ഇന്ത്യന്‍ വിപണില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ഇന്ത്യന്‍ വിപണില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം

കര്‍ണാടകയിലെ തെരഞ്ഞെടുപ്പും പിന്‍വലിക്കലുകള്‍ക്ക് കാരണമായി

ന്യൂഡെല്‍ഹി: കഴിഞ്ഞ എട്ട് വ്യാപാര സെഷനുകളിലായി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും പിന്‍വലിച്ചത് 126.71 ബില്യണ്‍ രൂപ (2 ബില്യണ്‍ ഡോളര്‍). രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ബോണ്ട് നിക്ഷേപത്തിലുണ്ടായ വരുമാന വര്‍ധനയുമാണ് പ്രധാനമായും ഇന്ത്യന്‍ മൂലധന വിപണിയില്‍ പ്രതിഫലിച്ചത്.

ഏപ്രിലില്‍ ഓഹരി വിപണിയിലും കടപത്ര വിപണിയില്‍ നിന്നുമായി 155 ബില്യണ്‍ രൂപയിലുമധികം നിക്ഷേപം വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചിരുന്നു. 16 മാസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്. ഏറ്റവും പുതിയ ഡെപ്പോസിറ്ററി വിവരങ്ങള്‍ അനുസരിച്ച് ഈ മാസം 2 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായി മൊത്തം 40.30 ബില്യണ്‍ രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ 86.41 ബില്യണ്‍ രൂപയുടെ നിക്ഷേപം ഡെറ്റ് വിപണിയില്‍ നിന്നും നിക്ഷേപര്‍ പിന്‍വലിച്ചു. ഈ വര്‍ഷം ഇതുവരെ ഓഹരികളില്‍ നിന്ന് 44 ബില്യണ്‍ രൂപയിലധികം നിക്ഷേപവും ഡെറ്റ് വിപണിയില്‍ നിന്നും 190 ബില്യണ്‍ രൂയിലധികം നിക്ഷേപവുമാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കു മുന്‍പ് ലാഭം കണ്ടെത്താനുള്ള ശ്രമങ്ങളും നിക്ഷേപകരെ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നതിലേക്ക് നയിക്കുന്നുണ്ടെന്ന് റിലയന്‍സ് സെക്യൂരിറ്റീസില്‍ നിന്നുള്ള റിസര്‍ച്ച് മേധാവി രാകേഷ് താര്‍വേ പറഞ്ഞു. യുഎസും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങളെയും കര്‍ണാടക തെരഞ്ഞെടുപ്പിനെയും വിപണികള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി പ്രഭുദാസ് ലില്ലാദര്‍ സിഇഒ അജയ് ബോഡ്‌കേയും നിരീക്ഷിക്കുന്നു.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്നുള്ള യുഎസിന്റെ ഏകപക്ഷീയമായ പിന്മാറ്റവും ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കാനുള്ള നീക്കവും വിപണികളെ ആശങ്കയിലാക്കുന്നുണ്ട്. ഇറാനെതിരെ യുഎസ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുന്നത് എണ്ണ വിതരണം കുറയ്ക്കാനും ക്രൂഡ് ഓയില്‍ വില കുതിച്ചുയരാനും ഇടയാക്കുമെന്ന് അജയ് ബോഡ്‌കേ പറഞ്ഞു. ആഗോള തലത്തിലെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യമാണ് ഇറാന്‍. ഇറാനില്‍ നിന്നുള്ള എണ്ണയുടെ വിതരണം കുറയുന്നത് ഇന്ത്യ അടക്കമുള്ള എല്ലാ എണ്ണ ഇറക്കുമതി രാജ്യങ്ങളെയും ബാധിക്കും.

Comments

comments

Categories: Slider, Top Stories