ചെറിയ സര്‍വീസ് പ്രശ്‌നങ്ങള്‍ക്ക് പിഴ ചുമത്തരുതെന്ന് കമ്പനികള്‍

ചെറിയ സര്‍വീസ് പ്രശ്‌നങ്ങള്‍ക്ക് പിഴ ചുമത്തരുതെന്ന് കമ്പനികള്‍

പ്രശ്‌നങ്ങളുടെ പ്രായോഗിക പരിഹാരത്തിന് ട്രായ് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം

ന്യൂഡെല്‍ഹി: ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പിഴ ചുമത്തുന്നത് പ്രായോഗികമായ കാഴ്ചപ്പാടോടെയായിരിക്കണമെന്ന് ടെലികോം കമ്പനികള്‍ ട്രായ്‌യോട് (ടെലികോം നിയന്ത്രണ അതോറിറ്റി)ആവശ്യപ്പെട്ടു. സവനങ്ങളുടെ നിലവാരത്തിലുണ്ടാകുന്ന നേരിയ വ്യതിയാനങ്ങള്‍ക്ക് പിഴ ചുമത്തരുതെന്നും വെള്ളപൊക്കവും കനത്ത മഴയും പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ കാരണമാവാം പലപ്പോഴും ടെലികോം സേവനങ്ങള്‍ തടസപ്പെടുന്നതെന്നും സിഒഎഐ (സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) ട്രായ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

സേവനങ്ങളുടെ നിലാവരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കുന്നതോ സിസ്റ്റത്തിലുണ്ടാകുന്ന തകരാറുകള്‍ കാരണമോ കമ്പനികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ കാരണമോ ആകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കമ്പനിക്കുമേല്‍ പിഴ ചുമത്തരുതെന്നും ഇക്കാര്യത്തില്‍ കമ്പനികളുടെ ഭാഗം കേള്‍ക്കുന്നതിന് അവസരം നല്‍കണമെന്നും സിഒഎഐ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സേവനങ്ങളിലുണ്ടാകുന്ന ചെറിയ തടസങ്ങളെ പിഴ ചുമത്തുന്നതിന്റെ പരിധിയില്‍ നിന്നു മാറ്റണമെന്ന നിര്‍ദേശവും ടെലികോം കമ്പനികള്‍ മുന്നോട്ടുവെച്ചു.

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ തുടങ്ങി ഇന്ത്യന്‍ വിപണിയിലെ മുന്‍നിര ടെലികോം കമ്പനികളെല്ലാം സിഒഎഐയില്‍ അംഗങ്ങളാണ്. 2017 മാര്‍ച്ചില്‍ അവസാനിച്ച പാദം മുതല്‍ പുറത്തിറക്കിയിട്ടുള്ള എല്ലാ ഫിനാന്‍ഷ്യല്‍ ഇന്‍സെന്റീവ് ഉത്തരവുകളും ട്രായ് പുനഃപരിശോധിക്കണമെന്നും കമ്പനികള്‍ കത്തില്‍ പറഞ്ഞു. സേവനങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായി പരിഹാരം കണ്ടെത്തുന്നതിന് ട്രായ് ടെലികോം കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് സിഒഎഐ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു.

സേവനങ്ങളുടെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ടെലികോം കമ്പനികള്‍ക്ക് പിഴ ചുമത്തുന്നതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് പത്ത് ലക്ഷം രൂപ വരെയാണ് സേവനങ്ങളിലുണ്ടാകുന്ന വീഴ്ചകള്‍ക്ക് പിഴ ചുമത്തുക.

Comments

comments

Categories: Business & Economy

Related Articles