എന്‍ആര്‍ബിയും ആര്‍ബിഐയും തമ്മില്‍ ചര്‍ച്ച നടത്തുന്നു: വിദേശകാര്യ സെക്രട്ടറി

എന്‍ആര്‍ബിയും ആര്‍ബിഐയും തമ്മില്‍ ചര്‍ച്ച നടത്തുന്നു: വിദേശകാര്യ സെക്രട്ടറി

ദൈനംദിന ഇടപാടുകള്‍ക്കായി നേപ്പാളില്‍ ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കുന്നുണ്ട്

കാഠ്മണ്ഡു: അസാധുവാക്കിയ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ മാറ്റി നല്‍കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നേപ്പാള്‍ രാഷ്ട്ര ബാങ്കും ചര്‍ച്ച നടത്തുന്നതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. ഇരുരാഷ്ട്രങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാള്‍ രാഷ്ട്ര ബാങ്കില്‍ നിന്നുള്ള കണക്കനുസരിച്ച് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളടങ്ങുന്ന ഏകദേശം 3.36 മില്യണ്‍ രൂപയാണ് നിലവില്‍ നേപ്പാളിലെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. അസാധുവാക്കിയ ഈ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് ഉടന്‍ അനുവദിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ ആവശ്യപ്പട്ടിരുന്നു. ഇതേ തുടര്‍ന്ന് ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് വിജയ് ഗോഖലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര ബാങ്കുകള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതായി അറിയിച്ചത്.

2016 നവംബറിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിലധികമായിട്ടും ഈ നോട്ടുകള്‍ നേപ്പാളിലെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നു എന്നത് സങ്കീര്‍ണമായ പ്രശ്‌നമാണെന്നും കേന്ദ്ര ബാങ്കുകള്‍ക്ക് മാത്രം പരിഹരിക്കാനാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടെന്നും വിജയ് ഗോഖലെ പറഞ്ഞു.

വ്യാപാര ആവശ്യങ്ങള്‍ക്ക് ഇന്ത്യയെ വലിയ രീതിയില്‍ ആശ്രയിക്കുന്ന രാജ്യമാണ് നേപ്പാള്‍. ദൈനംദിന ഇടപാടുകള്‍ക്കായി ഇന്ത്യന്‍ കറന്‍സി വലിയ തോതില്‍ അവിടെ ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും അതിര്‍ത്തി പ്രദേശങ്ങളില്‍. നോട്ട് അസാധുവാക്കല്‍ നയം കാരണം നേപ്പാളിലെ പൗരന്മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അസാധുവാക്കിയ ഇന്ത്യന്‍ കറന്‍സികള്‍ മാറ്റിനല്‍കുന്നതിനുള്ള സൗകര്യം ഉടന്‍ തന്നെ ഒരുക്കുമെന്ന് മാര്‍ച്ചില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു. ഇതിനുള്ള നടപടിക്രമം നേപ്പാള്‍ രാഷ്ട്ര ബാങ്കും ആര്‍ബിഐയും തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Comments

comments

Categories: World