എക്‌സ്‌പോ 2020 ദുബായ് സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകുമെന്ന് ഐഎംഎഫ്; വളര്‍ച്ച 4.2 ശതമാനം

എക്‌സ്‌പോ 2020 ദുബായ് സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകുമെന്ന് ഐഎംഎഫ്; വളര്‍ച്ച 4.2 ശതമാനം

എക്‌സ്‌പോ 2020യോട് അനുബന്ധിച്ചുള്ള ചെലവിടല്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയനിധി. വാറ്റ് നടപ്പാക്കല്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചില്ലെന്നും ഐഎംഎഫ്

ദുബായ്: ദുബായ് സമ്പദ് വ്യവസ്ഥ 2019ല്‍ 4.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യുടെ യുഎഇ മിഷന്‍ മേധാവി നതാലിയ തമിരിസ. ലോകം കാത്തിരിക്കുന്ന റീട്ടെയ്ല്‍ മഹാമേളയായ എക്‌സ്‌പോ 2020യോട് അനുബന്ധിച്ച് അടിസ്ഥാനസൗകര്യമേഖലയിലടക്കം വരുന്ന ചെലവിടലാണ് സാമ്പത്തികരംഗത്തിന് കുതിപ്പേകുക.

2017ല്‍ ദുബായുടെ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച 2.8 ശതമാനമായിരുന്നു. അബുദാബിയുടെ എണ്ണ ഇതര ജിഡിപി 2018ല്ഡ വളര്‍ന്നത് 1.8 ശതമാനമായിട്ടാണ്. 2019ല്‍ ഇത് 3.3 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്-അവര്‍ പറഞ്ഞു.

അഞ്ച് ശതമാനം വാറ്റ്(മൂല്യവര്‍ധിത നികുതി) അടുത്തിടെയാണ് യുഎഇ നടപ്പിലാക്കിയത്. എന്നാല്‍ പ്രശ്‌നങ്ങളില്ലാത്ത രീതിയില്‍ നികുതി പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാരിനായതായും മികച്ച രീതിയിലാണ് അതിനെ മാനേജ് ചെയ്തതെന്നും ബിസിനസുകളുടെ വാറ്റിലേക്കുള്ള മാറ്റം സുഗമമായിരുന്നുവെന്നും അവര്‍ നതാലിയ പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് വാര്‍ഷിക ഉപഭോക്തൃവില പണപ്പെരുപ്പം ജനുവരിയില്‍ 4.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2015ന് ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ച്ചയായിരുന്നു അത്. എന്നാല്‍ മാര്‍ച്ച് മാസമെത്തിയപ്പോഴേക്കും അത് 3.4 ശതമാനമായി കുറഞ്ഞു.

വാറ്റിന്റെ ചെറിയ പ്രത്യാഘാതങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നും ഐഎംഎഫ് മിഷന്‍ ചീഫ് ചൂണ്ടിക്കാട്ടി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജിഡിപിയുടെ 1.5 ശതമാനം വരുമാനം നേടാന്‍ വാറ്റിലൂടെ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം 2020ല്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ ദുബായിലും യുഎഇയിലാകെയും വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് തന്നെയാണ് ഐഎംഎഫ് ഉള്‍പ്പടെ മിക്ക സ്ഥാപനങ്ങളുടെയും വിലയിരുത്തല്‍.

ആറു മാസം ദൈര്‍ഘ്യമുള്ള വേള്‍ഡ് എക്‌സ്‌പോ 1996 മുതല്‍ എല്ലാ അഞ്ചു വര്‍ഷവുമാണ് നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിന് വലിയ പ്രാധാന്യമാണ് ബിസിനസ് ലോകം കല്‍പ്പിക്കുന്നത്

ബ്യൂറോ ഒഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സിന്റെ മേല്‍നോട്ടത്തിലാണ് 2020ല്‍ ദുബായില്‍ അന്തര്‍ദേശീയ എക്‌സിബിഷനാണ് എക്‌സ്‌പോ 2020 നടക്കുക. ബ്യൂറോ ഒഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സ് രണ്ട് തരത്തിലുള്ള എക്‌സ്‌പോകളാണ് സംഘടിപ്പിക്കാറുള്ളത്. വേള്‍ഡ് എക്‌സ്‌പോയും സ്‌പെഷല്‍ ഇന്റര്‍നാഷണല്‍ എക്‌സ്‌പോയും. ഇതില്‍ സ്‌പെഷല്‍ ഇന്റര്‍നാഷണല്‍ എക്‌സ്‌പോ എല്ലാ മൂന്നു വര്‍ഷവുമാണ് നടത്തുക ഇതിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. ആറു മാസം ദൈര്‍ഘ്യമുള്ള വേള്‍ഡ് എക്‌സ്‌പോ 1996 മുതല്‍ എല്ലാ അഞ്ചു വര്‍ഷവുമാണ് നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിന് വലിയ പ്രാധാന്യമാണ് ബിസിനസ് ലോകം കല്‍പ്പിക്കുന്നത്.

ദുബായില്‍ 2020ല്‍ നടക്കാനിരിക്കുന്നത് വേള്‍ഡ് എക്‌സ്‌പോയാണ്. 2010 ലെ എക്‌സ്‌പോ ചൈനയിലെ ഷാംഗ്ഹായ് നഗരത്തിലാണ് നടന്നത്. 2015ലെ എക്‌സ്‌പോ നടത്താനുള്ള അവകാശം ഇറ്റലിയിലെ മിലാന്‍ നഗരമാണ് നേടിയത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ഈ എക്‌സിബിഷനില്‍ കല, ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സിന്റെ വാക്കുകളില്‍ മനുഷ്യപ്രയത്‌നങ്ങളുടെ ഒരു പ്രദര്‍ശന വേദിയാണീ അന്തര്‍ദേശീയ എക്‌സ്‌പോ. ഇതിന്റെ ഏറ്റവും മികവുറ്റ രീതിയില്‍ അവതരിപ്പിക്കാനാണ് ദുബായ് സര്‍ക്കാരിന്റെ ശ്രമം. ലോകം ഇതുവരെ കാണാത്ത രീതിയില്‍ പ്രകൃതി സൗഹൃദമായും ബിസിനസ് കുതിപ്പേകുന്ന തരത്തിലുമാകും എക്‌സ്‌പോ നടക്കുകയെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ദുബായ്. മനസുകളെ ബന്ധിപ്പിക്കുക, ഭാവിയെ സൃഷ്ടിക്കുക എന്നതാണ് എക്‌സ്‌പോ 2020യുടെ ആപ്താവക്യം. ആഗോള പൗരനായി മനുഷ്യരെ ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.

Comments

comments

Categories: Arabia