റീട്ടെയ്ല്‍ സഖ്യത്തിനുള്ള സാധ്യതകള്‍ തേടി ഫ്യൂച്ചര്‍ ഗ്രൂപ്പ്

റീട്ടെയ്ല്‍ സഖ്യത്തിനുള്ള സാധ്യതകള്‍ തേടി ഫ്യൂച്ചര്‍ ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് റീട്ടെയ്‌ലര്‍ ആണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്

മുംബൈ: ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ ഏകീകരണ നടപടികളിലൂടെ ബിസിനസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതകള്‍ തേടുകയാണ് കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ്. റീട്ടെയ്ല്‍ രംഗത്തെ വമ്പന്‍മാരുമായുള്ള സഹകരണത്തിലൂടെ വിപണിയില്‍ തങ്ങളുടെ നേതൃത്വം ശക്തമാക്കാനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതിനായി ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ ഏറ്റെടുക്കല്‍, പങ്കാളിത്ത ബിസിനസ്, ഓഹരി നിക്ഷേപത്തിലൂടെ ഒരു സംയുക്ത സംരംഭം രൂപികരിക്കുക തുടങ്ങിയ അവസരങ്ങളാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് പരിഗണിക്കുന്നതെന്ന് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കിഷോര്‍ ബിയാനി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കിഷോര്‍ ബിയാനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് റീട്ടെയ്‌ലര്‍ ആണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് എന്നീ ലിസ്റ്റഡ് റീട്ടെയ്ല്‍ കമ്പനികളാണ് ഗ്രൂപ്പിന് കീഴിലുള്ളത്. കമ്പനിയുടെ വളര്‍ച്ച തുടരുന്നതിനായി ആമസോണ്‍, ഫഌപ്കാര്‍ട്ട്, ഗൂഗിള്‍, ആലിബാബ ഗ്രൂപ്പ്, ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ്, ജപ്പാന്‍ കമ്പനിയായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് എന്നിങ്ങനെയുള്ള വമ്പന്‍ റീട്ടെയ്‌ലര്‍മാരുമായും ടെക് കമ്പനികളുമായും സ്ട്രാറ്റജിക് നിക്ഷേപകരുമായും സഹകരമുറപ്പിക്കാനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് നോക്കുന്നതെന്നും ബിയാനി അറിയിച്ചു.

ചെറുകിട സ്റ്റോറുകളുടെ ബിസിനസിനായി ഒരു സംയുക്ത സംരംഭം ആരംഭിക്കുന്നതിനുള്ള സാധ്യതകളും ഗ്രൂപ്പ് തേടുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഈസിഡേ, ഹെറിറ്റേജ് ബ്രാന്‍ഡുകളിലായി 832 ചെറുകിട സ്റ്റോറുകളാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനുള്ളത്. റീട്ടെയ്ല്‍ രംഗത്ത് കമ്പനിയുടെ വരുമാനത്തില്‍ 12 ശതമാനം സംഭാവന ചെയ്യുന്നത് ഈ സ്‌റ്റോറുകളാണ്. ഒരു ഫ്യൂച്ചര്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് കമ്പനിയില്‍ തന്ത്രപരമായ ന്യൂനപക്ഷ നിക്ഷേപം തേടുന്നതിനും ഗ്രൂപ്പ് നോക്കുന്നുണ്ട്. സ്ട്രാറ്റജിക് നിക്ഷേപകന് ഹോള്‍ഡിംഗ് കമ്പനിയില്‍ 20-49 ശതമാനം ഓഹരിഅവകാശം ലഭിക്കും. ഒരു നിശ്ചിത കാലയളവിലേക്ക് കമ്പനിയുടെ നടത്തിപ്പവകാശവും വിട്ടു നല്‍കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തിലുള്ള ഏകീകരണ പ്രവര്‍ത്തനങ്ങളില്‍ കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ ഏകീകരണം ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും കിഷോര്‍ ബിയാനി വിശദീകരിച്ചു.

സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസ് വിഭാഗത്തില്‍ ഹൈപ്പര്‍സിറ്റി, നില്‍ഗിരിസ്, ഹെറിറ്റേജ്, സന്‍ഗം ഡയറക്റ്റ്, ബിഗ് ആപ്പിള്‍, ഡബ്ല്യുഎച്ച് സ്മിത്ത് തുടങ്ങിയ സംരംഭങ്ങളെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച (ജിഡിപി) 7-8 ശതമാനത്തിലേക്കെത്തുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഉപഭോഗം 15-20 ശതമാനം വര്‍ധിക്കുമെന്നും ഒന്നില്‍ കൂടുതല്‍ വന്‍കിട കമ്പനികളെ ഉള്‍കൊള്ളുന്നതിനാവശ്യമായ അവസരങ്ങള്‍ ഇന്ത്യന്‍ വിപണിയിലുണ്ടാകുമെന്നും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സംരംഭമായ മേത്ത കാപ്പിറ്റല്‍ അഡ്വസൈഴേസ് എല്‍എല്‍പി സിഇഒ പങ്കജ് ജാജു അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy