സോഷ്യല്‍ മീഡിയ വിനയാകുമ്പോള്‍

സോഷ്യല്‍ മീഡിയ വിനയാകുമ്പോള്‍

ടെക്‌നോളജിയുടെ കടന്നുകയറ്റം പോസിറ്റീവ് തലത്തില്‍ വളരുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെയധികം ഗുണം ചെയ്യും. എന്നാല്‍ പക്വതയില്ലാത്ത ഉപയോഗം വിനാശം വരുത്തുവെക്കുകയും ചെയ്യും

ഓരോ മനുഷ്യന്റെയുള്ളിലും ആന്തരിക പരിണാമം സംഭവിച്ച് സമചിത്തതയോടെയും പക്വതയോടെയും സമൂഹത്തില്‍ ഇടപഴകാന്‍ പാകത്തില്‍ വളര്‍ന്നാല്‍ മാത്രമേ വികസനമെന്ന സങ്കല്‍പ്പം അര്‍ത്ഥവത്താകൂ. മോബോക്രസിയും അരജാകത്വവം സ്വയം നിയമം നടപ്പാക്കലുമെല്ലാം യഥാര്‍ത്ഥത്തില്‍ അവികസിതമായി തുടരുന്ന സമൂഹത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ടെക്‌നോളജി വികസനം എല്ലാം ഉള്‍ക്കൊള്ളാനാകാത്ത സമൂഹത്തില്‍ അത് എത്തിപ്പെട്ടാലുള്ള പ്രശ്‌നവും. വാട്‌സാപ്പും ഫേസ്ബുക്കും പോലുള്ള മാധ്യമങ്ങള്‍ ഇന്ന് ഇന്ത്യന്‍ ജനതയെ കീഴ്‌പ്പെടുത്തി കഴിഞ്ഞു.

നഗരങ്ങളോ ഗ്രാമങ്ങളോ എന്ന വ്യത്യാസം ഇല്ലാതെ അത് ജനതയെ സ്വാധീനിക്കുന്നു. ഇത്തരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വ്യാജ വാര്‍ത്ത പുറത്തെത്തുമ്പോള്‍ അത് പ്രചരിക്കുന്നത് റോക്കറ്റ് വേഗത്തിലാണ്. അത്തരം സന്ദേശങ്ങളില്‍, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതോ, ജനങ്ങളില്‍ അരക്ഷിതത്വം പടര്‍ത്തുന്ന വ്യാജവാര്‍ത്തയോ, ഒരാളെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങളോ..അങ്ങനെ എന്തുമാകാം അത്. എന്നാല്‍ ഇതില്‍ വികാരം കൊണ്ട് നാട്ടില്‍ അസ്വസ്ഥത രൂപപ്പെടുന്നതും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതും വ്യാപകമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങളെ കൂടുതല്‍ ധ്രുവീകരിക്കാനും സംഘര്‍ഷാത്മകമാക്കാനുമാണോ ഇത്തരം സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്? സാമൂഹ്യ മാധ്യമങ്ങള്‍ വികസ്വര രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയെക്കുറിച്ചും കാര്യമായ ഗവേഷണങ്ങളും പഠനങ്ങളും തന്നെ നടക്കേണ്ടതുണ്ട്.

വാട്‌സാപ്പിലൂടെ പ്രചരിച്ച വിശ്വാസ്യതയില്ലാത്ത സന്ദേശങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് പേരെയാണ് തമിഴ്‌നാട്ടില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീര്‍ത്തും ദുര്‍ഘടമായ ഒരു സാഹചര്യത്തിലേക്കാണ് നാം പോകുന്നതെന്ന സൂചനയാണ് ആവര്‍ത്തിച്ച് ലഭിക്കുന്നത്. ഡിജിറ്റല്‍ വിപ്ലവത്തെയും കമ്യൂണിക്കേഷന്‍ വിപ്ലവത്തെയും എല്ലാം ഉള്‍ക്കൊള്ളാന്‍ നാം തയാറായിട്ടില്ലെന്ന് വരെ ഇത്തരം സംഭവങ്ങളെ വ്യാഖ്യാനിക്കാം. വ്യാജ വാര്‍ത്തകള്‍ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രചരിപ്പിക്കുന്നതും ഭയപ്പെടുത്തുന്ന രീതിയില്‍ കൂടി വരികയാണ്. ഇത് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉണ്ടാകുന്നുമില്ല.

വ്യക്തിപരമായ രാഷ്ട്രീയ പക്ഷങ്ങളുടെ ഭാഗമായി വാര്‍ത്തകളെ വളച്ചൊടിക്കുന്ന സംഭവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. വാര്‍ത്തകളിലൂടെ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് സഹിക്കാം. എന്നാല്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെയൊന്നും ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധ്യമല്ല. പ്രത്യേകിച്ചും വാട്‌സാപ്പ് പോസ്റ്റുകള്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന ഇന്ത്യ പോലൊരു രാജ്യത്ത്. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ശക്്തമായ നിലപാടെടുക്കാന്‍ ഭരണസംവിധാനങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമായിരിക്കും സമൂഹത്തിലുണ്ടാകുക.

Comments

comments

Categories: Editorial, Slider
Tags: social media