ഗൗതമും ചന്ദ്രമൗലിയും പിന്നെ അവെഞ്ചറും

ഗൗതമും ചന്ദ്രമൗലിയും പിന്നെ അവെഞ്ചറും

നായകളുടെ പരിചരണത്തിനായി ഡോഗ് ആംബുലന്‍സിന് രൂപം കൊടുത്ത മൃഗസ്‌നേഹിയാണ് ബെംഗളൂരു സ്വദേശി ഗൗതം ശ്രാവണ്‍ കുമാര്‍. ഉറ്റ ചങ്ങാതിയായ വളര്‍ത്തുനായ ചന്ദ്രമൗലിയെ ഒപ്പം കൂട്ടിയാണ് റൈഡറിന്റെ ഇപ്പോഴത്തെ യാത്രകള്‍

കറുപ്പ് നിറത്തില്‍, സ്റ്റൈലന്‍ ഷേയ്പ്പില്‍ ആരെയും ഒന്നു മോഹിപ്പിക്കുന്ന ബജാജ് അവെഞ്ചര്‍ ബൈക്ക്. സീറ്റിന് പിന്നില്‍ നല്ല അടച്ചുറപ്പുള്ള ചെറിയ ഒരു കാരിയര്‍ ബോക്‌സ്. സാധനങ്ങള്‍ വെക്കാനുള്ളതല്ല, നായയുടെ സഞ്ചാരത്തിനായുള്ളതാണ് ഈ ബോക്‌സ്, ഇതാണ് ബെംഗളൂരു സ്വദേശിയും മൃഗ സ്‌നേഹിയുമായ ഗൗതം ശ്രാവണ്‍ കുമാറിന്റെ ബൈക്ക്, ഡോഗ് മോട്ടോര്‍ സൈക്കിള്‍ എന്ന് വിളിപ്പേര്.

പ്രൊഫഷന്‍ കൊണ്ട് വീഡിയോഗ്രാഫറാണെങ്കിലും യാത്രയിലൂടെയും നായകള്‍ക്കുവേണ്ടി ഒരു ഡോഗ് ആംബുലന്‍സ് തന്നെ സൃഷ്ടിച്ചതിലൂടെയുമാണ് ഈ യുവാവ് ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. അത്രകണ്ട് മൃഗസ്‌നേഹിയാണ് അദ്ദേഹം. ബൈക്ക് റൈഡിംഗില്‍ ഹരമുള്ള ഗൗതം തന്റെ വളര്‍ത്തുനായ ചന്ദ്രമൗലിക്കൊപ്പമാണ് ബൈക്ക് യാത്രകളേറെയും നടത്തുന്നത് എന്നതാണ് രസകരം. അവെഞ്ചെറും ചന്ദ്രമൗലിയും ചേര്‍ന്ന ലോകമാണ് ഈ റൈഡറിന്റെ ഇപ്പോഴത്തെ ഓരോ യാത്രകളും.

ചന്ദ്രമൗലിയില്ലാതെ റൈഡിംഗില്ല

തെരുവിലെ മറ്റ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ഒരിക്കല്‍ രക്ഷിച്ചെടുത്ത് വളര്‍ത്തിയെടുത്തതാണ് ചന്ദ്രമൗലിയെ. ഇന്ന് ഗൗതമിന്റെ ജീവിതത്തിലെ സന്തത സഹചാരിയും ഈ നായ തന്നെ. ഇന്ത്യയില്‍ പലയിടങ്ങളിലും ഇവര്‍ ഒരുമിച്ചാണ് കറക്കം. അടുത്തിടെ കര്‍ണാടകയിലെ മികച്ച ടൂറിസ്റ്റ് സ്‌പോട്ടുകളിലെല്ലാം ഇവര്‍ ഒരുമിച്ചു യാത്ര ചെയ്തു വന്നിരിക്കുകയാണിപ്പോള്‍. യാത്രയ്ക്ക് ഏറ്റവും യോജിച്ച ചങ്ങാതിയാണ് ഇവള്‍. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുഖത്തേക്ക് ശക്തിയായി കാറ്റ് അടിക്കുന്നത് ചന്ദ്രമൗലിക്ക് വലിയ ഇഷ്ടമാണ്. ഞാന്‍ അമിത വേഗതയില്‍ ബൈക്ക് ഓടിക്കാറില്ല. അവള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡോഗി ഗോഗിള്‍സ് അഥവാ ഡോഗിള്‍സ് വെച്ചാണ് മിക്ക യാത്രയും- ചന്ദ്രമൗലിക്കൊപ്പമുള്ള യാത്രയെ കുറിച്ച് ഗൗതം പറയുന്നു.

2015ല്‍ വിവാഹത്തിനു ശേഷമാണ് ഗൗതമിന് ചന്ദ്രമൗലിയെ തെരുവില്‍ നിന്നും ലഭിക്കുന്നത്. യാത്രയോടുള്ള ഇഷ്ടം നായയോടുമുള്ളതിനാല്‍ ഇതുരണ്ടും കോര്‍ത്തിണക്കി ചന്ദ്രമൗലിക്കൗപ്പം ബൈക്ക് റൈഡിംഗ് തുടങ്ങാന്‍ ഗൗതം തീരുമാനിക്കുകയായിരുന്നു. ചന്ദ്രമൗലി ചെറിയ നായ്ക്കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ചെറിയ റൈഡുകളില്‍ ഒപ്പം കൂട്ടിയിരുന്നതായും ഗൗതം പറയുന്നു. തന്റെ സാഹസിക യാത്രകള്‍ ഏറ്റവും അടുത്ത ചങ്ങാതിക്കും ലഭിക്കണമെന്ന ചിന്ത ഇതിനു കാരണമായി. റൈഡിംഗിനായി തയാറെടുത്താല്‍ ബജാജ് അവെഞ്ചറിലെ കാരിയര്‍ ബോക്‌സില്‍ നല്ല പതുപതുത്ത മെത്തയാണ് ചന്ദ്രമൗലിക്ക് കിടക്കാനായി ഒരുക്കുന്നത്. യാത്രയ്ക്ക് പോകാന്‍ അവള്‍ക്കും അത്യുല്‍സാഹം തന്നെ. ചെറിയ റൈഡുകളില്‍ നിന്ന് തുടങ്ങി യാത്രയുടെ ദൂരം സാവധാനം വര്‍ധിപ്പിച്ചുള്ള പരിശീലനമാണ് നല്‍കിയിരുന്നത്. ഒറ്റയ്ക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ഗൗതം ചന്ദ്രമൗലിക്കൊപ്പമാണേല്‍ 80 കടക്കാന്‍ സമ്മതിക്കാറില്ല. യാത്രയുടെ ദൈര്‍ഘ്യവും ക്ഷീണവും വര്‍ധിപ്പിക്കുന്ന യാത്രയാണെങ്കിലും തന്റെ ഉറ്റ ചങ്ങാതിയുടെ സുരക്ഷിതത്വമാണ് ഇവിടെ പ്രധാനം.

ചന്ദ്രമൗലിക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ വേഗത കുറയ്ക്കുക മാത്രമല്ല, യാത്ര സൗകര്യപ്രദമാക്കുന്നതിന് കൃത്യമായ ഇടവേളയെടുക്കാനും ഗൗതം മറക്കാറില്ല. 60മിനിട്ട് അഥവാ 90 മിനിട്ടില്‍ ഇടവേള നിര്‍ബന്ധമാക്കിയിട്ടുണ്ട്. നായ യാത്രയില്‍ ഉറങ്ങാത്തതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളില്‍ ചന്ദ്രമൗലിക്കൊപ്പം നടക്കാനും ഈ യുവാവ് സമയം കണ്ടെത്തും

കാഴ്ചകള്‍ കണ്ട് മടുപ്പില്ലാത്ത യാത്ര

ഹംപി-ഹാസന്‍- മൈസൂര്‍ യാത്രയാണ് അടുത്തിടെ ഇരുവരും ഒരുമിച്ച് നടത്തിയത്. പുരാതന സ്ഥലങ്ങളും അമ്പലങ്ങളും അവരുടെ കാഴ്ചകള്‍ക്ക് വിരുന്നേകി. ആ സ്ഥലത്തേക്കുള്ള വഴി ബുദ്ധിമുട്ടേറിയ ഒന്നല്ല. പക്ഷേ വളര്‍ത്തുനായയെ ഒപ്പം കൂട്ടിയുള്ള യാത്രയില്‍ റോഡ് യാത്രയിലെ ചില നിയമങ്ങള്‍ക്ക് അല്‍പസ്വല്‍പം മാറ്റം വരുമെന്നു മാത്രം. നാലുകാലുള്ള ചങ്ങാതിയെ ഒപ്പം കൂട്ടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കൂടും. എല്ലാവരും ചുറ്റിലുമെത്തി ചോദ്യങ്ങളും വിശേഷങ്ങളും തുടങ്ങും. ചുരുക്കത്തില്‍ ചെറിയ തോതില്‍ ഒരു സ്റ്റാര്‍ ആകുമെന്നു ചുരുക്കം.

യാത്രയില്‍ ഹൈവേയിലുള്ള ഒട്ടുമിക്ക ധാബകളും മൃഗസൗഹാര്‍ദ്ദതയുള്ളവയാണെന്നാണ് ഗൗതമിന്റെ അഭിപ്രായം. യാത്രയുടെ സുഖവും കൂടുതല്‍ അനുഭവങ്ങളും ഉണ്ടാകുന്നത് പ്രദേശവാസികളുമായി അടുത്തിടപെഴകുമ്പോഴും അവരോടുള്ള സംസാരത്തിലൂടെയുമാണ്. ചന്ദ്രമൗലിക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ ആളുകളോട് സംസാരിക്കണമെന്ന് ചിന്തിച്ചു തുടങ്ങുന്നതിന് മുമ്പായി അവര്‍ സംസാരിച്ചു തുടങ്ങും എന്നതാണ് പ്രത്യേകത- ഗൗതം പറയുന്നു. നാല് ദിവസം നീണ്ടു നിന്ന യാത്രയായിരുന്നു അത്. ഇത് ആദ്യത്തെ യാത്രയല്ല, ഇന്ത്യയില്‍ പല ഭാഗത്തേക്കും റൈഡിംഗ് നടത്തി പ്രഗല്‍ഭരായിരിക്കുകയാണ് ഈ സഞ്ചാരികള്‍. ബൈക്ക് യാത്രയില്‍ ചന്ദ്രമൗലി ഒരിക്കലും ഉറങ്ങാറില്ല എന്നതാണ് ഗൗതം എടുത്തു പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം.

യാത്രകള്‍ ദീര്‍ഘമേറിയതായതിനാല്‍ നായ്ക്കള്‍ക്കുള്ള പ്രത്യേക ആഹാരത്തിനൊപ്പം ചോറ് കൂടി കലര്‍ത്തിയാണ് ചന്ദ്രമൗലിക്ക് നല്‍കാറുള്ളത്. യാത്രകളില്‍ ക്ഷീണമുണ്ടാകുന്നതിനാല്‍ കൂടുതല്‍ പോഷകാഹാരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ ശ്രമിക്കണമെന്നും ഗൗതം പറയുന്നു.

യാത്രകളില്‍ കൃത്യമായ ഇടവേളകള്‍

ചന്ദ്രമൗലിക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ വേഗത കുറയ്ക്കുക മാത്രമല്ല, യാത്ര സൗകര്യപ്രദമാക്കുന്നതിന് കൃത്യമായ ഇടവേളയെടുക്കാനും ഗൗതം മറക്കാറില്ല. 60മിനിട്ട് അഥവാ 90 മിനിട്ടില്‍ ഇടവേള നിര്‍ബന്ധമാക്കിയിട്ടുണ്ട്. നായ യാത്രയില്‍ ഉറങ്ങാത്തതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളില്‍ ചന്ദ്രമൗലിക്കൊപ്പം നടക്കാനും ഈ യുവാവ് സമയം കണ്ടെത്തും.

നായകളുടെ സുഗമമായ സഞ്ചാരം സാധ്യമാക്കുന്നതിനു വേണ്ടി ഗൗതം രൂപം നല്‍കിയ പ്രസ്ഥാനമാണ് പെറ്റ്ഫാട്ടി. 25 കിലോഗ്രാം വരെ ഭാരമുള്ള നായ, പൂച്ച എന്നിവയെ ആശുപത്രികളിലെത്തിക്കാനും മറ്റും ഈ പ്രസ്ഥാനത്തിന്റെ സഹായം തേടാവുന്നതാണ്. ഇവരുടെ സേവനത്തിന് പ്രത്യേക നിരക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ദൂരം അനുസരിച്ചുള്ള പെട്രോള്‍ വില മാത്രം നല്‍കിയാല്‍ മതിയാകും

യാത്രകളില്‍ പലരും കൗതുകത്തോടെ ചോദിക്കുന്ന ഒരേയൊരു ചോദ്യം ചന്ദ്രമൗലി ഏത് ബ്രീഡ് ആണെന്നുള്ളതാണ്. ഇതൊരു ഇന്ത്യന്‍ നായ ആണെന്ന് എത്ര പറഞ്ഞാലും ആളുകള്‍ വിശ്വസിക്കാറില്ല, ഉത്തരം പറഞ്ഞു മടുത്തിരിക്കുന്നു- ഗൗതം പറയുന്നു. യാത്രയ്ക്ക് പുറപ്പെടാന്‍ അവളുടെ പാത്രത്തിനൊപ്പം പെഡിഗ്രി, ചിക്കന്‍-ലിവര്‍ ഗ്രേവി പായ്ക്കറ്റ്, ഡോഗിള്‍സ് എന്നിവയെല്ലാം കൃത്യമായി ഗൗതം കരുതിയിരിക്കും. മെഡിക്കറ്റ് കിറ്റുകള്‍ എടുക്കാറില്ല. കൃത്യമായ വാക്‌സിനേഷന്‍ സമയത്തു തന്നെ ചന്ദ്രമൗലിക്ക് കൊടുക്കാറുണ്ട്. നായകള്‍ക്ക് നിരോധനമില്ലാത്ത മിക്ക ആരാധനാലയങ്ങളിലും ഇവര്‍ ഒരുമിച്ച് കയറും. ചില ആരാധനാലയങ്ങളില്‍ പൂജ സമയത്ത് പ്രവേശനം അനുവദിക്കാറില്ല, ഇത്തരം സ്ഥലങ്ങളില്‍ ആളുകളുടെ വിശ്വാസം തകര്‍ക്കാത്ത വിധത്തിലാണ് ഈ സഞ്ചാരികളുടെ യാത്ര.

പെറ്റ്ഫാട്ടിയുടെ തുടക്കം

നായകളുടെ സുഗമമായ സഞ്ചാരം സാധ്യമാക്കുന്നതിനു വേണ്ടി ഗൗതം രൂപം നല്‍കിയ പ്രസ്ഥാനമാണ് പെറ്റ്ഫാട്ടി. നായകള്‍ക്കായുള്ള ആംബുലന്‍സ് സര്‍വീസ് എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. 25 കിലോഗ്രാം വരെ ഭാരമുള്ള നായ, പൂച്ച എന്നിവയെ ആശുപത്രികളിലെത്തിക്കാനും മറ്റും ഈ പ്രസ്ഥാനത്തിന്റെ സഹായം തേടാവുന്നതാണ്. ഇവരുടെ സേവനത്തിന് പ്രത്യേക നിരക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ദൂരം അനുസരിച്ചുള്ള പെട്രോള്‍ വില മാത്രം നല്‍കിയാല്‍ മതിയാകും. അപകടത്തില്‍ പെടുന്ന തെരുവുനായ്ക്കളെ രക്ഷിക്കാനും സ്വന്തം ചെലവില്‍ ചികില്‍സിക്കാനും തയാറാകുന്ന നിരവധി മനുഷ്യര്‍ നമുക്കിടയിലുണ്ട്. അവര്‍ക്കൊപ്പം തന്നാലാവുന്ന സഹായം നല്‍കിയാണ് ഗൗതം ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകുന്നത്. ബെംഗളൂരില്‍ സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജ് വഴി സഹായം ലഭ്യമാക്കാം.

Comments

comments

Categories: FK Special, Slider