പുതുതലമുറ ഗെയിം മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: സച്ചിന്‍ ബന്‍സാല്‍

പുതുതലമുറ ഗെയിം മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: സച്ചിന്‍ ബന്‍സാല്‍

ന്യൂഡല്‍ഹി: വാള്‍മാര്‍ട്ട്-ഫ്‌ളിപ്കാര്‍ട്ട് കരാറായതോടെ, കമ്പനിയില്‍നിന്നും പുറത്തുകടക്കുന്ന ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ പുതുതലമുറ ഗെയിം (മൊബൈല്‍, വീഡിയോ ഗെയിം) വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നറിയിച്ചു. അതിനു പുറമേ കോഡിംഗിലുള്ള തന്റെ വൈദഗ്ധ്യം പൊടി തട്ടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐഐടിയില്‍ പഠിച്ച ബിരുദധാരിയായതിനാല്‍ അടിസ്ഥാനപരമായി കമ്പ്യൂട്ടര്‍ കോഡിംഗില്‍ വൈദഗ്ധ്യം ഉള്ള വ്യക്തിയാണു സച്ചിന്‍ ബന്‍സാല്‍. തീര്‍പ്പാക്കാത്ത ഏതാനും ചില പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സമയം ചെലവഴിക്കുമ്പോഴും ഗെയിം, കോഡിംഗ് സ്‌കില്‍ വികസിപ്പിക്കല്‍ എന്നിവയുമായി മുന്നേറാനാണു തീരുമാനമെന്ന് സച്ചിന്‍ ബന്‍സാല്‍ അറിയിച്ചു. ബുധനാഴ്ച ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ചയായിരുന്നു ഫഌപ്കാര്‍ട്ടിന്റെ 77 % ഓഹരിയില്‍ യുഎസ് ചില്ലറ വ്യാപാരിയായ വാള്‍മാര്‍ട്ട് നിക്ഷേപം നടത്തിയത്. 16 ബില്യന്‍ യുഎസ് ഡോളറിന്റേതായിരുന്നു നിക്ഷേപം. ഇതോടെ 11 വര്‍ഷം മാത്രം പ്രായമുള്ള ഫഌപ്കാര്‍ട്ടിന്റെ മൂല്യം 20.8 ബില്യന്‍ ഡോളറായി ഉയരുമെന്നും കണക്കാക്കുന്നുണ്ട്.

ഐഐടിയില്‍നിന്നും ബിരുദം നേടിയ ഹരിയാനക്കാരായ സച്ചിന്‍ ബന്‍സാലും, ബിന്നി ബന്‍സാലും 2007-ലായിരുന്നു ബെംഗളുരു ആസ്ഥാനമായി ഫഌപ്കാര്‍ട്ട് ആരംഭിച്ചത്. ഫ്‌ളിപ്കാര്‍ട്ട് ആദ്യം ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് ഇലക്ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള വിവിധ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായി മാറി. ഫ്‌ളിപ്കാര്‍ട്ടിനു തുടക്കമിടുന്നതിനു മുന്‍പ് സച്ചിനും, ബിന്നിയും ആമസോണില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ വച്ചാണ് ഇരുവരും സുഹൃത്തുക്കളായതും.

Comments

comments

Categories: FK Special, Slider