199 രൂപയുടെ പ്ലാന്‍ മറ്റ് കമ്പനികള്‍ക്ക് വിനയാകുമെന്ന് വിപണി നിരീക്ഷകര്‍

199 രൂപയുടെ പ്ലാന്‍ മറ്റ് കമ്പനികള്‍ക്ക് വിനയാകുമെന്ന് വിപണി നിരീക്ഷകര്‍

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോ പുതുതായി അവതരിപ്പിച്ച് 199 രൂപയുടെ പോസ്റ്റ്-പെയ്ഡ് പ്ലാന്‍ മറ്റ് ടെലികോം കമ്പനികളുടെ വരുമാനത്തില്‍ പ്രതികൂലമായ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് വിപണി നിരീക്ഷകര്‍. പോസ്റ്റ് പെയ്ഡ് വിഭാഗത്തില്‍ ടെലികോം കമ്പനികള്‍ തമ്മിലുള്ള നിരക്ക് യുദ്ധത്തിന് ഇത് വഴിവെച്ചേക്കുമെന്നും അനലിസ്റ്റുകള്‍ പറയുന്നു.

പോസ്റ്റ് പെയ്ഡ് വിഭാഗത്തില്‍ വലിയ രീതിയില്‍ നിരക്ക് വെട്ടിക്കുറയ്ക്കുന്നതിന് ജിയോയുടെ പുതിയ ഓഫര്‍ മറ്റ് ടെലികോം കമ്പനികളെ പ്രേരിപ്പിക്കും. നിലവില്‍ ഇന്ത്യന്‍ ടെലികോം വിപണിയിലെ മുന്‍ നിര കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ പോസ്റ്റ്-പെയ്ഡ് താരിഫ് പ്ലാന്‍ ആണ് ജിയോ അവതരിപ്പിച്ചിട്ടുള്ളതെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സംരംഭമായ ജെപി മോര്‍ഗന്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പ്രതിമാസം 199 രൂപാ നിരക്കില്‍ ലഭ്യമാകുന്ന പോസ്റ്റ് പെയ്ഡ് പ്ലാന്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ജിയോ പ്രഖ്യാപിച്ചത്. ജിയോ പോസ്റ്റ് പെയ്ഡില്‍ അന്താരാഷ്ട്ര കോളുകള്‍ക്ക് മിനുറ്റിന് 50 പൈസ മാത്രമാണ് ഈടാക്കുക. അന്താരാഷ്ട്ര കോളുകള്‍ക്ക് ജിയോ നല്‍കുന്ന ഓഫര്‍ മത്സരസ്വഭാവമുള്ളതാണ്. ഇത് മറ്റ് ടെലികോം കമ്പനികളെയും ഈ വിഭാഗത്തില്‍ താരിഫ് കുറയ്ക്കുന്നതിന് പ്രേരിപ്പിക്കും. എന്നാല്‍, പോസ്റ്റ് പെയ്ഡ് വരുമാനത്തില്‍ അന്താരാഷ്ട്ര കോളുകളില്‍ നിന്നുള്ള വരുമാനം ഏകദേശം 10-15 ശതമാനമാണെങ്കില്‍, അന്താരാഷ്ട്ര കോളുകളുടെ താരിഫ് 50 ശതമാനം വെട്ടിക്കുറയ്ക്കുന്നത് മറ്റ് ടെലികോം കമ്പനികളുടെ മൊത്തം വരുമാനത്തില്‍ രണ്ട് ശതമാനത്തിലും കുറഞ്ഞ സ്വാധീനം മാത്രമെ ചെലുത്തുള്ളുവെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പറഞ്ഞു.

പോസ്റ്റ്-പെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യംവെച്ചുള്ള ജിയോയുടെ പുതിയ പ്ലാന്‍ എയര്‍ടെലിന്റെ മൊബീല്‍ വരുമാനത്തില്‍ ഒരു ശതമാനത്തിന്റെ സ്വാധീനം ചെലുത്തിയേക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണം. ഈ മാസം 15 മുതലാണ് ജിയോയുടെ 199 രൂപയുടെ പ്ലാന്‍ ആരംഭിക്കുന്നത്. നിലവില്‍ ജിയോയുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ പോസ്റ്റ് പെയ്ഡ് പ്ലാന്‍ 309 രൂപയുടേതാണ്. 199 രൂപയുടെ പ്ലാന്‍ തെരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്നും യാതൊരു സെക്യൂരിറ്റി ഡെപ്പോസിറ്റും കമ്പനി ഈടാക്കുന്നില്ല. പരിധിയില്ലാതെ കോള്‍ ചെയ്യാനുള്ള സൗകര്യവും എസ്എംഎസ് സേവനവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 25 ജിബി ഡാറ്റയും പ്ലാനില്‍ ലഭ്യമാണ്. അന്താരാഷ്ട്ര കോളുകള്‍ക്ക് മിനുട്ടിന് രണ്ട് രൂപാ നിരക്കില്‍ റോമിംഗ് സേവനവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy