എയര്‍ടെല്‍ ലൈസന്‍സ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ജിയോ

എയര്‍ടെല്‍ ലൈസന്‍സ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ജിയോ

നടപടിയെടുക്കണമെന്നും പിഴ ചുമത്തണമെന്നും ആവശ്യം

ന്യൂഡെല്‍ഹി: ഭാരതി എയര്‍ടെലിനെതിരെ റിലയന്‍സ് ജിയോ ടെലികോം വകുപ്പിന് (ഡിഒടി) പരാതി നല്‍കി. ഇന്ത്യന്‍ ടെലികോം വിപണിയിലെ മുന്‍നിരക്കാരായ എയര്‍ടെല്‍ ലൈസന്‍സ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് സീരീസ് 3 ആപ്പിള്‍ വാച്ചില്‍ ഇ-സിം സര്‍വീസ് നല്‍കുന്നുവെന്നാണ് ജിയോയുടെ ആരോപണം. ഈ സേവനം ഉടനടി അവസാനിപ്പിക്കണമെന്നും ജിയോ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആപ്പിളിന്റെ സീരീസ് 3 വാച്ചില്‍ എയര്‍ടെല്‍ നല്‍കുന്ന സേവനം ഏകീകൃത ലൈസന്‍സ് ചട്ടങ്ങളുടെയും വ്യവസ്ഥകളുടെയും ബോധപൂര്‍വമുള്ള ലംഘനമാണെന്ന് ജിയോ ടെലികോം വകുപ്പിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. മേയ് 11 മുതലാണ് തങ്ങളുടെ സെയ്ല്‍സ് ചാനലുകള്‍ വഴി ആപ്പിള്‍ സീരീസ് 3 വാച്ചിന്റെ വില്‍പ്പന ജിയോയും എയര്‍ടെലും ആരംഭിച്ചത്. ഒരു ഉപഭോക്താവിന്റെ ആപ്പിള്‍ വാച്ചിലും ഐഫോണിലും ഒരേ നമ്പര്‍ പങ്കുവെക്കാനാകും. രണ്ട് ഡിവൈസുകളിലും ഇ-സിം വഴി കോള്‍ സേവനം ഉപയോഗിക്കാനും ഉപഭോക്താവിന് സാധിക്കും.

ഐഫോണിലെ സിമ്മുമായി ഇ-സിം ബന്ധിപ്പിക്കുന്നത് വയര്‍ലെസ് നെറ്റ്‌വര്‍ക്ക് നോഡ് വഴിയാണ്. ഓപ്പറേറ്റര്‍ ഐഡി, സിം വിവരങ്ങള്‍, പിന്‍, സിം ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള റിമോട്ട് ഫയല്‍ മാനേജ്‌മെന്റ് വിവരങ്ങള്‍ തുടങ്ങിയവ അടങ്ങുന്നതാണ് ഈ നോഡ്. എയര്‍ടെല്‍ ഇ-സിം പ്രൊവിഷനിംഗിനു വേണ്ടിയുള്ള നോഡ് ഇന്ത്യയില്‍ സ്ഥാപിച്ചിട്ടില്ലെന്നും ആപ്പിള്‍ വാച്ച് സീരീസ് 3ക്ക് സേവനം നല്‍കുന്നതിനായി ഇന്ത്യക്ക് പുറത്താണ് നിലവില്‍ നോഡ് സ്ഥാപിച്ചിട്ടുള്ളതെന്നും ഇത് തികച്ചും ലൈസന്‍സ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ജിയോ ആരോപിച്ചു. എയര്‍ടെലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ലൈസന്‍സിനു കീഴില്‍ കമ്പനിക്ക് പിഴ ചുമത്തണമെന്നും ജിയോ ആവശ്യപ്പെട്ടു.

Comments

comments

Categories: Slider, Top Stories