45 ബില്ല്യണ്‍ ഡോളര്‍ പദ്ധതിയുമായി അഡ്‌നോക്ക്; 15,000 തൊഴിലവസരങ്ങള്‍

45 ബില്ല്യണ്‍ ഡോളര്‍ പദ്ധതിയുമായി അഡ്‌നോക്ക്; 15,000 തൊഴിലവസരങ്ങള്‍

അടുത്ത 5 വര്‍ഷത്തിനുള്ളിലാണ് 45 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ അഡ്‌നോക്ക് ഉദ്ദേശിക്കുന്നത്

അബുദാബി: ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ റിഫൈനിംഗ് ആന്‍ഡ് പെട്രോകെമിക്കല്‍സ് കോംപ്ലക്‌സ് നിര്‍മിക്കാനൊരുങ്ങുകയാണ് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്ക്). 45 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതിയാണ് അഡ്‌നോക്ക് ആസൂത്രണം ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലാകും കമ്പനി ഇത്രയുമധികം നിക്ഷേപം നടത്തുക. ആഗോള ഡൗണ്‍സ്ട്രീം (ക്രൂഡ് ഓയിലിന്റെ റിഫൈനിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ മേഖലയാണ് ഡൗണ്‍സ്ട്രീം) ഇന്‍ഡസ്ട്രിയിലെ മുന്‍നിര സ്ഥാപനമായി മാറുകയെന്നതാണ് പുതിയ നിക്ഷേപത്തിലൂടെ അഡ്‌നോക്ക് ഉദ്ദേശിക്കുന്നത്.

റുവയിസിലാണ് പുതിയ റിഫൈനിംഗ് കോംപ്ലക്‌സ് വരുന്നത്. ഏകദേശം 15,000 തൊഴിലവസരങ്ങള്‍ പുതിയ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മാത്രമല്ല 2015 ആകുമ്പോഴേക്കും ജിഡിപി(മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യിലേക്ക് ഒരു ശതമാനം സംഭാവന ചെയ്യാനും ഈ പദ്ധതിക്ക് സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

പെട്രോകെമിക്കലുകള്‍ക്കുള്ള ആവശ്യകതയിലെ വര്‍ധന കണക്കിലെടുത്ത് അഡ്‌നോക്കിനെ വിപണിയില്‍ റീപൊസിഷനിംഗ് ചെയ്യുകയാണ് തങ്ങളെന്ന് അഡ്‌നോക്ക് ഗ്രൂപ്പ് സിഇഒയും യുഎഇ മന്ത്രിയുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍

നിലവിലെ റുവയിസ് ഫസിലിറ്റിയുടെ ശേഷി പ്രതിദിനം 922,000 ബാരലുകളാണ്. ഇതില്‍ 600,000 ത്തിന്റെ കൂടി വര്‍ധന വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടു കൂടി പ്രതിദിനം 1.5 ദശലക്ഷം ബാരലിന്റെ ശേഷി കൈവരിക്കാന്‍ ഈ സംവിധാനത്തിന് സാധിക്കും.

പെട്രോകെമിക്കലുകള്‍ക്കുള്ള ആവശ്യകതയിലെ വര്‍ധന കണക്കിലെടുത്ത് അഡ്‌നോക്കിനെ വിപണിയില്‍ റീപൊസിഷനിംഗ് ചെയ്യുകയാണ് തങ്ങളെന്ന് അഡ്‌നോക്ക് ഗ്രൂപ്പ് സിഇഒയും യുഎഇ മന്ത്രിയുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍ പറഞ്ഞു. ആഗോളതലത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഡൗണ്‍സ്ട്രീം കമ്പനികളിലൊന്നായി അഡ്‌നോക്കിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റുവയ്‌സില്‍ വലിയ നിക്ഷേപങ്ങള്‍ ഞങ്ങള്‍ നടത്തും. പുതിയ പങ്കാളിത്തത്തിനും ശ്രമിക്കും. സഹനിക്ഷേപ അവസരങ്ങളിലൂടെ മൂല്യം വര്‍ധിപ്പിക്കാനുള്ള നീക്കവുമുണ്ടാകും-സിഇഒ വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റുവയിസ് ഡെറിവേറ്റീവ്‌സ് പാര്‍ക്ക് നിര്‍മിക്കാനും അഡ്‌നോക്ക് ശ്രമിക്കുന്നുണ്ട്. റുവയ്‌സ് കോംപ്ലക്‌സിനോട് ചേര്‍ന്നായിരിക്കും ഇതിന്റെയും നിര്‍മാണം. പുതിയ തരത്തിലുള്ള പെട്രോകെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മൂല്യവര്‍ധനയ്ക്കും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Arabia