്നു. ചെറുപ്പം മുതല്‍ക്കേ രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കുന്ന ദീജ തന്റെ ജീവിതത്തിന്റെ നിലനില്‍പ്പും ഈ വഴിക്ക് തന്നെയാണ് എന്ന് ഉറപ്പിക്കുകയായിരുന്നു. വളരെ ചെറിയ രീതിയില്‍ ആരംഭിച്ച അച്ചാര്‍ നിര്‍മാണം ഇപ്പോള്‍ ബ്രാന്‍ഡിംഗിലേക്ക് എത്തിയിരിക്കുകയാണ്.

ദീജ അച്ചാര്‍ നിര്‍മാണം തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. എന്നാല്‍ പ്രാദേശിക വിപണിയില്‍ നിന്നും ഫേസ്ബുക്ക്, വാട്‌സാപ്പ് കൂട്ടായ്മകളില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രുചികരമായ വെജിറ്റേറിയന്‍ അച്ചാറുകള്‍ നൈമിത്ര എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തുന്നു. നാരങ്ങാ, മാങ്ങ, കാരാട്ട്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി തുടങ്ങിയ അച്ചാറുകള്‍ക്ക് 250 ഗ്രാം ടിന്നിന് 50 രൂപ മുതല്‍ 70 രൂപ വരെയാണ് വില. ഇതിന് പുറമെയാണ് നോണ്‍ വെജിറ്റേറിയന്‍ അച്ചാറുകളുടെ നിര്‍മാണം ആരംഭിക്കാന്‍ പോകുന്നത്. ഫോണില്‍ വിളിച്ചോ വാട്‌സാപ്പ് വഴിയോ അച്ചാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാവുന്നതാണ്. കലര്‍പ്പില്ലാത്തതും എണ്ണ വളരെ കുറച്ചു മാത്രം ഉപയോഗിച്ചിരിക്കുന്നതുമാണ് നൈമിത്ര അച്ചാറുകള്‍.

അച്ചാറുകള്‍ ആവശ്യമുള്ളവര്‍ 7902375735 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വര്‍ണ്ണക്കുടകളുമായി സുരേഷ് കുമാര്‍

കിടന്ന കിടപ്പില്‍, സ്വയം എഴുന്നേറ്റ് നടുനിവര്‍ത്തി ഒന്ന് ഇരിക്കാന്‍ പോലും കഴിയാതെയാണ് തിരുവനന്തപുരം വിതുര സ്വദേശിയായ സുരേഷ് കുമാര്‍ ഉപജീവനത്തിനായി കുടകള്‍ നിര്‍മിക്കുന്നത്. അപകടത്തെ തുടര്‍ന്ന് നടുവിന് ഏറ്റ ക്ഷതമാണ് ഈ യുവാവിനെ കിടപ്പിലാക്കിയത്. എന്നാല്‍ തന്റെ മകന് വേണ്ടി ഏതുവിധേനയും ഉപജീവനം കണ്ടെത്തണം എന്ന ആഗ്രഹമാണ് സുരേഷിനെ കുടനിര്‍മാണത്തിലേക്ക് നയിച്ചത്.

കുട്ടികള്‍ക്കുള്ള വര്‍ണ്ണക്കുടകള്‍ മുതല്‍ കാലന്‍ കുടകള്‍ വരെ സുരേഷ് തന്റെ കിടക്കയില്‍ കിടന്നുകൊണ്ട് നിര്‍മിക്കും. ഭാര്യ മരണപ്പെട്ട സുരേഷിന് ഒരു കുഞ്ഞു മകന്‍ മാത്രമാണ് ഉള്ളത്. സേതു എന്ന ബ്രാന്‍ഡിലാണ് സുരേഷ് കുടകള്‍ നിര്‍മിക്കുന്നത്. ന്യായമായ വിലമാത്രമാണ് സുരേഷ് ഈടാക്കുന്നത്. സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ വഴിയാണ് കുടയുടെ വില്‍പന കൂടുതലായും നടക്കുന്നത്.

സാമൂഹിക പ്രതിബദ്ധയുടെയും മനുഷ്യത്വത്തിന്റെയും ഭാഗമായി ‘സേതു’ കുടകള്‍ വാങ്ങാന്‍ താല്‍പര്യം ഉള്ളവര്‍ സുരേഷിനെ 9605569879 എന്ന നമ്പറില്‍ വിളിക്കുക.

Comments

comments

Categories: FK Special, Slider