ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലും ടെലിനോറും തമ്മിലുള്ള ലയനത്തിന് ടെലികോം വകുപ്പ് (ഡിഒടി) അനുമതി നല്കി. കമ്പനികളില്‍ നിന്നും 1,700 കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങുന്നതിനായി ടെലികോം വകുപ്പ് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ലയനത്തിന് അനുമതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
2017 ഫെബ്രുവരിയിലാണ് ടെലിനോറിന്റെ ഇന്ത്യാ വിഭാഗത്തെ ഏറ്റെടുക്കുകയാണെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. കരാറിന്റെ ഭാഗമായി ടെലിനോര്‍ ഇന്ത്യയുടെ ആന്ധ്രാപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, അസം എന്നീ ഏഴ് സര്‍ക്കിളുകളിലുള്ള പ്രവര്‍ത്തനമാണ് എയര്‍ടെല്‍ ഏറ്റെടുക്കുന്നത്. എയര്‍ടെലിന് ലേലമില്ലാതെ റേഡിയോതരംഗങ്ങള്‍ അനുവദിച്ച വകയില്‍ ഒറ്റ തവണ സ്പെക്ട്രം ചാര്‍ജായി നല്‍കേണ്ട 1,499 കോടി രൂപയും സ്പെക്ട്രം പേമെന്റ് വകയില്‍ ടെലിനോര്‍ നല്‍കാനുള്ള 200 കോടി രൂപയും ഉള്‍പ്പെടുത്തിയാണ് 1700 കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നത്.
ഏഴ് ടെലികോം സര്‍ക്കിളുകളില്‍ സ്പെക്ട്രം അടിത്തറ ശക്തമാക്കുന്നതിന് എയര്‍ടെലിന് ഈ ലയനം സഹായകമാകും. എയര്‍ടെല്‍-ടെലിനോര്‍ ലയനത്തിന് ഈമാസം എട്ടാം തീയതിയാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.