ഫിലിം റിവ്യു – മഹാനടി (തെലുങ്ക്, തമിഴ്)

ഫിലിം റിവ്യു – മഹാനടി (തെലുങ്ക്, തമിഴ്)

സംവിധാനം: നാഗ് അശ്വിന്‍
അഭിനേതാക്കള്‍: കീര്‍ത്തി സുരേഷ്,ദുല്‍ഖര്‍ സല്‍മാന്‍, പ്രകാശ് രാജ്, ശാലിനി റെഡ്ഢി, രാജേന്ദ്ര പ്രസാദ്.
ദൈര്‍ഘ്യം: 2 മണിക്കൂര്‍, 56 മിനിറ്റ്

ഒരു ഐതിഹാസിക പ്രശസ്തി നേടിയ വ്യക്തിയുടെ കഥ മിഴിവോടെ സ്‌ക്രീനില്‍ അവതരിപ്പിക്കുകയെന്നത് എളുപ്പമല്ല. പക്ഷേ, സംവിധായകന്‍ നാഗ് അശ്വിന്‍, മഹാനടി എന്ന ചിത്രത്തിലൂടെ അത് ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. 1950-60-70 കളില്‍ തമിഴ്, തെലുങ്ക് സിനിമാലോകത്ത് തരംഗം സൃഷ്ടിച്ച സാവിത്രി എന്ന അഭിനേത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമയാണു മഹാനടി. ഈ വര്‍ഷം ഏറ്റവുമധികം ആകാംഷയോടെ കാത്തിരുന്ന സിനിമകളില്‍ ഒന്നു കൂടിയായിരുന്നു മഹാനടി.

നമ്മളില്‍ പലരും സാവിത്രിയുടെ സിനിമകള്‍ കണ്ടവരായിരിക്കാം, ചിത്രങ്ങളെക്കുറിച്ചും അവരുടെ അഭിനയപാടവത്തെക്കുറിച്ചും കേള്‍ക്കുകയും ചെയ്തിട്ടുണ്ടാവാം. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികമൊന്നും ആര്‍ക്കും അറിവുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ മഹാനടിയില്‍ സാവിത്രിയുടെ കുട്ടിക്കാലം മുതല്‍ ദുരന്തമായി തീര്‍ന്ന അവസാനം വരെയുള്ള ജീവിതം ചിത്രീകരിച്ചിരിക്കുന്നു. സംവിധായകന്‍ നാഗ് അശ്വിന്‍ സാവിത്രിയുടെ ജീവിതത്തെ വരച്ചുകാണിക്കാന്‍ എത്രത്തോളം ഗവേഷണം നടത്തിയിരുന്നെന്നു ചിത്രം വീക്ഷിച്ചു കഴിയുമ്പോള്‍ മനസിലാകും. സിനിമ ഒരേസമയം വിനോദകരവും, രസകരവുമാക്കുന്നതിനൊപ്പം, കഥയോടു സത്യസന്ധത പുലര്‍ത്താന്‍ സംവിധായകനു സാധിച്ചിരിക്കുന്നു.
സാവിത്രിയുടെ ജീവിതം വീണ്ടും പറയുന്നു എന്നതിനേക്കാള്‍ ഈ ചിത്രം, സാവിത്രി എപ്രകാരമുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന പഠനം കൂടിയാണ്.

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴാണു സാവിത്രി, കുടുംബജീവിതം നയിക്കുന്ന ജെമിനി ഗണേശനുമായി പ്രണയത്തിലാകുന്നതും വിവാഹിതയായതും. ഈ സംഭവത്തോടെ, ചിലര്‍ സാവിത്രിയെ കുടുംബകലക്കിയെന്നു വിളിച്ചു. എന്നാല്‍ വളരെ ദയാലുവായിരുന്നു സാവിത്രിയെന്നു പറയുന്നവരുമുണ്ട്.
മഹാനടിയില്‍ സാവിത്രിയായി വേഷമിട്ടിരിക്കുന്നതു മലയാളിയായ കീര്‍ത്തി സുരേഷാണ്. അഭിനയ ലോകത്ത് വളരെ ചെറുപ്രായത്തില്‍തന്നെ പ്രവേശിക്കുകയാണു സാവിത്രി. തമിഴിലെ പ്രമുഖ നടനായ ജമിനി ഗണേശനുമായി (ദുല്‍ഖര്‍ സല്‍മാന്‍) സാവിത്രി പ്രണയത്തിലാകുന്നു. നിര്‍മാതാവ് ചക്രപാണിയുടെ (പ്രകാശ് രാജ്), ഉപദേശം വകവയ്ക്കാതെ സാവിത്രി, ജമിനി ഗണേശനെ വിവാഹം കഴിക്കുന്നു. വിവാഹിതനായി കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചതോടെ സാവിത്രിയുടെ ജനപ്രീതിക്കു കോട്ടം തട്ടുന്നു. അധികം താമസിയാതെ തന്നെ, അവരുടെ വ്യക്തിജീവിതവും അസ്വസ്ഥമാകുന്നു. ആശ്വാസം കണ്ടെത്താന്‍ മദ്യത്തിന് അടിമപ്പെടുന്നു. പത്രപ്രവര്‍ത്തകയായ മധുരവാണിയുടെ (സാമന്ത) വീക്ഷണകോണില്‍നിന്നാണു മഹാനടിയുടെ കഥ പറയുന്നത്.

50,60,70-കളില്‍ ജനപ്രിയയായിരുന്ന ഒരു അഭിനേത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രമെടുക്കാന്‍ യുവസംവിധായകനും, നിര്‍മാതാവും രംഗത്തുവന്നു എന്നത് തന്നെ ആരിലും അമ്പരപ്പുളവാക്കും. മായാബസാര്‍, ദേവദാസു, മിസമ്മ എന്നീ ക്ലാസിക് ചിത്രങ്ങളില്‍നിന്നുള്ള മഹത്തായ അഭിനയ മുഹൂര്‍ത്തങ്ങളുടെ ആധികാരികമായ ദൃശ്യങ്ങള്‍ മഹാനടിയില്‍ കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ജെമിനി ഗണേശനും സാവിത്രിയും തമ്മിലുള്ള പ്രണയത്തിന്റെ മാധുര്യം പകര്‍ത്തിയെടുക്കാന്‍ സംവിധായകനു സാധിച്ചിട്ടുണ്ട്. സാവിത്രിയിലൂടെ സംവിധായകന്‍ പ്രേക്ഷകരെ വികാരഭരിതമായൊരു യാത്രയിലേക്കു കൂട്ടിക്കൊണ്ടു പോവുകയാണ്.

ജെമിനി ഗണേശനെ പോസിറ്റീവായി അവതരിപ്പിക്കുന്നതില്‍ മാത്രമാണ്, കലാകാരനെന്ന നിലയിലുള്ള സ്വാതന്ത്ര്യം സംവിധായകന്‍ ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മിക്കവാറും ലേഖനങ്ങളില്‍ സാവിത്രിയുടെ ജീവിതത്തിലെ വില്ലനായി അവതരിപ്പിച്ചിരിക്കുന്നത് ജെമിനി ഗണേശനെയാണെന്നത് മറ്റൊരു വസ്തുത.

സാവിത്രിയായുള്ള കീര്‍ത്തി സുരേഷിന്റെ വേഷമാണു ചിത്രത്തിന്റെ ആത്മാവ്. പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്നുണ്ട് കീര്‍ത്തിയുടെ പ്രകടനം. ജെമിനി ഗണേശനായുള്ള ദുല്‍ഖറിന്റെ വേഷവും എടുത്തുപറയേണ്ടതാണ്. മാധ്യമപ്രവര്‍ത്തകയായുള്ള സാമന്തയുടെ വേഷം ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്നുണ്ട്. മുന്‍നിര അഭിനേതാക്കള്‍ക്കു കരുത്ത് പകരുന്നുണ്ട് പ്രകാശ് രാജിന്റെ ചക്രപാണിയെന്ന കഥാപാത്രം.

അര്‍ഥവത്തായ, ജീവനുള്ള സംഭാഷണങ്ങളാണു ചിത്രത്തില്‍ ബുര സായ് മാധവിന്റേത്. മിക്കി ജെ. മേയറുടെ സംഗീതവും, പശ്ചാത്തലസംഗീതവും ചിത്രത്തിനു മുതല്‍ക്കൂട്ട് തന്നെയാണ്. തീര്‍ച്ചയായും മഹാനടി കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്.

Comments

comments

Categories: FK Special, Movies, Slider