ഇന്ത്യന്‍ ഇ-കൊമേഴ്‌സിലെ പുതിയ അധ്യായം

ഇന്ത്യന്‍ ഇ-കൊമേഴ്‌സിലെ പുതിയ അധ്യായം

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ ‘പോസ്റ്റര്‍ബോയ്’ ആയ ഫ്‌ളിപ്കാര്‍ട്ട് അങ്ങനെ വാള്‍മാര്‍ട്ടിന്റെ കൈയിലായി. രാജ്യത്തിന്റെ ഇ-കൊമേഴ്‌സ് മേഖലയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുണ്ട് വാള്‍മാര്‍ട്ടിന്റെ ഏറ്റെടുക്കലിന് നൂതന ആശയങ്ങളുമായി സംരംഭകത്വത്തിലേക്ക് എടുത്ത് ചാടാന്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നു അത്

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗത്തെ നിര്‍വചിച്ച കമ്പനിയാണ് ഫ്‌ളിപ്കാര്‍ട്ട്. കുറച്ചുകൂടി സ്പഷ്ടമായി പറഞ്ഞാല്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ ‘പോസ്റ്റര്‍ബോയ്’. സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ആഗോള ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിലെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവില്‍ ചെറിയ തോതില്‍ തുടങ്ങിയ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറാണ് ഇന്ന് കാണുന്ന ഫ്‌ളിപ്കാര്‍ട്ടായി മാറിയത്. ഇ-കൊമേഴ്‌സ് രംഗത്തിന്റെ സാധ്യതകളിലേക്ക് ഇന്ത്യക്കാരെ കൊണ്ടുപോയത് ഫ്‌ളിപ്കാര്‍ട്ടായിരുന്നു. അതില്‍ തര്‍ക്കത്തിനൊന്നും വകയില്ല.

ഇ-കൊമേഴ്‌സ് മേഖല കണ്ട ഏറ്റവും വലിയ സാമ്പത്തിക ഇടപാടിലൂടെയാണ് അമേരിക്കയിലെ റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തത്. 16 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ ഏറ്റെടുക്കലിലൂടെ ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരി ഉടമസ്ഥതയും വാള്‍മാര്‍ട്ടിന്റെ കൈയിലായി. എന്നാല്‍ ഈ ഏറ്റെടുക്കല്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തെയും ഇവിടുത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെയും സംബന്ധിച്ച് നിര്‍ണായകമായ ഒന്നായിരുന്നു.

അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ നിന്ന് സംരംഭങ്ങളില്‍ ഫണ്ടിറക്കിയ നിക്ഷേപകര്‍ക്ക് നേട്ടം കൊയ്ത് പുറത്തുകടക്കാന്‍ കഴിയുന്ന അവസ്ഥ സംജാതമായി എന്നതു തന്നെയാണ്. പ്രത്യേകിച്ചും ഇ-കൊമേഴ്‌സ് രംഗം ലാഭാധിഷ്ഠിതമായ ബിസിനസ് മോഡലായി ഇന്ത്യയില്‍ ഇതുവരെ പരിണമിക്കാത്ത സാഹചര്യത്തില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍തുക നിക്ഷേപിച്ച സോഫ്റ്റ്ബാങ്ക് ഉള്‍പ്പടെയുള്ള സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹകര്‍ക്ക് ഒരു മികച്ച ‘എക്‌സിറ്റ്’ പ്രയാസമായിരുന്നു. അതവര്‍ സ്വപ്‌നം പോലും കാണാത്ത സമയത്താണ് വാള്‍മാര്‍ട്ടിന്റെ രൂപത്തില്‍ ഭാഗ്യം പ്രത്യക്ഷപ്പെട്ടത്. ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് വാങ്ങിയതോട് കൂടി നിക്ഷേപകര്‍ക്ക് ആശ്വാസമാണുണ്ടായത്.

ഭാവിയിലും സാധ്യതകളുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താം എന്ന ധൈര്യം വന്‍കിട വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനികള്‍ക്ക് കൈവരും എന്നതാണ് ഫ്‌ളിപ്കാര്‍ട്ട്-വാള്‍മാര്‍ട്ട് ഡീലിന്റെ ഏറ്റവും വലിയ നേട്ടം. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വിദേശ ഫണ്ടിംഗ് വന്‍തോതില്‍ കൂടുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാന്‍ നൂതനാത്മക ആശയമുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്യും ഫ്‌ളിപ്കാര്‍ട്ടിന്റെ വില്‍പ്പന. ഇന്ത്യയിലെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ബിസിനസ് രംഗത്തിന് നവോന്മേഷം ലഭിക്കുന്നത് യുവസംരംഭകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.

എന്നാല്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ മുകളില്‍ മുടക്കി ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥാവകാശം കൈയാളിയ വാള്‍മാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം അല്‍പ്പം റിസ്‌കേറിയതുതന്നെയാണ് ഈ ഏറ്റെടുക്കല്‍ എന്നതും കണക്കിലെടുക്കണം. എങ്ങനെ ലാഭകരമായി ഇ-കൊമേഴ്‌സ് സംരംഭത്തെ മാറ്റാം എന്നതിന് നൂതനാത്മകമായ വഴികള്‍ പരമ്പരാഗത റീട്ടെയ്‌ലിംഗിലെ അഗ്രകണ്യരായ വാള്‍മാര്‍ട്ട് ആവിഷ്‌കരിക്കേണ്ടി വരും.

വാള്‍മാര്‍ട്ടിന്റെ ആഗോള ഇ-കൊമേഴ്‌സ് മോഹങ്ങളുടെ കേന്ദ്രബിന്ദുവായി ഫ്‌ളിപ്കാര്‍ട്ട് മാറും എന്നതിനാല്‍ തന്നെ ഇന്ത്യന്‍ സംരംഭത്തിന് അവര്‍ നല്‍കുന്ന പ്രാധാന്യം വളരെ വലുതായിരിക്കും. എന്നാല്‍ ഡിസ്‌കൗണ്ട് മോഡലിന് അപ്പുറത്ത് ഇ-കൊമേഴ്‌സിനെ എങ്ങനെ സാമ്പത്തിക ലാഭമുണ്ടാക്കുന്ന സംരംഭമാക്കി മാറ്റാം എന്നതാണ് വാള്‍മാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി.

Comments

comments

Categories: Editorial, Slider