ഗര്‍ഭച്ഛിദ്രം: അയര്‍ലാന്‍ഡില്‍ 25ന് ജനഹിത പരിശോധന

ഗര്‍ഭച്ഛിദ്രം: അയര്‍ലാന്‍ഡില്‍ 25ന് ജനഹിത പരിശോധന

ഡബ്ലിന്‍: ലോകത്തിന്റെ ശ്രദ്ധ ഒന്നടങ്കം അയര്‍ലാന്‍ഡിലേക്കു പതിഞ്ഞിരിക്കുകയാണ്. കാരണം ഈ മാസം 25ന് അവിടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനഹിത പരിശോധന നടക്കുകയാണെന്നതു തന്നെ. ആര്‍ട്ടിക്കിള്‍ 40.3.3 അഥവാ ഐറിഷ് ഭരണഘടനയുടെ 8-ാം ഭേദഗതി അസാധുവാക്കുക എന്ന ആവശ്യത്തിന്മേലാണു ജനഹിത പരിശോധന. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും, ഗര്‍ഭിണികള്‍ക്കും ജീവിക്കാനുള്ള അവകാശം തുല്യമാണെന്ന് ഉറപ്പാക്കുന്നുണ്ട് ഈ ഭേദഗതി. 1983-ലാണ് ഐറിഷ് ഭരണഘടന ഈ നിയമം ഭേദഗതി ചെയ്തത്. ഇതു നിലനിര്‍ത്തണോ വേണ്ടയോ എന്നതിലാണു ജനഹിത പരിശോധന.

8-ാം ഭേദഗതി അസാധുവാക്കുന്നതിനെയാണു ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നതെങ്കില്‍ അയര്‍ലാന്‍ഡില്‍ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടു പുതിയൊരു നിയമം നടപ്പില്‍ വരും. ഇന്നത്തെ മനുഷ്യാവകാശ നിലവാരവുമായി ചേര്‍ന്നുനില്‍ക്കുന്നതായിരിക്കും ആ നിയമമെന്നും പറയപ്പെടുന്നു. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട പുതിയ ബില്ലിന്റെ കരട് രൂപരേഖ ഇപ്പോള്‍ തന്നെ അയര്‍ലാന്‍ഡിലെ പൊതുസമൂഹത്തിനിടയില്‍ പ്രചരിക്കുന്നുമുണ്ട്. ഇതുപക്ഷേ നടപ്പില്‍ വരണമെങ്കില്‍, ജനഹിതത്തില്‍ yes വിഭാഗക്കാര്‍ മേല്‍ക്കൈ നേടണം.
ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമായി കണക്കാക്കുന്ന അയര്‍ലാന്‍ഡില്‍ ഇതുമായി ബന്ധപ്പെട്ട്, കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഇത് ആറാം തവണയാണു ജനഹിത പരിശോധന നടക്കുന്നത്.

1967-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഗര്‍ഭച്ഛിദ്ര നിയമത്തില്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തുകയുണ്ടായി. ഇതുപ്രകാരം ചില സാഹചര്യങ്ങളില്‍ അബോര്‍ഷന്‍ നടത്താമെന്നു നിയമം അനുശാസിക്കുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ അയര്‍ലാന്‍ഡില്‍നിന്നും സ്ത്രീകള്‍ ഇംഗ്ലണ്ടിലേക്കു കുടിയേറി. അയര്‍ലാന്‍ഡില്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമായതിനാല്‍ നിരവധി സ്ത്രീകള്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറി. 1981-വരെയുള്ള കണക്ക്പ്രകാരം 3,600 പേര്‍ ഇത്തരത്തില്‍ അയര്‍ലാന്‍ഡില്‍നിന്നും ഇംഗ്ലണ്ടിലേക്കു കുടിയേറി പാര്‍ത്തതായിട്ടാണു പറയപ്പെടുന്നത്.
ഗര്‍ഭച്ഛിദ്രം നിരോധിച്ച 1983-ലെ എട്ടാം നിയമ ഭേദഗതിക്കു ശേഷം ഇതുവരെയുള്ള 35 വര്‍ഷ കാലയളവില്‍ ഏകദേശം 1,70,000 ത്തോളം ഐറിഷ് സ്ത്രീകള്‍ നിശബ്ദമായും, രഹസ്യമായും പലപ്പോഴും അഗാധമായ ലജ്ജയോടും കൂടെ ഗര്‍ഭച്ഛിദ്രത്തിനായി ലണ്ടനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

ബ്രിട്ടനിലെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) ബ്രിട്ടീഷുകാരികളായ സ്ത്രീകള്‍ക്കു ഗര്‍ഭച്ഛിദ്രം സൗജന്യമായി ചെയ്തു കൊടുക്കും. അതേസമയം ഐറിഷ് വംശജര്‍ക്കാകട്ടെ, അബോര്‍ഷന് 560 മുതല്‍ 1,800 പൗണ്ട് വരെ ഈടാക്കാറുണ്ട്. ഗര്‍ഭകാലം പുരോഗമിക്കുന്തോറും അബോര്‍ഷന്റെ ചെലവും കൂടി വരും.
ബ്രിട്ടനിലേക്ക് അബോര്‍ഷനായി യാത്ര ചെയ്യുന്ന ഐറിഷ് സ്ത്രീകള്‍, ഭൂരിഭാഗവും സമ്പന്ന വിഭാഗത്തില്‍പ്പെട്ടവരാണ്. അല്ലാത്തവരാകട്ടെ, അബോര്‍ഷന്‍ പില്‍സ്(ഗര്‍ഭനിരോധന ഗുളിക) ഓണ്‍ലൈനില്‍ രഹസ്യമായി ഓര്‍ഡര്‍ ചെയ്യും. ഇതുപക്ഷേ പിടിക്കപ്പെട്ടാല്‍ 14 വര്‍ഷം വരെ കഠിന തടവിനു ശിക്ഷിക്കപ്പെടാം.

Comments

comments

Categories: FK Special, Slider